അമ്മയുടെ അനുഗ്രഹത്തിന് കൊറോണ ഭീഷണി; ഭക്തർക്ക് പ്രവേശനവും ഇല്ല, ആലിംഗനവും ഇല്ല; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അമൃതാനന്ദമയീ മഠത്തിൽ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്- പകല്‍ സമയത്തെ സന്ദര്‍ശനത്തിനും ആശ്രമത്തില്‍ താമസിക്കുന്നതിനും നിയന്ത്രണം; വൈറസ് പകരാന്‍ സാധ്യതയുള്ളതിനാല്‍ ശാരീരിക സമ്പർക്കം ഒഴിവാക്കണമെന്നും നിർദ്ദേശം

മാതാ അമൃതാനന്ദമയീ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് അവസാനിപ്പിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കൊല്ലം വള്ളിക്കാവിലെ ആശ്രമത്തില്‍ പ്രതിദിനം മൂവായിരത്തോളം പേരെയാണ് അമൃതാനന്ദമായീ കാണാറുള്ളത്. എന്നാല്‍ വിദേശികളടക്കം രാജ്യത്ത് മുപ്പത്തിലേറെ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭക്തരെ ആലിംഗനം ചെയ്തു കൊണ്ടുള്ള ദര്‍ശനം അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടതായി അമൃതാനന്ദമയീ മഠം വ്യക്തമാക്കി.
ആരോഗ്യവകുപ്പിന്റെ ഈ നിര്‍ദേശങ്ങള്‍ ഭക്തരെ അറിയിച്ചുകൊണ്ട് അമൃതാനന്ദമയി മഠത്തിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ കുറിപ്പ് ഇട്ടിട്ടുണ്ട്. ഇതിന്റെ പൂര്‍ണരൂപം ഇങ്ങനെ...
ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണത്തെ തുടര്‍ന്ന് മാതാ അമൃതാനന്ദമയീ മഠത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വ്യസനസമേതം അറിയിക്കുന്നു. വിദേശികളും സ്വദേശികളുമായി നിരവധി ഭക്തജനങ്ങള്‍ തങ്ങളുന്ന ആശ്രമം ഇപ്പോള്‍ ആരോഗ്യവകുപ്പിന്‍റെ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാരേയോ വിദേശികളെയോ ആശ്രമത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല. പകല്‍ സമയത്തെ സന്ദര്‍ശനത്തിനും ആശ്രമത്തില്‍ താമസിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. വിദേശ പൗരന്‍മാര്‍ എത്ര കാലം മുന്‍പ് ഇന്ത്യയില്‍ എത്തിയതാണെങ്കിലും ഈ നിയന്ത്രണം പാലിക്കേണ്ടതായിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും ഈ സാഹചര്യം വൈകാതെ മാറും എന്നു കരുതാം - സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി അറിയിച്ചു കൊണ്ട് അമൃതാനന്ദമയീ മഠത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റില്‍ വന്ന കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച വരെ മഠത്തിനകത്ത് പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ആശ്രമ അധികൃതരെ സന്ദര്‍ശിച്ചിരുന്നു. വൈറസ് പകരാന്‍ സാധ്യതയുള്ളതിനാല്‍ ശാരീരിക സമ്ബര്‍ക്കം ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എല്ലാദിവസവും രാവിലെ ഒമ്പത് മുതല്‍ തുടരുന്ന അമ്മയുടെ ദര്‍ശനം പാത്രിരാത്രി വരെ തുടരാറുണ്ട്. അതേ സമയം രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണാബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണാബാധിതരുടെ 31 ആയി. ഉത്തംനഗറിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതന്‍ തായ്‌ലന്‍ഡും മലേഷ്യയും സന്ദര്‍ശിച്ചിരുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ കുമാര്‍ അറിയിച്ചു.
എന്നാൽ, രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ പൊതു പരിപാടികള്‍ പരമാവധി ഒഴിവാക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യണമെന്നും കേന്ദ്രം അറിയിച്ചു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോകാരോഗ്യസംഘടനയുമായി യോജിച്ച് ഒരു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലെ 280 ഓളം ആരോഗ്യ വിദഗ്ധര്‍, റെയില്‍വേ, സൈന്യം തുടങ്ങിയവയിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha
























