ലോക്ഡൗണ്‍: മൂടക്കൊല്ലിയില്‍ നിന്ന് ബത്തേരിയിലേക്ക് നിര്‍മിക്കുന്ന റെയില്‍പ്പാള വേലിയുടെ അന്തിമഘട്ടപ്പണി മുടങ്ങി

മൂടക്കൊല്ലിയില്‍ നിന്ന് ബത്തേരിയിലേക്ക് 10 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന റെയില്‍പാള വേലിയുടെ അന്തിമഘട്ട പ്രവൃത്തികള്‍ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം തടസപ്പെട്ടു. കാട്ടാനശല്യത്തിന് പരിഹാരമായി കേരളത്തില്‍ തന്നെ ആദ്യമായി നടപ്പാക്കുന്ന വേലിയുടെ കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമുള്ള അന്‍പതോളം ഇടസ്ഥലങ്ങളില്‍ മാത്രമേ ഇനി പണി പൂര്‍ത്തിയാക്കാനുള്ളൂവെങ്കിലും ലോക്ഡൗണ്‍ പ്രഖ്യാപനം തിരിച്ചടിയായി. പണി നിലച്ചതിനാല്‍ നിലവിലുള്ള വിടവുകളിലൂടെ കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നുണ്ട്. ലോക്ഡൗണ്‍ കഴിഞ്ഞാലുടനെ പ്രവൃത്തികള്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലി മുതല്‍ ബത്തേരി നഗരസഭയിലെ കെഎസ്ആര്‍ടിസി ഡിപ്പോ പരിസരം വരെ വയനാട് വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിയില്‍ 10.3കിലോമീറ്റര്‍ നീളത്തിലാണ് റെയില്‍പാള വേലി തീര്‍ക്കാന്‍ പദ്ധതി തയാറായത്.
റെയില്‍പാളം കിട്ടാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍ ഒരു വര്‍ഷം മുന്‍പ് തുടങ്ങിയ പണി ഇടക്കാലത്ത് വേഗം കുറഞ്ഞിരുന്നു. റെയില്‍പാള വേലിക്കായുള്ള 3333 തൂണുകള്‍ പൂര്‍ണമായും കുഴിച്ചിട്ടുകഴിഞ്ഞു. ഒരു മീറ്റര്‍ മണ്ണിനടിയിലേക്കും 2.5മീറ്റര്‍ മണ്ണിന് മുകളിലേക്കുമായാണ് തൂണുകള്‍ കുഴിച്ചിടുന്നത്. 60 സെന്റീമീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റും മുകളിലായി 40 സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ടു നികത്തുകയുമാണ് ചെയ്യുന്നത്.

കഴിഞ്ഞ മഴക്കാലത്തിന് മുന്‍പ് മണ്ണിട്ട് നികത്തിയ തൂണുകള്‍ ഉറച്ചെങ്കിലും ഇത്തവണ മണ്ണിട്ടുകൊണ്ടിരിക്കുന്നവ പൂര്‍ണ ബലത്തിലേക്ക് എത്തുന്നതേയുള്ളു. അതുകൊണ്ടു തന്നെ മൂടക്കൊല്ലി, തേന്‍കുഴി ഭാഗത്ത് തൂണുകള്‍ മറിച്ചിട്ട് കാട്ടാനകളെത്തിയിരുന്നു.
3 മീറ്റര്‍ വീതം അകലത്തിലാണ് ഒരോ തൂണുകളും. തൂണുകളില്‍ 3 വരി ക്രോസ് ബാറുകളുണ്ട്. തൂണുകള്‍ക്ക് ബ്രോഡ് ഗേജും ക്രോസ് ബാറുകള്‍ക്ക് മീറ്റര്‍ ഗേജും ഉപയോഗിക്കുന്നു. ഒന്നോ,രണ്ടോ തൂണുകള്‍ക്കിടയിലായുള്ള അന്‍പതോളം ഭാഗങ്ങളിലാണ് വെല്‍ഡിങും മറ്റും ഇനി ആവശ്യമുള്ളത്.15 കോടി രൂപ മുതല്‍ മുടക്കിലാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. നേരത്തെ 10 കിലോമീറ്റര്‍ നീളത്തില്‍ എല്ലാ ഭാഗത്തു കൂടിയും കാട്ടാനകളെത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ തുറന്നു കിടക്കുന്ന ഭാഗത്തു കൂടി കൂട്ടമായാണ് ആനകളെത്തുന്നത്.
https://www.facebook.com/Malayalivartha
























