മറുപടി പറയുകയാണെങ്കില്‍ വലുത് പറയേണ്ടി വരും, പറയാന്‍ മടിയുണ്ടായിട്ടല്ല; ചെന്നിത്തലക്ക് മറുപടിയുമായി പിണറായി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു താന്‍ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് മുഖ്യമന്ത്രിക്കു കുടിപ്പകയും കുന്നായ്മയുമാണെന്ന ചെന്നിത്തലയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ മറുപടി പറയുകയാണെങ്കില്‍ ഇന്നലെ പറഞ്ഞതിനേക്കാള്‍ വലുത് പറയേണ്ടി വരും. പറയാന്‍ മടിയുണ്ടായിട്ടല്ല. ഇരിക്കുന്ന സ്ഥാനത്തിന് അതു ചേരാത്തത് കൊണ്ടാണെന്നും പിണറായി പറഞ്ഞു.
സാലറി ചാലഞ്ചില്‍ മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് നിര്‍ബന്ധിച്ച് നടപ്പാക്കുന്നത് ഒരു കാരണവശാലും പ്രതിപക്ഷം അംഗീകരിക്കില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പ്രവാസികളുടെ കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഉന്നയിച്ചത് ശരിയായ ആരോപണമാണെന്നും ഇക്കാര്യത്തില്‍ തികഞ്ഞ അസഹിഷ്ണുതയാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിവാദം സൃഷ്ടിച്ച് തുരങ്കം വയ്ക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് ആരോപിച്ചു. കേരളത്തില്‍ മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് രാജ്യമാകെ വിലയിരുത്തുമ്ബോഴാണ് കുത്തിത്തിരുപ്പിന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും ശ്രമിക്കുന്നത്. ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുന്നതിന് പകരം കേരളത്തെ ഇകഴ്ത്തിക്കാട്ടുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്. സാലറി ചലഞ്ചിന്റെ പേരിലും കോണ്‍ഗ്രസിന് ഇരട്ടത്താപ്പ് നയമാണെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് പ്രതിരോധത്തിന് അമേരിക്കന്‍ മോഡല്‍ സ്വീകരിക്കണമെന്ന് നിയമസഭയില്‍ ഉളുപ്പില്ലാതെ പ്രസംഗിച്ചയാളാണ് ചെന്നിത്തലയെന്നും അമേരിക്കന്‍ മോഡല്‍ കേരളം സ്വീകരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ചോദിച്ചു.
https://www.facebook.com/Malayalivartha