ഒരു സംശയവും വേണ്ട മലയാളത്തിലും വരും റെയ്ഡ്, പക്ഷെ കണ്ടം വഴി ഓടും; തമിഴ് സൂപ്പർതാരം വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍

തമിഴ് സൂപ്പർതാരം വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. മലയാള സിനിമ പ്രവര്‍ത്തകര്‍ക്ക് എതിരെയും റെയ്ഡ് വരുമെന്ന തരത്തിലാണ് സന്ദീപിന്റെ പ്രതികരണം. നേരത്തെ, പൗരത്വ നിയമത്തെ എതിര്‍ത്ത് പ്രതിഷേധം നടത്തിയ സിനിമ പ്രവര്‍ത്തകര്‍ക്ക് എതിരെ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തുമെന്ന് സന്ദീപ് പ്രതികരിച്ചത് വിവാദമായിരുന്നു.
'ഇന്‍കം ടാക്‌സ് ആക്‌ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്‌സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര്. ഐടി ഉദ്യോഗസ്ഥര്‍ പേടിച്ച് കണ്ടം വഴി ഓടിക്കോളും.'- സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിജയുടെ ഒരു ചിത്രവും വാര്യര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം ബുധനാഴ്ച ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത വിജയ്‌യെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ചെന്നൈയിലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് 17 മണിക്കൂർ പിന്നിട്ടു. ദീപാവലിക്കു റിലീസ് ചെയ്ത ‘ബിഗിൽ’ സിനിമയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണു നടപടി. വിശദമായ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നെയ്‌വേലിയിലെ ചിത്രീകരണ സ്ഥലത്തുനിന്നു വിജയ് സ്വന്തം വാഹനത്തിൽ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ചെന്നൈ ഇസിആർ പനയൂരിലെ വീട്ടിലെത്തുകയായിരുന്നു.
െമര്‍സല്‍, സര്‍ക്കാര്‍, ബിഗിൽ തുടങ്ങി സര്‍ക്കാരുകൾക്കെതിരായ രാഷ്ട്രീയം പറയുന്ന സിനിമകള്‍ വഴി സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ രൂക്ഷമായ ആക്രമണം നേരിടുന്ന നടനാണ് വിജയ്. ബിഗിലില്‍ കൈപറ്റിയ പ്രതിഫലക്കണക്കുകളില്‍ സംശയമുണ്ടെന്ന് ആരോപിച്ചാണു ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ നടനെ കസ്റ്റഡിയിലെടുത്തത്. ‘ബിഗിൽ’ നിർമാതാക്കളായ എജിഎസ് എന്റർടെയ്ൻമെന്റിന്റെ ഓഫിസുകളിൽ പുലര്‍ച്ചെ മുതല്‍ നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചായിരുന്നു നടപടി. കണക്കില്‍പെടാത്ത 25 കോടി രൂപയും രേഖകളും പിടിച്ചെന്നാണു പുറത്തുവരുന്ന വിവരം.
നോട്ടിസ് നല്‍കി വിളിപ്പിക്കുന്നതിനു പകരം കടലൂര്‍ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ പരിസരത്തെ സെറ്റില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിളിച്ചുകൊണ്ടുപോകുകയായിരുന്നു. നിർമാതാവ് കൽപാത്തി അഘോരത്തിന്റെ വസതി, ഓഫിസ്, നഗരത്തിനകത്തും പുറത്തുമുള്ള തിയറ്ററുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. നടനെതിരെ കേസില്ലെന്നും നിർമാതാക്കളുമായി ബന്ധപ്പെട്ടവരെയാണു ചോദ്യം ചെയ്യുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. 4 വർഷത്തിനിടെ പുറത്തിറങ്ങിയ വിജയ് സിനിമകളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിമർശിക്കുന്ന പരാമർശങ്ങൾ ഏറെയുണ്ടായിരുന്നതിനാൽ രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണം ആരാധകർ ഉന്നയിക്കുന്നു.
പല സിനിമകളുടെയും റിലീസ് കോടതി കയറുകയും ചില സംഭാഷണങ്ങൾ നീക്കുകയും ചെയ്തിരുന്നു. നോട്ട് നിരോധനം, ജിഎസ്ടി, തമിഴ്നാട്ടിലെ സൗജന്യ പദ്ധതികൾ, ഫ്ലെക്സ് തലയിൽ വീണു യുവതി മരിച്ച സംഭവം ഉൾപ്പെടെയുള്ളവ സിനിമകളിൽ പരാമർശിച്ചിട്ടുണ്ട്. ഇതിനെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും രംഗത്തെത്തിയിരുന്നു. രണ്ടുവര്‍ഷം മുൻപും ആദായ നികുതി വകുപ്പ് വിജയ്‍യുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ പുലി സിനിമയുടെ കണക്കുകളില്‍ ക്രമക്കേടുണ്ട് എന്നാരോപിച്ചായിരുന്നു അത്. എന്നാല്‍ പിന്നീട് താരത്തിന് ആദായനികുതി വകുപ്പ് ക്ലീന്‍ചിറ്റ് നല്‍കി.
തമിഴ് സിനിമാതാരം വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുമ്പോള്‍ ട്വിറ്ററില്‍ തരംഗമായി 'വി സ്റ്റാന്‍ഡ് വിത്ത് വിജയ്' ഹാഷ് ടാഗ്. #WestandwithVijay എന്ന ഹാഷ്ടാഗില്‍ ഇതുവരെ ഉണ്ടായിരിക്കുന്നത് ലക്ഷക്കണക്കിന് ട്വീറ്റുകളാണ്. ബി.ജെ.പിയുടെ നയങ്ങളെ വിമര്‍ശിക്കുന്ന വിജയ്‍യുടെ സിനിമകളിലെ സീനുകള്‍ ഉള്‍പ്പെടുത്തിയുള്ള ട്രോളുകളുമുണ്ട്. സിനിമക്ക് അകത്തും പുറത്തും വിജയ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനുള്ള പകപോക്കലാണ് നിലവിലെ ചോദ്യംചെയ്യലും റെയ്ഡും എന്നാണ് പൊതുവെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. പ്രതികരണവുമായി മലയാളികളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ചതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. പൌരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് രജനീകാന്ത് മുന്നോട്ട് വന്നതും അദ്ദേഹത്തെ ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
https://www.facebook.com/Malayalivartha


























