നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടികൊണ്ടുപ്പോകാൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ അവയവക്കച്ചവട മാഫിയയെന്ന് സംശയം; കുട്ടിയെ കൊണ്ടുവന്നു തന്നാല്‍ പൈസ തരാമെന്ന് ഒരു ഡോക്ടര്‍ പറഞ്ഞെന്നും, മയിലണ്ണന്‍ എന്നയാളാണ് തന്നെ ലോറിയില്‍ കൊണ്ടുവന്നതെന്നും നാടോടി സ്ത്രീയുടെ വെളിപ്പെടുത്തൽ

നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടികൊണ്ടുപ്പോകാൻ ശ്രമിച്ചതിന് പിന്നിൽ അവയവക്കച്ചവട മാഫിയയാണെന്ന സംശയത്തിന് ബലം നൽക്കുന്ന വെളിപ്പെടുത്തലുമായി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച തമിഴ്നാട്ടുകാരിയായ നാടോടി സ്ത്രീ. കുട്ടിയെ കൊണ്ടുവന്നു തന്നാല്‍ പൈസ തരാമെന്ന് ഒരു ഡോക്ടര്‍ പറഞ്ഞെന്നും, മയിലണ്ണന്‍ എന്നയാളാണ് തന്നെ ലോറിയില്‍ കൊണ്ടുവന്നതെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഡോക്ടര്‍ എന്തിനാണ് കുട്ടിയെ കൊണ്ടുവരാനും പൈസ തരാമെന്നും ഈ സ്ത്രീയോട് പറയണം? ഇവര്‍ പറഞ്ഞത് സത്യമാണെങ്കില്‍ സംഭവത്തിന് പിന്നില്‍ അവയവക്കച്ചവട മാഫിയ ആകാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ പറ്റില്ല.
കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ജാസ്മിനെയാണ് സ്കൂളിലേക്കു നടന്നുപോകുന്നതിനിടയിൽ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തമിഴ്നാട് പൊള്ളാച്ചി സ്വദേശി ജ്യോതിലിംഗമാണ് (76) പിടിയിലായത്. അതേസമയം,ജ്യോതിലിംഗം പരസ്‌പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും, ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജ്യോതിയെ കോടതിയില്‍ ഹാജരാക്കും.
രാവിലെ സ്കൂളില്‍ പോകാന്‍ യൂണിഫോം ധരിച്ചെത്തിയ ജാസ്മിനെ അടുത്തുള്ള കടയില്‍ നിന്ന് മുളക് പൊടി വാങ്ങാന്‍ അമ്മ പറഞ്ഞുവിട്ടു. ഈ സമയം പ്രാകൃതവേഷം ധരിച്ച് നടന്നുവരുകയായിരുന്ന നാടോടി സ്ത്രീ 'മോളെ വരുന്നോ'യെന്ന് ചോദിച്ച് കൈയില്‍ കടന്നുപിടിച്ചു. പേടിച്ച് നിലവിളിച്ച് പെണ്‍കുട്ടി അടുത്തുള്ള ഷാജിയുടെ വീട്ടില്‍ ഓടിക്കയറി വിവരം പറഞ്ഞു. അപ്പോഴേക്കും നാടോടി സ്ത്രീ ഏറെ ദൂരം പോയിരുന്നു. തുടര്‍ന്ന് യുവാക്കള്‍ ബൈക്കിലെത്തി തുറയില്‍കുന്ന് ക്ഷേത്രത്തിന് സമീപം വച്ച് ഇവരെ തടഞ്ഞുനിര്‍ത്തുകയും ശേഷം പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
നടുക്കുന്ന ആ സംഭവത്തെക്കുറിച്ച് നാലാം ക്ലാസുകാരി ജാസ്മിന്റെ വാക്കുകൾ ഇങ്ങനെ... ബിനു മാമന്റെ കടയിലേക്കു പോവുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി കുറെയെത്തിയപ്പോഴാണ് പച്ചസാരിയുടുത്ത, മുടിയില്ലാത്ത ഒരു അമ്മാമ്മ എന്റെ പിറകെ വന്നത്. അവിടെ അടുത്തുണ്ടായിരുന്ന ഒരു കടയുടെ അപ്പുറത്തു മാറി നിൽക്കുകയായിരുന്നു അവർ. വാ മോളെ പോകാം, എന്റെ കൂടെ വാ മോളെ, നമുക്കു പോകാം.. എന്നൊക്കെ പറഞ്ഞാണ് അവർ വന്നത്. അവരെ കണ്ടപ്പോൾ എനിക്കു പേടിയായി. അപ്പോഴേക്കും അവർ എന്റെ കയ്യിൽ കയറിപ്പിടിച്ചു. ഞാൻ വല്ലാതെ പേടിച്ചു. കരഞ്ഞുകൊണ്ടു മുഴുവൻ ശക്തിയുമെടുത്ത് അവരുടെ കയ്യിൽ നിന്നു എന്റെ കൈ വലിച്ചെടുത്തോടി. ഒരു വീടിന്റെ ഗേറ്റ് തുറന്നു കിടക്കുന്നതു കണ്ട് അവിടേക്ക് ഓടിക്കയറി. ആ വീട്ടിൽ രണ്ട് അങ്കിളുമാരുണ്ടായിരുന്നു.
ഞാൻ കരയുന്നതു കണ്ട് എന്താ കാര്യം എന്ന് അവർ ചോദിച്ചു. ഞാൻ കാര്യം പറഞ്ഞപ്പോൾ ആ അങ്കിൾ അവരെ പിന്നാലെ പോയി പിടിച്ചു. ആദ്യമായിട്ടാ ഞാൻ ആ അമ്മാമ്മയെ കാണുന്നത്. അതു കഴിഞ്ഞു കടയിൽ പോയി ബിസ്ക്കറ്റും വാങ്ങിയാണു വീട്ടിലേക്കു പോയത്. ഞാനിനി കടയിൽ പോകില്ലെന്നും എന്നെ വിടരുതെന്നും വീട്ടിലെത്തിയപ്പോൾ അമ്മയോടു പറഞ്ഞു. അപ്പോൾ അമ്മ എന്താ കാര്യമെന്നു ചോദിച്ചപ്പോഴാണ് ഈ കാര്യമൊക്കെ പറഞ്ഞത്. പേടിച്ചു പോയതിനാൽ അമ്മയാണ് എന്നേയും അനുജത്തിയേയും പിന്നീട് സ്കൂളിൽ കൊണ്ടു വിട്ടതെന്നും ജാസ്മിൻ പറയുന്നു.
https://www.facebook.com/Malayalivartha
























