കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഡിസ് അബാബയില്‍ നിന്ന് എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായി 1.763 കിലോഗ്രാം മരിജുവാനയ്‌ക്കൊപ്പം ഹെറോയിന്‍ എന്ന് സംശയിക്കുന്ന പൊടിയും ഹാഷിഷും അടങ്ങുന്ന പാക്കറ്റുകള്‍ പിടികൂടിയതായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അറിയിച്ചു.
ടെര്‍മിനല്‍ 4ല്‍ നടത്തിയ പരിശോധനയിലാണ് ബെനിന്‍ സ്വദേശിനിയായ വനിത കസ്റ്റംസ് പിടിയിലായത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ബാഗേജ് പരിശോധിച്ചപ്പോള്‍ വില്‍പ്പനയ്ക്കായി തയ്യാറാക്കിയ 564 ചെറിയ പാക്കറ്റുകളിലായി 1.763 കിലോഗ്രാം മരിജുവാന കണ്ടെത്തുകയായിരുന്നു. ഇവര്‍ ഗാര്‍ഹിക തൊഴിലാളിയായി കുവൈത്തിലെത്തിയതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ടെര്‍മിനല്‍ 5ല്‍ നടത്തിയ മറ്റൊരു പരിശോധനയില്‍ ഇന്ത്യന്‍ യാത്രക്കാരനില്‍ നിന്ന് ഹെറോയിന്‍ എന്ന് സംശയിക്കുന്ന പൊടിയടങ്ങിയ ഏഴ് കവറുകള്‍ കണ്ടെത്തി. ഇവയുടെ ആകെ ഭാരം ഏകദേശം 2 ഗ്രാമാണ്. കൂടാതെ 8 ഗ്രാം ഹാഷിഷും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇരു കേസുകളിലും ആവശ്യമായ കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി പിടിയിലായ യാത്രക്കാരെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ കണ്‍ട്രോളിന് കൈമാറി. സംഭവത്തില്‍ തുടര്‍ നിയമനടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















