പത്തനംതിട്ടയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നും നാട്ടില്‍ എത്തിയ ചിറ്റാര്‍ സ്വദേശിക്ക്...

ദുബൈയില്‍ നിന്നും നാട്ടില്‍ എത്തിയ ചിറ്റാര്‍ സ്വദേശിക്കാണ് പത്തനംതിട്ടയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് പ്രകടമായ രോഗലക്ഷണങ്ങളില്ലായിരുന്നു. ഇതോടെ 9 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. മാര്‍ച്ച് 22നാണ് ദുബൈയില്‍ ജോലി ചെയ്യുന്ന ഇയാള്‍ നാട്ടിലെത്തിയത്. ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ഇവിടെ നിന്നും സ്വകാര്യ വാഹനത്തിലാണ് പത്തനംതിട്ടയിലെ ചിറ്റാറിലെ വീട്ടിലേക്കെത്തിയത്. വീട്ടിലേക്കുള്ള യാത്രക്കിടെ ചിറ്റാര്‍ പോലീസ് സ്റ്റേഷനും സന്ദര്‍ശിച്ചിരുന്നു. വീട്ടിലെത്തിയത് മുതല്‍ ക്വാറന്റൈനിലേക്ക് മാറി.
വിദേശത്ത് നിന്നും മടങ്ങിയെത്തിയ ആളെന്ന നിലക്കാണ് ആരോഗ്യ വകുപ്പ് സ്രവ സാമ്പിളുകള്‍ ശേഖരിച്ചത്. ഇയാളുള്‍പ്പെടെ ജില്ലയില്‍ അവസാനം രോഗം സ്ഥിരീകരിച്ച നാല് പേര്‍ക്കും പ്രകടമായ രോഗലക്ഷണങ്ങളില്ലായിരുന്നു. രോഗം സ്ഥിരീകരിച്ചവരുള്‍പ്പെടെ 16 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 6247 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതുവരെ അയച്ചതില്‍ 520 സാമ്പിള്‍ പരിശോധനാ ഫലങ്ങളാണ് ഇനിയും ലഭിക്കാനുള്ളത്.
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അഭിമാനമായ പ്രവര്‍ത്തനമാണ് പത്തനംതിട്ട ജില്ല നടത്തിയത്. കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ജില്ലയുടെ പേരെടുത്തു പറഞ്ഞ് അഭിനന്ദനം അറിയിച്ചിരുന്നു . രോഗവ്യാപനം തടയാന്‍ സമര്‍ഥമായി ഇടപെട്ടതും കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചതിനും ഉദാഹരണമാണ് പത്തനംതിട്ട എന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
പ്രായമായവര്‍, ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവരുടെ കണക്കുകള്‍ വീടുകളില്‍ പോയി ശേഖരിച്ചതിന് പത്തനംതിട്ടയും മഹാരാഷ്ട്രയിലെ പുണെയുമാണ് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രോഗികളുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയാറാക്കുക, അവര്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തുക, വാര്‍ റൂം സജ്ജമാക്കുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുക, രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും മികച്ച പിന്തുണ നല്‍കുക എന്നീ കാര്യങ്ങളില്‍ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ അടിവരയിട്ട് എടുത്തു പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയിലെ കരുത്തിനുള്ള ഉദാഹരണം കൂടിയാണ് ഈ വാക്കുകള്‍.
https://www.facebook.com/Malayalivartha





















