ഒഡീഷയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന 3.5 ടണ്‍ പഴകിയ മത്സ്യം പിടിച്ചു

വാളയാര്‍ ചെക്‌പോസ്റ്റില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ലോക്ഡൗണിന്റെ മറവില്‍ സംസ്ഥാനത്തേക്കു കടത്തിയ 3.5 ടണ്‍ പഴകിയ മത്സ്യം പിടികൂടി. മൂന്നാഴ്ചയിലേറെ പഴക്കമുണ്ടെന്നു കരുതുന്ന മത്സ്യം പുഴുവരിച്ച നിലയിലായിരുന്നു. ഡ്രൈവര്‍ തിരുനെല്‍വേലി കറുപ്പുസ്വാമി സ്ട്രീറ്റില്‍ ശങ്കരനഗര്‍ സ്വദേശി പെരിയസ്വാമിയെ(28) അറസ്റ്റ് ചെയ്തു.
മത്സ്യം സൂക്ഷിച്ചിരുന്നത് 100 കിലോയുടെ 35 പെട്ടികളിലായാണ്. ഒഡീഷയില്‍നിന്നു ചാവക്കാടുള്ള ഏജന്‍സിക്കു വേണ്ടിയാണു മത്സ്യം എത്തിച്ചതെന്നു ഡ്രൈവര്‍ പറഞ്ഞു. ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വാളയാര്‍ ചെക്പോസ്റ്റില്‍ പരിശോധന ഉണ്ട്. പാലക്കാട് സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ മധുസൂദനനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നുള്ള പരിശോധനയിലാണു മത്സ്യം പിടികൂടിയത്.
പുതുശ്ശേരി പഞ്ചായത്തിന്റെ സഹായത്തോടെ ഒഴിഞ്ഞ സ്ഥലത്തു കുഴിച്ചുമൂടി. ഭക്ഷ്യ സുരക്ഷാ വിഭാഗം ഇന്‍സ്‌പെക്ടര്‍ ഡോ. ഫസീന, ഫിഷറീസ് വിഭാഗം ഉദ്യോഗസ്ഥന്‍ സന്തോഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha

























