ലോകമെങ്ങും മരണഭീതി പടര്‍ത്തുന്ന കോവിഡ് 19 രോഗത്തിന്റെ ചികിത്സയില്‍ നിര്‍ണായകമാകുകയാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ ... ആ അത്ഭുത മരുന്ന്. എന്താണ്? ഹൈഡ്രോക്സി ക്ലോറോക്വിന്‍? അറിയേണ്ടതെല്ലാം...

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി അവശ്യ മരുന്നുകളുടെ കയറ്റുമതി നിരോധനം കേന്ദ്രസര്‍ക്കാര്‍ നീക്കി. മലമ്പനി ചികിത്സക്കുള്ള ക്ലോറോക്വിന്‍ ഗുളികകള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കാന്‍ മോഡിസര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് പ്രതിരോധത്തിന് ഈ മരുന്ന് നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ് മലമ്പനിക്കും വാതരോഗങ്ങള്‍ക്കുമുള്ള ക്ലോറോക്വിന്‍ ഫോസ്ഫേറ്റ്, ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികകളുടെ കയറ്റുമതി നിരോധനം മോഡി നീക്കിയത്.
ലോകമെങ്ങും മരണഭീതി പടര്‍ത്തുന്ന കോവിഡ് 19 രോഗത്തിന്റെ ചികിത്സയില്‍ നിര്‍ണായകമാകുകയാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മലമ്പനി മരുന്ന്. ഈ മരുന്ന് കോവിഡിന് ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കൊറോണ ബാധിതര്‍ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ നല്‍കിയതു ഫലപ്രദമാണെന്നു ചൈനയില്‍നിന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
രോഗബാധ ഗുരുതരാവസ്ഥയില്‍ എത്താതിരിക്കാന്‍ ഈ മരുന്ന് ഉപയോഗിച്ച് പരിചരിക്കുന്നതിലൂടെ കഴിയുമെന്നാണ് ചൈനീസ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വളരെ കുറച്ചു രോഗികളില്‍ മാത്രമാണ് ഇതു പരീക്ഷിച്ചത്. ഹൃദ്രോഗമുള്ളവര്‍ക്കും മറ്റും ഈ മരുന്നു നല്‍കിയാല്‍ വിപരീതഫലമുണ്ടാകും എന്നതാണ് വലിയ വെല്ലുവിളി. നിരവധി പാര്‍ശ്വഫലങ്ങളും ഇതിനു ചൂണ്ടിക്കാണിക്കുന്നു.
എന്താണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന് നോക്കാം
1638-ല്‍ പെറുവിലെ സ്പാനിഷ് വൈസ്രോയിയുടെ ഭാര്യയായ സിങ്കോണ പ്രഭ്വിക്ക് മലമ്പനി ബാധിച്ചു. നാട്ടുവൈദ്യന്‍ ഒരു മരത്തിന്റെ തൊലി കൊണ്ടാണ് അവരെ ചികിത്സിച്ച് ഭേദമാക്കിയത്. തുടര്‍ന്ന് ഈ മരത്തിന് സിങ്കോണ എന്നു പേരായി. ചികിത്സ കഴിഞ്ഞു മടങ്ങിയ വൈസ്രോയി മരുന്ന് പൊടിയാക്കി നാട്ടിലേക്കു കൊണ്ടുപോയി. 'ജെസ്യൂട്ട് പൗഡര്‍' എന്നും ഇത് അറിയപ്പെട്ടിരുന്നു. പിന്നീട് ഇത് പാരമ്പര്യചികിത്സയുടെ ഭാഗമായി. 1820-ല്‍ സിങ്കോണ മരത്തിന്റെ തൊലിയില്‍നിന്ന് ഫ്രഞ്ച് ഗവേഷകര്‍ വേര്‍തിരിച്ച ക്വിനൈന്‍ എന്ന ആല്‍ക്കലോയ്ഡിന്റെ ഡെറിവേറ്റീവ് ആണ് ക്ലോറോക്വിന്‍. 1935-ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞര്‍ മലേറിയ (മലമ്പനി) ചികിത്സയ്ക്കായി സിന്തറ്റിക് ക്ലോറോക്വിന്‍ വികസിപ്പിച്ചു. അമേരിക്കയിലും മറ്റും മലമ്പനി ചികിത്സയ്ക്ക് ഇതു വ്യാപകമായി ഉപയോഗിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനികരെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിച്ചു.
ക്ലോറോക്വിനെക്കാള്‍ ടോക്സിക് അവസ്ഥ കുറഞ്ഞ പതിപ്പാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍. 1945-ലാണ് ഇതു വികസിപ്പിച്ചത്. ചര്‍മാര്‍ബുദ ചികിത്സയ്ക്കും റുമറ്റോയിഡ് ആര്‍ത്രൈറ്റിസിനും ഹൈഡ്രോക്സി ക്ലോറോക്വിന്‍ നല്‍കുന്നുണ്ട്. മികച്ച ആന്റിവൈറല്‍ ഏജന്റായാണ് ഈ മരുന്ന് കണക്കാക്കുന്നത്. 1950-കളിലാണ് ചര്‍മാര്‍ബുദത്തിന് പരീക്ഷിച്ചു നോക്കിയത്. വിജയകരമാണെന്നു കണ്ടതോടെ റുമറ്റോയിഡ് ആര്‍ത്രൈറ്റിസിനും പരീക്ഷിച്ചു.
ഛര്‍ദി, തലവേദന, കാഴ്ചത്തകരാറ്, മസിലുകള്‍ക്കു ബലക്കുറവ് തുടങ്ങിയവയാണ് മരുന്നിന്റെ പാര്‍ശ്വഫലം. 1955-ലാണ് അമേരിക്കയില്‍ മരുന്നിന്റെ ഉപയോഗത്തിന് അംഗീകാരം നല്‍കിയത്. ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയിലും ഈ മരുന്നുണ്ട്.
കോവിഡ് രോഗികള്‍ക്ക് ഈ മരുന്നു നല്‍കിയതിലൂടെ രോഗം ഗുരുതരാവസ്ഥയിലേക്ക് എത്താതെ തടയാന്‍ കഴിഞ്ഞുവെന്നാണ് ചൈനയില്‍നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഗുരുതരമായ വൈറസ് ബാധ ഇല്ലാത്തവര്‍ ഈ മരുന്ന് ഉപയോഗിച്ചതിലൂടെ പെട്ടെന്ന് രോഗവിമുക്തി നേടിയെന്നും പറയുന്നു. അഞ്ചു ദിവസം ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളിക നല്‍കിയപ്പോള്‍ ചുമയും പനിയും കുറഞ്ഞതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉപയോഗം ഫലപ്രദമാണെന്ന് കഴിഞ്ഞ മാസം തന്നെ ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) ഇതിനു പൂര്‍ണമായി അംഗീകാരം നല്‍കിയിട്ടില്ല. രോഗിയുടെ ജീവന്‍ ഭീഷണിയിലാണെന്നു തോന്നുന്ന ഘട്ടത്തില്‍ ഡോക്ടര്‍ക്ക് ഈ മരുന്ന് നല്‍കാന്‍ കഴിയുമെന്നാണ് ട്രംപ് അറിയിച്ചത്. ലഭ്യതക്കുറവുള്ള മരുന്നുകളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് മുതല്‍ മരുന്നിന്റെ ആവശ്യത്തില്‍ 7000 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ചര്‍മാര്‍ബുദത്തിന് ഈ മരുന്ന് ഉപയോഗിച്ചുവന്ന രോഗികള്‍ക്ക് ഇതു ലഭ്യമാകുന്നുമില്ല.
ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ ഹൈഡ്രോക്സി ക്ലോറോക്വിന്റെ വ്യാപക ഉപയോഗം സാധ്യമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഫലപ്രാപ്തിയെക്കുറിച്ച് പരിമിത ധാരണ മാത്രമുള്ളതുകൊണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെടുന്നവര്‍ക്കും മാത്രമായി മരുന്നു ചുരുക്കിയിട്ടുണ്ട്.
അമേരിക്കയിലും ഈ മരുന്നിന്റെ ഉപയോഗം സംബന്ധിച്ച് ഗവേഷകര്‍ക്കും ഡോക്ടര്‍മാര്‍ക്കും രണ്ട് അഭിപ്രായമാണുള്ളത്. ഹൈഡ്രോക്സി ക്ലോറോക്വിന്‍ കോവിഡ് രോഗികള്‍ക്കു നല്‍കണമെന്ന് ട്രംപ് ഉള്‍പ്പെടെ ഒരുവിഭാഗം ആവശ്യമുന്നയിക്കുന്നു. ഇതിന്റെ ചുവടു പിടിച്ചാണു കൂടുതല്‍ മരുന്ന് എത്തിക്കാന്‍ ട്രംപ് നീക്കം നടത്തുന്നതും. ട്രംപിന്റെ ആഹ്വാനത്തോടെ അമേരിക്കയില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ ഈ മരുന്നു ഉപയോഗിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha

























