റെയില്‍വേ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി; അറ്റകുറ്റപ്പണിക്കായെത്തുന്ന ട്രെയിനിലൂടെ ആള്‍ക്കാര്‍ കേരളത്തിലേക്ക് ഒളിച്ചുകടക്കുന്നു

രാജ്യത്ത് ലോക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ റെയില്‍വേ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വൈകിട്ട് നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സിഗ്‌നല്‍ അറ്റകുറ്റപ്പണിക്കായെത്തുന്ന ട്രെയിനില്‍ അനധികൃതമായി ചിലര്‍ കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ട്രെയിനിലൂടെ തിരുവനന്തപുരത്ത് എത്തിയ മൂന്ന് ജീവനക്കാരെ കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച വിവരവും അദ്ദേഹം പങ്കുവച്ചു. അതേസമയം, ഇന്ന് സംസ്ഥാനത്ത് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിക്കാണ് സമ്ബര്‍ക്കത്തിലൂടെ കൊവിഡ് രോഗം പകര്‍ന്നിരിക്കുന്നത്. ഏഴ് പേര്‍ക്ക് ഇന്ന് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ട് നാലുപേര്‍ക്കും കോഴിക്കോട് രണ്ടുപേര്‍ക്കും കൊല്ലത്ത് ഒരാള്‍ക്കുമാണ് രോഗം ഭേദമായിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതായും ഒരു ലക്ഷത്തില്‍ താഴെ എത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























