'ഭൂദാനം നവകേരള ഗ്രാമം' പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി : കവളപ്പാറയിലെ 67 കുടുംബങ്ങള്‍ക്കും വീട്

ഓഗസ്റ്റിലെ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നശിച്ച കവളപ്പാറയിലെ 67 കുടുംബങ്ങള്‍ക്കായി എടക്കര പോത്തുകല്ലില്‍ 'ഭൂദാനം നവകേരള ഗ്രാമം' ഒരുക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിക്ക് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ അനുമതി ലഭിച്ചു.
സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതി വഴി 9 ഏക്കറില്‍ വീടുകള്‍ നിര്‍മിക്കും.
നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ 59 ജീവനാണ് പൊലിഞ്ഞത്. അവശേഷിക്കുന്നവരെയെല്ലാം ഒരു കുടക്കീഴില്‍ എത്തിക്കുന്നു എന്നതാണു ഭൂദാനം നവകേരള ഗ്രാമത്തിന്റെ പ്രത്യേകത. പ്രളയ സഹായധനമായി കവളപ്പാറ നിവാസികള്‍ക്കു സര്‍ക്കാര്‍ നല്‍കേണ്ട തുക പദ്ധതിയില്‍ വിനിയോഗിക്കും. ഓരോ കുടുംബത്തിനും 10 സെന്റില്‍ ഭവനമൊരുക്കാനും ശേഷിക്കുന്ന ഭൂമിയില്‍ വായനശാല, കമ്യൂണിറ്റി സെന്റര്‍ എന്നിങ്ങനെ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാനുമാണ് ആലോചന. 3.38 കോടിയാണു ചെലവു പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. നിര്‍മാണ പ്രവൃത്തികള്‍ ജൂണിനു മുന്‍പായി പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.
കവളപ്പാറ നിവാസികള്‍ തന്നെയാണ് പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്ന പദ്ധതിക്കായി സ്ഥലം കണ്ടെത്തിയത്. പോത്തുകല്ല് ആനക്കല്ലിലെ 9 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ സ്ഥല ഉടമകള്‍ സമ്മതം അറിയിച്ചതോടെ ഗുണഭോക്താക്കളുടെ പട്ടിക സഹിതമുള്ള റിപ്പോര്‍ട്ട് മലപ്പുറം കലക്ടര്‍ കഴിഞ്ഞമാസം സര്‍ക്കാരിനു സമര്‍പ്പിച്ചു. കവളപ്പാറയില്‍ ഭവന നിര്‍മാണ പദ്ധതി ഏറ്റെടുക്കാന്‍ സഹകരണ വകുപ്പും നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























