കണ്ണൂരില്‍ ഒരു വീട്ടില്‍ പത്ത് പേര്‍ക്ക് കോവിഡ്, ജില്ലയില്‍ നിയന്ത്രണം കൂടുന്നു

കണ്ണൂര്‍ ജില്ലയില്‍ സമൂഹ വ്യാപനം ഉണ്ടായില്ലെങ്കിലും അതിനുള്ള പഴുതുകളെല്ലാം അടയ്ക്കാന്‍ ലക്ഷ്യമിട്ട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.104 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ കണ്ണൂരിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്. വിദേശത്തു നിന്നെത്തിയവര്‍ക്കു നിശ്ചയിച്ചിരുന്ന ക്വാറന്റീന്‍ കാലാവധിയായ 28 ദിവസത്തിനു ശേഷവും രോഗം സ്ഥിരീകരിക്കുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്.
ചികിത്സയിലിരിക്കെ മരിച്ച ചെറുകല്ലായി സ്വദേശിക്ക് എങ്ങനെ രോഗബാധയുണ്ടായി എന്നു കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെത്തേടിയുള്ള അന്വേഷണത്തെ തുടര്‍ന്നു സ്രവ പരിശോധനയ്ക്കു വിധേയരാക്കിയവരില്‍ മൂന്നു പേര്‍ക്കു കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവര്‍ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ ആണെന്നതു സ്ഥിതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഒരു വീട്ടില്‍ 10 പേര്‍ക്കാണു സമ്പര്‍ക്കംവഴി രോഗബാധയുണ്ടായത്. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍പേര്‍ക്കു രോഗബാധയുണ്ടാവുന്നതും ജാഗ്രത വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കി. 33 മുതല്‍ 36 വരെ ദിവസങ്ങള്‍ക്കു ശേഷം രോഗബാധ സ്ഥിരീകരിക്കുമ്പോഴും കാര്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്നതും ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞവര്‍ പുറത്തിറങ്ങുന്നതും വീട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരുമായും അടുത്തിടപഴകുന്നതും രോഗവ്യാപനത്തിനു കാരണമാകുമോ എന്നാണ് ആശങ്ക.
ക്വാറന്റീന്‍ കാലാവധി കഴിഞ്ഞശേഷം ബാര്‍ബറെക്കൊണ്ടു മുടിമുറിപ്പിച്ച വേളാപുരം സ്വദേശിക്കു പിന്നീട് കോവിഡ് സ്ഥീരികരിച്ചതോടെ ഒട്ടേറെപ്പേരെ ഒന്നിച്ചു നിരീക്ഷണത്തില്‍ കൊണ്ടുവരേണ്ടി വന്നു.
വിമാന സര്‍വീസുകള്‍ നിര്‍ത്തുകയും അതിര്‍ത്തികള്‍ ഏറെക്കുറെ അടയ്ക്കുകയും ചെയ്തിട്ടു മൂന്നാഴ്ചയിലേറെ പിന്നിടുമ്പോഴും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതു തുടരുകയാണ്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും വിദേശത്തു നിന്നെത്തിയ മുഴുവന്‍ പേരെയും ഇവരുടെ പ്രൈമറി കോണ്ടാക്ടുകളെയും സ്രവ പരിശോധനയ്ക്കു വിധേയമാക്കി പഴുതടയ്ക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha

























