ഡോക്ടര്‍ വീടൊഴിയണമെന്ന് ആവശ്യപ്പെട്ട റസി. അസോസി യേഷനെതിരെ നടപടിക്ക് കലക്ടര്‍ ഉത്തരവിറക്കി

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോട് കോവിഡുമായി ബന്ധപ്പെട്ട് വിവേചനപരമായ പെരുമാറ്റമുണ്ടായാല്‍ ഇന്ത്യന്‍ എപിഡമിക് ഡിസീസ് ആക്ട് പ്രകാരം നടപടിയുണ്ടാകുമെന്ന് കലക്ടറുടെ ഉത്തരവ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊച്ചിയില്‍ ജോലി ചെയ്യുന്ന ഡോക്ടറോട് വാടകവീട് ഒഴിഞ്ഞുകൊടുക്കാന്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത് ശ്രദ്ധയില്‍പെട്ട പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഫീല്‍ഡ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെ വ്യക്തികള്‍, സ്ഥാപനങ്ങള്‍, റസിഡന്റസ് അസോസിയേഷനുകള്‍, പൊതുസമൂഹം എന്നീ ഏതെങ്കിലും ഇടങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്നവരോട് ഇത്തരത്തില്‍ പെരുമാറുന്നത് അപലപനീയവും അപരിഷ്‌കൃതവുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഇപ്പോള്‍ രോഗത്തിനെതിരെ കൂട്ടായ പ്രതിരോധം നടക്കുകയാണ്. ഇതില്‍ ഓരോ പൗരനും പങ്കാളികളാകേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ രാത്രി, പകല്‍ വ്യത്യാസമില്ലാതെ സേവന സന്നദ്ധരായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഇത് മനസിലാക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമ നടപടികളുണ്ടാകും. ഇത്തരത്തില്‍ പരാതികള്‍ ലഭിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിന് ജില്ലാ പൊലീസ് മേധാവിക്കും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























