അതിര്‍ത്തിയിലെ ഊടുവഴികളില്‍ പ്രത്യേക കാവലും പരിശോധനയും!

വാളയാര്‍ സംസ്ഥാന അതിര്‍ത്തിയിലെ ഊടുവഴികള്‍ക്കും കോവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പൂട്ടിട്ടു.
സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കും കാല്‍നടയായും ഇരുചക്രവാഹനങ്ങളിലും ഊടുവഴികളിലൂടെ യാത്രക്കാര്‍ വരുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണു നടപടി. റോഡ് മണ്ണിട്ട് തടസ്സമുണ്ടാക്കാതെ ഉദ്യോഗസ്ഥരെ വിന്യസിച്ച് നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതു പര്യാപ്തമല്ലാതെ വരുന്ന സാഹചര്യത്തില്‍ മാത്രമേ മറ്റുവഴികള്‍ ആലോചിക്കൂ.
വനം, പൊലീസ്, റവന്യു, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡാണു പരിശോധന നടത്തുന്നത്. ഇതോടൊപ്പം വാളയാര്‍ വനമേഖലയിലും റെയില്‍വേ ട്രാക്കിലും പരിശോധനയ്ക്ക് ഇദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വാളയാറിലെ ചന്ദ്രാപുരം, ഡാംറോഡ്, കോയമ്പത്തൂര്‍ പഴയറോഡ്, പാമ്പാംപള്ളം, നടുപ്പതി, കനാല്‍പ്പിരിവ് തുടങ്ങിയ ഊടുവഴികളിലാണു പരിശോധന കര്‍ശനമാക്കിയത്.

വാളയാര്‍ ഡാമിന്റെ കാച്‌മെന്റ് ഏരിയയിലൂടെയുള്ള കോണ്‍ക്രീറ്റ് റോഡിലൂടെ നടന്ന് തമിഴ്‌നാട്ടിലേക്കു പോകാനെത്തിയ യുവതിയെ തിരിച്ചയയ്ക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍
ജില്ലയിലെ ചിറ്റൂര്‍, മീനാക്ഷിപുരം തുടങ്ങിയ അതിര്‍ത്തിമേഖലകളിലും കര്‍ശന നടപടികളാണു സ്വീകരിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ചും ബൈക്കുകളിലും പൊലീസ് സംഘം അതിര്‍ത്തി മേഖലകള്‍ പരിശോധിച്ചു തുടങ്ങി. പരിശോധനയ്ക്കിടെ പിടികൂടി മടക്കിവിട്ടവര്‍ കണ്ണുവെട്ടിച്ച് ചുറ്റിത്തിരിഞ്ഞ് വീണ്ടും അതിര്‍ത്തികടക്കാന്‍ ശ്രമിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ ഇവര്‍ക്കെതിരെ കേസെടുത്ത് നിരീക്ഷണ ക്യാംപികളിലേക്ക് മാറ്റാനാണു തീരുമാനം.
എന്നാല്‍, റോഡുകള്‍ അടയ്‌ക്കേണ്ടെന്നാണ് തീരുമാനം. അതിര്‍ത്തിയിലെ തമിഴ്‌നാട് ഗ്രാമങ്ങളില്‍ ചിലതില്‍ നാട്ടുകാര്‍ തന്നെ റോഡുകളില്‍ വാഹനം സഞ്ചരിക്കാത്ത വിധത്തില്‍ തടസ്സമുണ്ടാക്കിയിട്ടുണ്ട്.

കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന പരിഗണിച്ച് തമിഴ്‌നാട് ഭാഗത്തെ ഊടുവഴികളില്‍ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha
























