സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ഇന്നലെ ഒരാള്‍ക്ക് പോലും പുതുതായി രോഗം കണ്ടെത്താതിരുന്നത് ആശ്വാസം നല്‍കുന്നതാണ്. ഇന്ന് കുറെപ്പേര്‍ക്ക് കൂടി രോഗം ഭേദമാകുമെന്നും ആരോഗ്യമന്ത്രി. എങ്കിലും പൂര്‍ണമായി ആശ്വാസമായി എന്ന് പറയാന്‍ കഴിയുകയില്ല. ഇതരസംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കയുളവാക്കുന്നുണ്ട്.
എല്ലായിടത്തും രോഗബാധിതരുടെ എണ്ണം കുറഞ്ഞാല്‍ മാത്രമേ പൂര്‍ണമായി ആശ്വാസം ലഭിക്കുകയുളളൂ. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും ഇതിന് വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംശയം ഉളളവരെ മുഴുവന്‍ ക്വാറന്റൈന്‍ ചെയ്യാന്‍ സാധിച്ചു. രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ മുഴുവന്‍ കണ്ടെത്താന്‍ സാധിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ ഉളളവരെ പോലും പരിശോധനയ്ക്ക് വിധേയമാക്കി. എങ്കിലും കോണ്‍ടാക്ട് ട്രേസിങ്ങില്‍ ഒരു കണ്ണി വിട്ടുപോകാം. അതില്‍ നിന്ന് കുറച്ച് കേസുകള്‍ ഉണ്ടാകാനുളള സാധ്യത തളളി കളയാന്‍ സാധിക്കുകയില്ല. അത്തരം ഭയം ഉണ്ട്.
എങ്കിലും നിലവില്‍ ഫലപ്രദമായി കോണ്‍ടാക്ട് ട്രേസിങ് നടത്താന്‍ സാധിച്ചിട്ടുണ്ട് എന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. 10 രോഗബാധിതരെ കണ്ടെത്തുമ്‌ബോള്‍ 1000 കേസുകള്‍ മുന്‍കൂട്ടി കണ്ടുളള തയ്യാറെടുപ്പുകളാണ് നടത്തിയത്. കിറ്റ് കിട്ടുന്ന മുറയ്ക്ക് ആന്റി ബോഡി ടെസ്റ്റ് ആരംഭിക്കും. ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാം തയ്യാറാക്കി കഴിഞ്ഞു. മുന്‍ഗണന അനുസരിച്ച് ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha





















