ചുവപ്പുനാടയുടെ കുരുക്കിലേക്ക് കാൻസർ മരുന്നുകളും; സർക്കാർ നടത്തുന്ന കാൻസർ ചികിത്സാ കേന്ദ്രങ്ങൾക്ക് ആവശ്യമുള്ള മരുന്നുകൾ സർക്കാർ സ്ഥാപനമായ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വാങ്ങാനുള്ള സർക്കാർ തീരുമാനത്തിൽ രോഗികൾ നിരാശയിൽ

ഒടുവിൽ കാൻസറിനും മരുന്ന് കിട്ടാനാവാത്ത സ്ഥിതി വരുന്നു. സർക്കാർ നടത്തുന്ന കാൻസർ ചികിത്സാ കേന്ദ്രങ്ങൾക്ക് ആവശ്യമുള്ള മരുന്നുകൾ സർക്കാർ സ്ഥാപനമായ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വാങ്ങാനുള്ള സർക്കാർ തീരുമാനമാണ് കാൻസർ രോഗത്തെക്കാൾ ഭീകരമായി മാറുന്നത്.
മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് ഇപ്പോൾ സർക്കാർ ആശുപതികളിലെ മരുന്നുകൾ വാങ്ങി നൽകുന്നത്. മരുന്ന് വാങ്ങാൻ കേന്ദ്രീകൃത സംവിധാനം വന്നപ്പോൾ അതിനോട് യോജിച്ചവരാണ് മലയാളികൾ. ലോക്കൽ പർച്ചേസിലൂടെ മറിയുന്ന കോടികൾക്ക് വിരാമമാകുമല്ലോ എന്നാണ് എല്ലാവരും ചിന്തിച്ചത്. എന്നാൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് രൂപീകരിച്ച മെഡിക്കൽ സർവീസ് കോർപറേഷൻ പിന്നീട് അഴിമതിയുടെ കൂത്തരങ്ങായി മാറി. കോടി കണക്കിന് രൂപയാണ് മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ കമ്മീഷനായി വരുന്നത്. അതിന്റെ നല്ലൊരു വിഹിതം സർക്കാരിനും ഭരിക്കുന്ന പാർട്ടിക്കും ഉന്നത ഉദ്യോഗസ്ഥർക്കും ലഭിക്കും. ഇതായിരുന്നു യു ഡി എഫ് സർക്കാരിന്റെ കാലത്തെ പതിവ്.
അർബുദ മരുന്ന് കേന്ദ്രീകൃത സംവിധാനത്തിലാക്കുമ്പോൾ കമ്മീഷൻ ഒന്നടങ്കം കിട്ടേണ്ടവർക്കെല്ലാം കിട്ടും. രോഗികൾക്ക് മരുന്ന് വിലയിൽ 40 ശതമാനം വരെ കുറവുണ്ടാകും എന്നത് സത്യമാണ്. 80 ശതമാനം വരെ ചില മരുന്നുകൾക്ക് വില കുറയുമെന്നും പറയുന്നുണ്ട്. ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കാൻസർ ചികിത്സാ ആശുപത്രികൾക്ക് പുറമേ റീജിയണൽ കാൻസർ സെൻറർ, മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ തുടങ്ങിയ ആശുപത്രികളും കേന്ദ്രീകൃത പർച്ചേസിൽ ഉൾപ്പെടും.
ഇപ്പോൾ മരുന്ന് നേരിട്ട് വാങ്ങുന്ന സ്വയംഭരണ അവകാശമുള്ള കാൻസർ ആശുപത്രികൾ ഭാവിയിൽ കേന്ദ്രീക്യത സംവിധാനത്തിലേക്ക് മാറുമ്പോൾ ഉദ്യോഗസ്ഥർക്ക് കമ്മീഷൻ ഇല്ലാതാകാനുള്ള സാധ്യതയുണ്ട്.അത് പാവപ്പെട്ട രോഗികൾക്ക് പാരയാകാൻ സാധ്യതയുണ്ട് . കാരണം മരുന്ന് കച്ചവടത്തിൽ നിന്നും കോടികളാണ് കമ്മീഷനായി ലഭിക്കുന്നത്. ബ്രാന്റ്ഡ് മരുന്ന് വാങ്ങലിൽ അടുത്ത കാലത്തും ആരോപണം ഉയർന്നിരുന്നു.
ലോക്കൽ പർച്ചേസിലൂടെ വാങ്ങുന്നത് ബ്രാൻഡഡ് മരുന്നുകളാണ്. സ്വാഭാവികമായും ഇത്തരം മരുന്നുകൾക്ക് വില വർധിക്കാൻ സാധ്യതയുണ്ട്. എന്നാൽ മെഡിക്കൽ കോർപ്പറേഷൻ വാങ്ങാൻ ഉദ്ദേശിക്കുന്നത് ജനറിക് മരുന്നുകളാണ്. അർബുദ രോഗത്തിന് എത്രയിനം ജനറിക് മരുന്നുകൾ ലഭ്യമാണെന്ന് ആർക്കുമറിയില്ല. ജനറിക് മരുന്നുകൾ ഫല പ്രദമല്ലെന്ന വാദം ഡോക്ടർമാർ ഇപ്പോൾ തന്നെ ഉയർത്തുന്നുണ്ട്. ഇതിൽ വാസ്തവം ഉള്ളതായി കരുതാനാവില്ല. അതേസമയം ജനറിക് മരുന്നുകൾക്ക് വില കുറവാണെന്ന കാര്യം നിസ്തർക്കമാണ്.
മെഡിക്കൽ സർവീസ് കോർപ്പറേഷന് സർക്കാർ കോടികൾ നൽകാനുണ്ട്. പണം നൽകാത്തതു കാരണം മരുന്ന് വിതരണം പലയാവർത്തി മുടങ്ങിയിട്ടുണ്ട്. സർക്കാർ പണം കിട്ടാതാകുമ്പോൾ മരുന്ന് കിട്ടാതെ വരും. അപ്പോൾ രോഗികൾ നട്ടംതിരിയും.അത് കാൻസർ രോഗത്തിന്റെ കാര്യത്തിലാകുമ്പോൾ സ്ഥിതി കൂടുതൽ ഗുരുതരമാവും.
120 കോടിയുടെ അർബുദ മരുന്ന് പ്രതിവർഷം വേണമെന്നാണ് കണക്ക്. പൊതുവിപണിയിൽ നിന്ന് ഇത് വാങ്ങണമെങ്കിൽ 300 കോടി വേണം.സ്തനാർബുദത്തിന് നൽകുന്ന മരുന്നിന്റെ വിപണി വില 63, 233 രൂപയാണ്. ഇത് കോർപ്പറേഷൻ നൽകുന്നത് 18 377 രൂപക്കാണ്.
പണമില്ലാത്തതിന്റെ പേരിൽ കാൻസർ മരുന്നുകൾ മുടങ്ങില്ലെന്ന് കോർപ്പറേഷൻ പറയുന്നു. എന്നാൽ മുൻകാല അനുഭവങ്ങൾ അങ്ങനെയല്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്.
ഏക പ്രതീക്ഷ മന്ത്രി ഷൈലജ ടീച്ചറാണ്. അവർക്ക് വേദനയുടെ ആഴമറിയാം. കാൻസർ മരുന്നുകൾ ചുവപ്പുനാടയിൽ കുരുങ്ങാതിരിക്കട്ടെ...
https://www.facebook.com/Malayalivartha


























