കൂലിപ്പണിക്കാരനെ മറയാക്കി പ്ലൈവുഡ് കമ്പനിയുടെ പേരില്‍ ജിഎസ്ടി തട്ടിപ്പ്; കൂലിപ്പണിക്കാരനായ 'കോടീശ്വരന്'ഞെട്ടലില്‍

എറണാകുളം ജില്ലയില്‍ കാഞ്ഞിരക്കാട് ചക്കരക്കാട്ട് കാവിനു സമീപം താമസിക്കുന്ന മൂലേപ്പറമ്പ് എം.കെ.സുനിക്ക് (49) ജിഎസ്ടി വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചു. സുനിയുടെ പേരിലുള്ള കമ്പനി 2017-മുതല്‍ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ കൃത്യമായി ചെയ്തിട്ടില്ലെന്നാണ് നോട്ടിസില്‍ പറയുന്നത്.
താന്‍ കൂലിപ്പണി ചെയ്യുന്നയാളാണെന്നും തന്റെ പേരില്‍ കമ്പനിയുള്ള കാര്യം അറിയില്ലെന്നും സുനി പറഞ്ഞു. പരിചയമുള്ള ഒരു പ്ലൈവുഡ് കമ്പനിയുടമയ്ക്ക് ചില രേഖകളിലും ചെക്കിലും ഒപ്പിട്ടു നല്‍കിയിരുന്നു. 1000 രൂപ അയാള്‍ നല്കി. ഇതിലപ്പുറം തനിക്കൊന്നും അറിയില്ലെന്നും അറിവില്ലായ്മ മുതലെടുത്തു ചതിക്കുകയായിരുന്നെന്നും സുനി പറഞ്ഞു.
ഈ കമ്പനിയുടെ വിറ്റുവരവ് 3,15,97,721 രൂപയാണെന്നും എന്നാല്‍ ഇതിന് അനുസൃതമായ നികുതിയിടപാട് നടന്നിട്ടില്ലെന്നും കാരണം അറിയിക്കണമെന്നുമാണ് നോട്ടിസിലുള്ളത്. 2017-ല്‍ ഒരു പ്രാവശ്യവും 2018-ല്‍ ആദ്യ 3 മാസവും ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ട്. പിന്നീട് വീഴ്ച വരുത്തി.
പ്ലൈവുഡ് ഉല്പന്നങ്ങള് വാങ്ങിയയാള്‍ ജിഎസ്ടി ഫയല്‍ ചെയ്യുകയും കയറ്റിയയച്ചയാള്‍ ഫയല്‍ ചെയ്യാതിരിക്കുകയും ചെയ്തതോടെയാണ് ഇക്കാര്യം ജിഎസ്ടി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ ഈയിടെയാണ് സുനിയും അമ്മയും, താമസിച്ചിരുന്ന പ്ലാസ്റ്റിക് വലിച്ചു കെട്ടിയ വീട്ടില്‍ നിന്നും പുതിയ വീടു പണിത് മാറിയത്.
പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് മുന്‍പ് 130 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. നിര്‍ധനരെയും അറിവില്ലാത്തവരെയും കബളിപ്പിച്ച് കമ്പനികള്‍ റജിസ്റ്റര്‍ ചെയ്ത് ജിഎസ്ടി തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായാണു സൂചന.
https://www.facebook.com/Malayalivartha


























