ഇന്നു മുതല്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍; പിഴ ആദ്യം 10,000, പിന്നീട് 25,000, 50,000

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നു മുതല്‍ പിഴ ഈടാക്കും.
നിരോധനം ഈ മാസം ഒന്നു മുതല്‍ നിലവില്‍ വന്നുവെങ്കിലും പിഴ ഈടാക്കല്‍ 15 ദിവസത്തേക്കു നീട്ടിയിരുന്നു. കലക്ടര്‍മാര്‍, സബ് കലക്ടര്‍മാര്‍, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണു നിരോധനം നടപ്പാക്കാനുള്ള ചുമതല.
ആദ്യ നിയമലംഘനത്തിനു 10,000 രൂപയും ആവര്‍ത്തിച്ചാല്‍ 25,000 രൂപയും മൂന്നാം തവണയും ലംഘിച്ചാല്‍ 50,000 രൂപയും പിഴ ഈടാക്കും. ഒപ്പം സ്ഥാപനത്തിന്റെ പ്രവര്‍ത്താനുമതി റദ്ദാക്കും.
നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാന്‍ഡഡ് പ്ലാസ്റ്റിക് വസ്തുക്കളെ നിര്‍മാതാവിന്റെ ഉത്തരവാദിത്തത്തില്‍ (എക്സ്റ്റന്‍ഡഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി) നിരോധനത്തില്‍ നിന്ന് ഒഴിവാക്കി. ഇവയുടെ ഉല്‍പാദകരോ വിതരണക്കാരോ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി പ്ലാസ്റ്റിക് നീക്കം ചെയ്തു സംസ്‌കരിക്കണം എന്ന വ്യവസ്ഥയിന്മേലാണിത്.
നിരോധന ഉല്‍പന്നങ്ങളുടെ പട്ടിക ശുചിത്വ മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. http://sanitation.kerala.gov.in/kerala-plastic-ban/ എന്ന ലിങ്കില്‍ ഇവ ലഭ്യമാണ്. 0471 2319831, 2316730.
കംപോസ്റ്റബിള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാണെങ്കില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി നേടിയിരിക്കണം. ഉല്‍പന്നത്തില്‍ നിര്‍മാണ കമ്പനിയുടെ പേര്, വിപണന ഏജന്‍സി, അസംസ്‌കൃത വസ്തുക്കള്‍, നിര്‍മാണത്തീയതി, ബാച്ച് നമ്പര്‍, ലൈസന്‍സ് നമ്പര്‍ കാലാവധി എന്നീ വിവരങ്ങളടങ്ങിയ സിപിസിബിയുടെ അനുമതി ക്യുആര്‍ കോഡില്‍ രേഖപ്പെടുത്തിയിരിക്കണം.
സമ്പൂര്‍ണ കംപോസ്റ്റബിള്‍ ഉല്‍പന്നമാണെന്ന് ഇംഗ്ലിഷിലും മലയാളത്തിലും രേഖപ്പെടുത്തിയിരിക്കണം. ഉല്‍പന്നം ഡൈക്ലോറോമീഥെയ്‌നില്‍ (മെഥ്ലീന്‍ ഡൈക്ലോറൈഡ്) ലയിക്കുന്നതായിരിക്കണം.
താഴെ പറയുന്നവയാണ് നിരോധിച്ചവ:
പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ)
മേശ വിരിപ്പായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്
തെര്‍മോക്കോള്‍, സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകളും കപ്പുകളും
തെര്‍മോക്കോള്‍, സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കള്‍
ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്
ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് സ്പൂണ്‍, ഫോര്‍ക്ക്, സ്‌ട്രോ, ഡിഷുകള്‍ തുടങ്ങിയവ
പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, പേപ്പര്‍ ബൗള്‍, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ ബാഗുകള്‍
നോണ്‍ വൂവണ്‍ ബാഗുകള്‍
പ്ലാസ്റ്റിക് കൊടികള്‍
പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകള്‍, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍
500 മില്ലി ലീറ്ററിനു താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകള്‍, ബ്രാന്‍ഡഡ് അല്ലാത്ത ജ്യൂസ് ബോട്ടിലുകള്‍
പിവിസി ഫ്‌ലെക്‌സ് ഉല്‍പന്നങ്ങള്‍
പരിസ്ഥിതി വകുപ്പ് ഇവയ്ക്ക് പകരം നിര്‍ദേശിക്കുന്നവ താഴെ പറയുന്നു
തുണി, പേപ്പര്‍ ബാഗുകള്‍.
പേപ്പര്‍ വിരി.
ഗ്ലാസ്, സെറാമിക്, സ്റ്റീല്‍ കപ്പുകള്‍, പാത്രങ്ങള്‍, പേപ്പര്‍, ജൈവ രീതിയിലുള്ള അലങ്കാരങ്ങള്‍ എന്നിവ.
ഗ്ലാസ്, സെറാമിക്, സ്റ്റീല്‍, തടിക്കപ്പുകള്‍, സ്‌ട്രോ, സ്പൂണ്‍
തുണി, പേപ്പര്‍ കൊടിതോരണങ്ങള്‍.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റോടു കൂടിയ പിഎല്‍എ കോട്ടിങ്ങുള്ള പേപ്പര്‍ കപ്പുകള്‍
ആശുപത്രികളില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചവര്‍ ബാഗുകള്‍ക്കു പകരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ച കംപോസ്റ്റബിള്‍ ബാഗുകള്‍.
https://www.facebook.com/Malayalivartha


























