തിരക്കഥയുമായി കൊച്ചിക്കു പോയ ഞങ്ങളുടെ നൗഷാദിനെ കണ്ടോ? ഉള്ളുലയ്ക്കുന്ന ചോദ്യവുമായി ഈ സഹോദരിമാർ

മനസ്സിൽ ഒരു വലിയ സിനിമാമോഹവുമായി കണ്ണൂരിൽ നിന്നും കൊച്ചിക്കു വണ്ടി കയറിയതാണയാൾ.സിനിമയെ ജീവനും പ്രാണവായുവുമായി കരുതിയ ഒരാൾ. സിനിമയാണ് തന്റെ ജീവിതമെന്ന് പറഞ്ഞവന്‍. എഴുതി പൂർത്തിയാക്കിയ തിരക്കഥയുമായി അയാൾ നടന്നകന്നത് എവിടേക്കായിരുന്നു.. രണ്ടുവർഷമായി സഹോദരിമാർ തങ്ങളുടെ കൂടപ്പിറപ്പിനെ തെരഞ്ഞു നടക്കാൻ തുടങ്ങിയിട്ട്.സിനിമ ആയിരുന്നു അവന്റെ സ്വപ്നം. തിരക്കഥ എഴുതാൻ ആയി സിനിമ എടുക്കുന്നിടങ്ങളിൽ അലഞ്ഞു നടക്കും. വല്ലപ്പോഴും മാത്രം വീട്ടിൽ വിളിക്കും. സിനിമയാണ് അവന്റെ ജീവിതം എന്നറിയുന്ന സഹോദരിമാർ വിളിച്ചു ശല്യപ്പെടുത്താറുമില്ല.
അവസാനമായി വിളിച്ചിട്ടിപ്പോൾ രണ്ട് കൊല്ലമായി. അവൻ പോകാൻ ഇടയുള്ളിടത്തൊക്കെ നോക്കി. കൂട്ടുകാരെ കണ്ടു. ആർക്കും വിവരമില്ല. കണ്ണൂർ മയ്യിൽ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. അവരും അന്വേഷിക്കുന്നുവെങ്കിലും ഇത് വരെ നൗഷാദിനെ പറ്റി വിവരം ഇല്ല.
നൗഷാദിനെ കുറിച്ച് പ്രചരിക്കുന്ന ഫേസ്ബുക് പോസ്റ്റിലെ വരികളാണിവ. കണ്ണൂര്‍ പാമ്പുരുത്തിയെന്ന നാട്ടിന്‍പുറത്ത് ഇല്ലായ്മകളുടെ നടുവിലേക്കു ജനിച്ചുവീണ നൗഷാദ് തന്റെ കഷ്ടപ്പാടുകളെ ,ദുരിത ജീവിതത്തെ തരണം ചെയ്യാൻ കൂട്ടുപിടിച്ച ത് എഴുത്തിനെയായിരുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥാരചനയില്‍ ഒന്നാം സ്ഥാനം നേടിയതില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല നൗഷാദിലെ പ്രതിഭ. സ്വന്തമായി നാടകങ്ങളെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച് അയാള്‍ വാങ്ങിക്കൂട്ടിയ സമ്മാനങ്ങള്‍ നിരവധിയായിരുന്നു. മറ്റൊന്നിലും ശ്രദ്ധിച്ചില്ല; വീടില്ലെന്ന ദുഃഖത്തിലോ, നല്ലൊരു ജീവിതമില്ലെന്ന നിരാശയിലോ കുടുങ്ങിയില്ല. എഴുതണം; സിനിമയെഴുതണം; അതായിരുന്നു അയാളുടെ ആദ്യത്തേയും അവസാനത്തേയും ആഗ്രഹം. വിവാഹിതരായ സഹോദരിമാർ തങ്ങളുടെ കൂടെ താമസിക്കാൻ നിർബന്ധിച്ചുവെങ്കിലും നൗഷാദിന്റെ അഭിമാനബോധം അതിനു അയാളെ സമ്മതിച്ചില്ല.
തന്റെ ചുറ്റുപാടുകളെ നൗഷാദ് വീടാക്കി. ചെറിയ ഡോര്‍മെറ്ററികള്‍, റെയില്‍ വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമുകള്‍, ഏറ്റവും അടുത്ത കൂട്ടുകാരുടെ ഇടങ്ങള്‍; കിടന്നുറങ്ങാന്‍ അത്രയുമൊക്കെ സൗകര്യങ്ങള്‍ മതിയായിരുന്നു. ഭക്ഷണത്തിന് അയാള്‍ ആരുടെയും മുന്നില്‍ കൈ നീട്ടിയില്ല. അതിനുവേണ്ടി അദ്ധ്വാനിച്ചു. അറിയാവുന്ന ജോലികള്‍ ചെയ്തു കൊടുത്തു കിട്ടുന്ന കൂലിയില്‍ തനിക്കു വേണ്ടുന്ന അന്നം കണ്ടെത്തി.ആ വഴികളിൽ എപ്പോഴൊക്കെയോ സിനിമ അയാളുടെ സ്വപ്നമായി മാറി.
സിനിമയുടെ രീതികള്‍ കൂടുതല്‍ മനസിലാക്കി കഴിഞ്ഞപ്പോള്‍ തിരക്കഥകള്‍ എഴുതാന്‍ തുടങ്ങി. എഴുതും മുന്നേ അടുത്ത കൂട്ടുകാരോട് കഥകള്‍ ചര്‍ച്ച ചെയ്യും. പിന്നീട് എല്ലാവര്‍ക്കുമിടയില്‍ നിന്നും അപ്രത്യക്ഷമായി എഴുതാനായി പോകും. ആറുമാസമൊക്കെ കഴിയും പിന്നീട് സഹോദരിമാരെ വിളിക്കാൻ.
ആദ്യമാദ്യമൊക്കെ നൗഷാദിന്റെ ഈ പ്രകൃതത്തില്‍ ദുഃഖിതരായിരുന്നുവെങ്കിലും, ആ ശീലങ്ങളൊന്നും സഹോദരനെ വിട്ടുപോകില്ലെന്ന തിരച്ചറിവില്‍ നാല് സഹോദിരമാരും എല്ലാത്തിനോടും പൊരുത്തപ്പെട്ടു. എപ്പോഴുമെങ്കിലും വരുന്നൊരു ഫോണ്‍ കോളില്‍, അതല്ലെങ്കില്‍ വീട്ടിലേക്കുള്ള അപ്രതീക്ഷിതമായ വരവില്‍ മാത്രമവര്‍ നൗഷാദിനെ കണ്ടൂ അങ്ങനെ ഒരിക്കൽ ഒരു തിരക്കഥയുമായി പോയതാണയാൾ..ഇപ്പോൾ രണ്ടുവർഷമായി.
ടുവില്‍, തന്റെ സ്വപ്‌നം പൂവണിയുമെന്നൊരു വിശ്വാസം നൗഷാദില്‍ ഉണ്ടായി. താനാഗ്രഹിച്ച ഒരു നടനെക്കൊണ്ട് ചെയ്യിക്കാന്‍ ഒരു തിരക്കഥ അയാള്‍ പൂര്‍ത്തിയാക്കി. പക്ഷേ, അവിടെയും നിര്‍ഭാഗ്യം അയാളെ വേട്ടയാടി. നൗഷാദ് മനസില്‍ കണ്ട നടന് സിനിമ ലോകത്തു നിന്നും മാറി നില്‍ക്കേണ്ട അവസ്ഥ വന്നു.
പിന്നീട് നൗഷാദിനെ ആരും കണ്ടിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ 2017 ഓഗസ്റ്റിനു ശേഷം.തിരക്കഥ രെജിസ്റ്റർ ചെയ്യാനായി പോയ നൗഷാദ് പിന്നെ തിരിച്ചു വന്നില്ല . എവിടെയെങ്കിലും കാണുമെന്ന് ഓരോരുത്തരും കരുതി, അതായിരുന്നു അയാളുടെ പതിവുകളും..എന്നാൽ ആ പതിവ് ആദ്യമായി തെറ്റി.നൗഷാദിന്റെ ഫോൺ,ഡയറി,തിരക്കഥ എല്ലാം അയാളോടൊപ്പം അപ്രത്യക്ഷമായി. ഇപ്പോൾ ഈ രണ്ടുവര്ഷത്തിനു ശേഷവും ആ സഹോദരിമാർ തിരയുകയാണ് തങ്ങളുടെ നൗഷാദിനെ .. അദ്ദേഹത്തോടൊപ്പം കാണാതായ ആ തിരക്കഥയെ.
https://www.facebook.com/Malayalivartha


























