കേരളത്തിന് ആശ്വാസം.. കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാതെ ആശങ്കയുടെ മുള്‍മുനയില്‍ ഇന്ത്യ! കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 300 ആയി, 9000ലധികം പേര്‍ക്ക് രോഗബാധ, മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരം...

കേരളത്തിന് ഏറെ ആശ്വാസം നല്‍കിയ ദിവസമായിരുന്നു കഴിഞ്ഞ ദിവസം. കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ഏറെ ആശ്വാസത്തിലാണ് കേരളം. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇന്നലെ 2 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
അതേസമയം ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടേയും വൈറസ് ബാധിതരുടേയും എണ്ണം ഉയരുന്നു. രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 300 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 9000 കടന്നു. പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാതെ ആശങ്കയിലായിരിക്കുകയാണ് രാജ്യം. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ മാത്രം 22 പേരാണ് മരിച്ചത്. ഡല്‍ഹിയില്‍ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 221 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 217 പേര്‍ മുംബൈയില്‍ നിന്നുള്ളവരാണ്. മുംബൈയില്‍ മാത്രം 16 മരണമാണ് സ്ഥിരീകരിച്ചത്.
കൊറോണ ബാധിതരുടെ എണ്ണം മഹാരാഷ്ട്രയില്‍ കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് 1982 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ ധാരാവിയില്‍ 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ഇവിടെ ആകെ രോഗ ബാധിതരുടെ എണ്ണം 45 ആയി. നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം അഞ്ച് പേരാണ് ജല്‍ഹിയില്‍ കൊറോണ ബാധിച്ച് മരിച്ചത്. 85 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ രോഗ ബാധിതരുടെ എണ്ണം 1154 ആയി. ഡോക്ടര്‍മാരും നഴ്‌സുമാരടക്കം രാജ്യത്ത് 90 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ 23 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 306 ആയി. ബീഹാര്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 29ന് രാജ്യത്ത് 979 കൊറോണ കേസുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 9000 ആയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















