മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവർക്ക് കോവിഡ്; രണ്ടുകുടുംബത്തിലെ ഏഴുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

കേരളത്തിൽ കൊറോണ വ്യാപനത്തിന്റെ കണക്കുകൾ ആയിരത്തിനടുത്ത് തന്നെയാണ് നില്കുന്നത്. രോഗമുക്തിയും അതുപോലെ തന്നെ ഉയരുന്നു എങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. ഇതേതുടർന്ന് വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത രണ്ടുകുടുംബത്തിലെ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചയാളുടെ സംസ്കാരച്ചടങ്ങിന് ഈ മാസം 19-ന് വാളാട് കൂടൻ കുന്നിലെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത് തന്നെ. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന ബന്ധുകളായ രണ്ടുപേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഇതേതുടര്‍ന്നാണ് ഇവര്‍ക്കൊപ്പം സംസ്കാരച്ചടങ്ങളില്‍ പങ്കെടുത്തവരുടെ ആന്റിജന്‍ പരിശോധന നടത്തിയത്.
ഇതേതുടർന്ന് പ്രദേശത്തെ കൂടുതൽ ആളുകളിൽ ആൻ്റിജൻ പരിശോധന തുടങ്ങിയിരിക്കുകയാണ്. സമീപത്തെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത നാൽപതോളം പേർക്ക് രോഗലക്ഷണമുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം ഇതിനിടെ സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വൈറസ്ബാധ സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇടുക്കി മാമാട്ടിക്കാനം ചന്ദനപുരയിടത്തില്‍ സി.വി വിജയനാണ് മരിച്ചത്. കാന്‍സറിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് ചികില്‍സയ്ക്കായി മാറ്റുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു മരണം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























