വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ

ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ തന്റെ രാജി സംബന്ധിച്ച വാട്‌സാപ് സന്ദേശം പിന്‍വലിച്ചു. ബിജെപി നേതാക്കളുടെ സമ്മര്‍ദത്തിന് ഒടുവിലാണ് തീരുമാനം. കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരുടെ ഗ്രൂപ്പിലാണ് ശനിയാഴ്ച രാവിലെ 11.52ന് ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ശ്രീലേഖ സന്ദേശം അയച്ചത്.
മുനിസിപ്പല്‍ ചട്ടപ്രകാരം കൗണ്‍സിലര്‍ രാജിക്കത്തു കൈമാറേണ്ടതു കോര്‍പറേഷന്‍ സെക്രട്ടറിക്കാണ്. ശ്രീലേഖ അതു നല്‍കാത്തതിനാല്‍ രാജി ഔദ്യോഗികമായില്ല. 2024 ഒക്ടോബറില്‍ ബിജെപിയില്‍ ചേര്‍ന്ന ശ്രീലേഖ, പാര്‍ട്ടി നേതൃത്വവുമായി ഏതാനും നാളുകളായി ഭിന്നതയിലായിരുന്നു. ദേശീയ വനിതാകമ്മിഷന്‍ അംഗമാക്കാമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ഉറപ്പ് പാലിക്കാത്തതാണു രാജിയിലേക്കു വഴിവച്ച പ്രകോപനമെന്നാണു സൂചന.
'പ്രിയപ്പെട്ടവരേ.. ഞാന്‍ 30.09.2026ല്‍ മേയര്‍ വി.വി.രാജേഷിന് കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് സ്വകാര്യകാരണങ്ങള്‍ കൊണ്ട് രാജിവയ്ക്കുന്നതായി അറിയിച്ച് കത്തുനല്‍കിയിട്ടുണ്ട്. കോപ്പി ജില്ലാ കലക്ടര്‍ക്കു തിങ്കളാഴ്ച നല്‍കും. നിങ്ങള്‍ എനിക്കു നല്‍കിയ എല്ലാ സ്‌നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു'–സന്ദേശത്തില്‍ പറഞ്ഞതിങ്ങനെ. ശ്രീലേഖയുടെ അപ്രതീക്ഷിത നീക്കം ബിജെപി നേതൃത്വത്തെയും ഞെട്ടിച്ചു. 101 അംഗ കോര്‍പറേഷനില്‍ ശ്രീലേഖ ഒഴിയുന്നതോടെ ബിജെപിയുടെ അംഗബലം 49 ആയി കുറയുമായിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ശ്രീലേഖയുമായി ചര്‍ച്ച നടത്തി പരാതികള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. ഇതിനു പിന്നാലെയാണ് വാട്‌സാപ് സന്ദേശം പിന്‍വലിച്ചത്.
https://www.facebook.com/Malayalivartha

























