നാട്ടിലേക്ക് മടങ്ങാനാകാതെ വിമാനത്താവളത്തിൽ 21 മെഡിക്കല്‍ വിദ്യാർത്ഥികൾ; യാത്ര അനുവദിക്കാനാകില്ലെന്ന് വിമാനത്താവള അധികൃതര്‍ ; യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കു മടങ്ങാന്‍ അനുമതി നല്‍കിയത് തിരിച്ചെത്തില്ലെന്ന് എഴുതിവാങ്ങിയ ശേഷം; വിദ്യാർത്ഥികൾ പെരുവഴിയിൽ

കൊറോണ വൈറസ് ബാധ ഭീഷണിയെ തുടർന്ന് ചൈനയില്‍നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തിരിച്ച 21 മെഡിക്കല്‍ വിദ്യാർത്ഥികൾ വിമാനത്താവളത്തില്‍ കുടുങ്ങി. ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. സിംഗപ്പുര്‍ വഴി നാട്ടിലെത്താനുള്ള വിമാനത്തിലാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നത്. എന്നാൽ ബോര്‍ഡിങ് സമയത്താണ് ചൈനയില്‍നിന്നുള്ള വിദേശികള്‍ക്ക് സിംഗപ്പുരില്‍ വിലക്കുള്ള കാര്യം വിദ്യാര്‍ഥികള്‍ അറിയുന്നത്.
യാത്ര അനുവദിക്കാനാകില്ലെന്ന് വിമാനത്താവള അധികൃതര്‍ നിലപാടെടുത്തു. തിരിച്ചെത്തില്ലെന്ന് എഴുതിവാങ്ങിയ ശേഷമാണ് യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കു മടങ്ങാന്‍ അനുമതി നല്‍കിയത്. ഹോസ്റ്റലിലേക്ക് മടങ്ങാന്‍ കഴിയാത്തതിനാല്‍ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് വിദ്യാര്‍ഥികള്‍.
ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. കേരളത്തില്‍ മൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഉടന്‍ ചൈന സന്ദര്‍ശിക്കും. കേരളത്തിൽ കൂടുതൽ കൊറോണ ബാധിതർ ഉണ്ടായിട്ടില്ലെങ്കിലും ചൈന ഉൾപ്പെടെ ഈ വൈറസ് ബാധിച്ച രാജ്യങ്ങളിൽ നിന്നു വരുന്നവരെ 28 ദിവസം നിരീക്ഷിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
കേരളത്തിൽ വിവിധ ജില്ലകളിലായി നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 2528. ആശുപത്രികളിലുള്ളത് 93 പേർ. 2435 പേർ വീടുകളിൽ. രോഗം സംശയിക്കുന്ന 223 പേരുടെ സാംപിളുകളിൽ 193 എണ്ണത്തിലും രോഗമില്ല. മാർച്ച് 31 വരെയോ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയോ പഠന, വിനോദയാത്രകൾ ഒഴിവാക്കണമെന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി. ആരാധനാലയങ്ങളിലെ ആചാരങ്ങളിൽ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ വേണമെന്നു മന്ത്രി നിർദേശിച്ചു. ചൈനയിലെ ചില സർവകലാശാലകളിലെ വിദ്യാർഥികളെ തിരിച്ചു വിളിക്കുന്നു എന്ന പരാതി കേന്ദ്രത്തെ അറിയിച്ചു. തൃശൂർ മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്കു വൈഫൈ സൗകര്യം ഏർപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികൾക്കായി അവരുടെ ഭാഷയിൽ പ്രത്യേക ബോധവൽക്കരണ പ്രചാരണമൊരുക്കാൻ ആരോഗ്യവകുപ്പ് പദ്ധതി തുടങ്ങി.
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി ഉയര്‍ന്നു. ബുധനാഴ്ച മാത്രം 73 പേരാണ് മരിച്ചത്. മരിച്ചവരില്‍ എഴുപതുപേരും ചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ളവരാണ്. ബുധനാഴ്ച മാത്രം 2987 പേര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 28,018 ആയി ഉയര്‍ന്നു.
യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ പത്തുപേര്‍ക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കപ്പലില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നിരിക്കുകയാണ്. 3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്.
കോറോണയെ നിയന്ത്രണവിധേയമാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ നിര്‍ണായക ഘട്ടത്തിലാണെന്നും പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ അധികൃതര്‍ നടപടികള്‍ എടുത്തേ മതിയാകൂ എന്നും പ്രസിഡന്റ് ഷിന്‍ ജിന്‍പിംഗ് പറഞ്ഞു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യസമയത്ത് സര്‍ക്കാര്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. കൊറോണ വൈറസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























