കടവല്ലൂരില്‍ സ്വകാര്യ ബസും പാര്‍സല്‍ ലോറിയും കൂട്ടിയിടിച്ച് അപകടം... പത്ത് പേര്‍ക്ക് പരിക്ക്

ചൂണ്ടല്‍-കുറ്റിപ്പുറം സംസ്ഥാന പാതയിലെ കടവല്ലൂരില്‍ സ്വകാര്യ ബസും പാര്‍സല്‍ ലോറിയും കൂട്ടിയിടിച്ച് അപകടം.അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് സ്വദേശി ഫയസ് (22)നാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. എരമംഗലം വടാശേരി ചന്ദ്രന്‍ (45), അക്കിക്കാവ് പി.എസ്.എം ഡെന്റല്‍ കോളജ് വിദ്യാര്‍ഥി അക്ഷയ (21) എന്നിവരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. എടപ്പാളില്‍ നിന്ന് ഗുരുവായൂരിലേക്ക് വന്നിരുന്ന സംഗീത ബസാണ് അപകടത്തില്‍പ്പെട്ടത്.തൃശൂര്‍ ഭാഗത്ത് നിന്ന് മലപ്പുറം മഞ്ചേരിയിലേക്ക് ഹോം അപ്ലയന്‍സ് സാധനങ്ങള്‍ കൊണ്ടു പോയിരുന്ന പാര്‍സല്‍ ലോറി നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നു.
ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമായതെന്ന് കരുതുന്നു. സംഭവം അറിഞ്ഞ് കല്ലുപുറത്ത് നിന്ന് വാഹനങ്ങളില്‍ എത്തിയ പതിനഞ്ചോളം തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെയും പരിക്കേറ്റ ബസ് യാത്രക്കാരെയും അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍സല്‍ ലോറി ഡ്രൈവറെ വിദഗ്ധ ചികിത്സക്കായി അമല ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് അര മണിക്കൂര്‍ നേരം ഗതാഗതം തടസ്സപ്പെട്ടു.
ചുമട്ടു തൊഴിലാളികള്‍ വാഹനം റോഡില്‍ നിന്ന് പൊക്കി മാറ്റിയ ശേഷമാണ് ഗതാഗതം തടസം നീക്കിയത്. വിവരമറിഞ്ഞ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha


























