ആലുവ താലൂക്കാശുപത്രിയില്‍ രോഗി ചികിത്സകിട്ടാതെ ആംബുലസില്‍ കിടന്ന് മരിച്ചുവെന്ന് ആരോപണം... പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാവിലെ ആലുവ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും അര മണിക്കൂറോളം ആംബുലന്‍സില്‍ തന്നെ കിടത്തിയെന്നാണ് ആരോപണം

കൊച്ചിയില്‍ ചികിത്സ കിട്ടാതെ സെക്യൂരിറ്റി ജീവനക്കാരന് ആംബുലന്‍സില്‍ കിടന്ന് മരിച്ചുവെന്ന് ആരോപണം. ആലുവയിലെ സെക്യൂരിറ്റി ജീവനക്കാരന് വിജയനാണ് മരിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാവിലെ ആലുവ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും അര മണിക്കൂറോളം ആംബുലന്‍സില്‍ തന്നെ കിടത്തിയെന്നാണ് ആരോപണം. അത്രയും നേരം കിടന്നിട്ടും ആരും വന്ന് നോക്കിയില്ലെന്നാണ് ആംബുലന്‍സ് ഡ്രൈവറും നാട്ടുകാരും പറയുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കടുത്ത പനി ബാധിച്ച നിലയിലായിരുന്നു വിജയനെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു. ഫ്ളാറ്റില്‍ നിന്നൂം ആംബുലന്‍സിലേക്ക് നടന്ന് കയറിയതാണ് വിജയനെന്ന് ആംബുലന്‍സ് ഡ്രൈവര്‍ സുമേഷ് പറയുന്നു.ഒമ്പതേകാലിന് കൊറോണ ചികിത്സ ലഭ്യമാക്കുന്ന അത്യാഹിത വിഭാഗത്തില്‍ എത്തിച്ച വിജയനെ ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ തിരിഞ്ഞുനോക്കിയില്ലെന്നും അരമണിക്കൂറിലേറെ ആംബുലന്‍സില്‍ കിടന്ന രോഗി മരിക്കുകയുമായിരുന്നു. മരണശേഷമാണ് ജീവനക്കാര്‍ എത്തിയതെന്നും സുമേഷ് ആരോപിച്ചു. രോഗിയെ എത്തിച്ച വിവരം അത്യാഹിത വാര്‍ഡില്‍ ചെന്ന് അറിയിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആംബുലന്‍സ് ജീവനക്കാരന് പറയുന്നു
എന്നാല്‍ ആരോപണം ആലുവ താലൂക്ക് ആശുപത്രി അധികൃതര്‍ തള്ളി. രോഗിയെ ഫീവര്‍ ഒപിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും കൂടെ വന്നവര്‍ ഇത് സമ്മതിച്ചില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
അതേസമയം 9.40-ഓടെ മാത്രമാണ് ആംബുലന്‍സ് ആശുപത്രിയിലെത്തിയതെന്നും കോവിഡ് വാര്‍ഡിന് മുന്നില്‍ എത്തിച്ചതിനാല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള കാലതാമസം മാത്രമാണ് നേരിട്ടതെന്നാണ് ആശുപത്രി ജീവനക്കാര്‍ പ്രതികരിച്ചത്.
പനി ഒപിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. പിപിഇ കിറ്റ് ധരിച്ച് ഡോക്ടര്‍മാര്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു.
https://www.facebook.com/Malayalivartha


























