ആത്മഹത്യയുടെ വക്കിൽ നിന്ന് ശ്രീരാജ് പറയുന്നു... ആ വീഡിയോ ഡിലീറ്റ് ചെയ്യണം; വിവാഹ ദൃശ്യങ്ങൾ വളച്ചടിച്ച് പ്രചരിപ്പിച്ചത് പിതാവ് മരണപ്പെട്ട ദിവസം: മൂത്തമകളുടെ വിവാഹം നടന്ന് കാണണം എന്നുള്ള ആഗ്രഹത്തെത്തുടർന്ന് ചെറു പ്രായത്തിൽത്തന്നെ വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു; പിതാവിനെ രോഗം മൂര്‍ച്ഛിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോൾ ഊണും ഉറക്കവുമില്ലാതെ നിന്ന വർഷ മണ്ഡപത്തിലെത്തിയത് ആശുപത്രിയിൽ നിന്ന്

കല്യാണ മണ്ഡപത്തിലെ വിവാഹ ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന്റെ പേരിൽ ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചുവെന്ന് സൈബറാക്രമണത്തിന്റെ ഇരകളായ പത്തനംതിട്ട കുമ്പാട് സ്വദേശികളായ ദമ്പതികളുടെ വെളിപ്പെടുത്തൽ. ഏറെ നാളായി ബൈപാസ് സര്‍ജറിക്ക് ശേഷമുണ്ടായ കരള്‍രോഗത്തെത്തുടർന്ന് പെൺകുട്ടിയുടെ പിതാവ് ചികിത്സയിലായിരുന്നു. എങ്ങനെയും മൂത്തമകളുടെ വിവാഹം നടന്ന് കാണണം എന്നുള്ള ആഗ്രഹത്തെത്തുടർന്ന് ചെറു പ്രായത്തിൽത്തന്നെ വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കുമ്പനാട് പുത്തന്‍പുരയില്‍ ശ്രീരാജും(23) വര്‍ഷ(19)യും സെപ്റ്റംബര്‍ 15 ന് പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ വച്ച് വിവാഹിതരാവുകയായിരുന്നു. ഇതിനിടയിലുണ്ടായ സംഭവ വികാസങ്ങളായിരുന്നു ദമ്പതികളുടെ ജീവിതം മാറ്റിമറിച്ചത്.
വിവാഹ ദിവസങ്ങൾക്ക് മുമ്പ് പിതാവ് ബിജുവിനെ രോഗം മൂര്‍ച്ഛിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിവാഹം മാറ്റിവയ്ക്കാമെന്ന് ബന്ധുക്കൾ പറഞ്ഞിട്ടും വിവാഹം പറഞ്ഞുറപ്പിച്ച ദിവസം തന്നെ നടത്തണമെന്ന പിതാവിന്റെ ആവശ്യപ്രകാരം പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ വച്ച് 15ന് വിവാഹം നടക്കുകയായിരുന്നു. ഒരു പോള കണ്ണടയ്ക്കാതെ പിതാവിന്റെ ഒപ്പം ആശപത്രിയിലായിരുന്ന വർഷ നേരെ വിവാഹ മണ്ഡപത്തിലേയ്ക്ക് എത്തുകയായിരുന്നു. ആഹാരം പോലും കഴിക്കാതെ തളർന്ന പെൺകുട്ടി പലതവണ തലചുറ്റി വീണിരുന്നു. താലികെട്ട് സമയമായപ്പോഴും സംഭവിച്ചത് അത് തന്നെയായിരുന്നു. വരന്‍ ശ്രീരാജിനും കുടുംബാംഗങ്ങള്‍ക്കും വിവരങ്ങള്‍ നേരത്തെ അറിയാമായിരുന്നതിനാല്‍ കുഴപ്പമൊന്നുമുണ്ടായില്ല. പ്രഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം മൂഹൂര്‍ത്തം കഴിയും മുന്‍പേ താലി ചാര്‍ത്തി. ഇതായിരുന്നു വിവാഹദിവസം നടന്ന സംഭവങ്ങള്‍. വിവാഹം കഴിഞ്ഞയുടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ വര്‍ഷയ്ക്ക് ചികിത്സയും നല്‍കിയിരുന്നു. പിന്നീട് വിവാഹ റിസപ്‌ഷനും മംഗളമായി നടന്നവെന്ന് ശ്രീരാജ് വെളിപ്പെടുത്തുന്നു. ഫെബ്രുവരി 2 ന് വര്‍ഷയുടെ പിതാവ് മരണമടഞ്ഞു. അന്നേ ദിവസം തന്നെയായിരുന്നു ആ വിവാഹ ദൃശ്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിച്ചതും.
ഞാനും വര്‍ഷയും അവിടെയായിരുന്നു. മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോഴാണ് എന്റെ ചില സുഹൃത്തുക്കള്‍ വിളിച്ച് ഇങ്ങനെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട് എന്ന് പറയുന്നത്. ആദ്യം അത്ര കാര്യമായി എടുത്തില്ല. ആരെങ്കിലും തമാശയ്ക്ക് ചെയ്തതാവും എന്നായിരുന്നു കരുതിയത്. എന്നാല്‍ എന്റെ പിതാവിന്റെ വിദേശത്തുള്ള സുഹൃത്തുക്കളൊക്കെ വിളിച്ച് വീഡിയോ കണ്ടു എന്ന് പറഞ്ഞപ്പോഴാണ് അതിന്റെ ഭീകരത മനസ്സിലായത്. ഞൊടിയിടകൊണ്ട് ലോകം മുഴുവന്‍ എത്തികഴിഞ്ഞു. പിതാവ് മരണപ്പെട്ട വിഷമത്തിലിരിക്കുന്ന എന്റെ ഭാര്യ ഇതറിഞ്ഞാല്‍ എന്താകും അവസ്ഥ എന്ന ചിന്തയായിരുന്നു എനിക്ക്. എന്റെ പിതാവാണ് എനിക്ക് ധൈര്യം തന്നത്. മറ്റാരെങ്കിലും പറഞ്ഞറിയുന്നതിന് മുന്‍പ് ഞാന്‍ തന്നെ വര്‍ഷയോട് പറയണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടു. കാര്യമറിഞ്ഞ വര്‍ഷ ഏറെ തകര്‍ന്നു പോയി. പക്ഷേ അവള്‍ക്ക് എല്ലാ ധൈര്യവും എന്റെ കുടുംബം കൊടുത്തു. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ ഒരുമിച്ച് ആത്മഹത്യ ചെയ്യാന്‍ പോലും ആലോചിച്ചു. കുടുംബവും സുഹൃത്തുക്കളും തന്ന സപ്പോര്‍ട്ടാണ് അതില്‍ നിന്നും പിന്മാറാന്‍ കാരണം.
വീഡിയോ ഷെയര്‍ ചെയ്തവര്‍ എന്റെ ഭാര്യയെ തെറ്റിദ്ധരിക്കരുത് എന്നൊരപേക്ഷയാണ് എനിക്ക് പറയാനുള്ളത്. ഞങ്ങളുടെ മാനസികാവസ്ഥ മനസ്സിലാകുന്നെങ്കില്‍ നിങ്ങള്‍ ആ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത് കളയണം എന്നും ശ്രീരാജ് പറയുന്നു. മാനഹാനിയുണ്ടാക്കി എന്ന് കാട്ടിയാണ് ദമ്പതികൾ പൊലീസില്‍ പരാതി നല്‍കിയത്. മാനസിക പ്രയാസം മൂലം ആത്മഹത്യയുടെ വക്കിലാണ് എന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ഈ ദൃശ്യങ്ങള്‍ നീക്കം ചെയ്ത് ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശ്ശന നടപടി എടുക്കണമെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.
വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനാല്‍ വലിയ നാണക്കേടാണുണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ പുറത്തിറങ്ങാന്‍ പോലുമാകുന്നില്ല. അത്ര വലിയ മാനസിക വിഷമത്താല്‍ ബുദ്ധിമുട്ടുകയാണ് ഞങ്ങള്‍. വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചിരിക്കുന്നതിനാല്‍ ആത്മഹത്യയുടെ വക്കിലാണ്. എന്നും പരാതിയില്‍ പറയുന്നു. കോയിപ്പുറം പൊലീസ് സ്റ്റേഷനിലും പിന്നീട് പത്തനംതിട്ട എസ്‌പിക്കുമാണ് ദമ്പതികൾ പരാതി നൽകിയത്. സംഭവത്തിൽ വീഡിയോ പ്രചരിപ്പിച്ചയാളെ പോലീസ് കണ്ടെത്തിയിട്ടണ്ട്. ഇയാളോട് സ്റ്റേഷനില്‍ ഹാജരാകാനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മൊബൈല്‍ ഫോണും ഹാജരാക്കാന്‍ നിര്‍ദ്ധശിച്ചിട്ടുണ്ട്. കോയിപ്പുറം സ്റ്റേഷന്‍ എസ്.എച്ച്.ഒയുടെ നിര്‍ദ്ദേശ പ്രകാരം പ്രിന്‍സിപ്പല്‍ എസ്‌ഐ രാകേഷ് കുമാറിനാണ് അന്വേഷണം.
https://www.facebook.com/Malayalivartha


























