സമീക്ഷ എന്തിനിതു ചെയ്തു..? മലയാളി പെണ്‍കുട്ടിയുടെ മരണത്തില്‍ വിറങ്ങലിച്ച് കുടുംബം.. കുട്ടി വീണ് കിടക്കുന്നത് കണ്ടത് കെട്ടിട കാവല്‍ക്കാരന്‍

എന്തിനാണ് ആ മോള് ഇതു ചെയ്തത്?എന്ന ചോദ്യമാണ് ഇപ്പൊ ഓരോ മലയാളിയുടെയും മനസ്സിലുയരുന്ന ചോദ്യം. മലയാളി പെണ്‍കുട്ടിയുടെ മരണത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് യുഎഇയിലെ മലയാളി സമൂഹം . സമീക്ഷാ പോള്‍ എന്ന പതിനഞ്ചുകാരിയുടെ മരണമായിരുന്നു ഇന്നലെ യുഎഇ മലയാളി സമൂഹത്തിനിടയിലെ പ്രധാന സംസാര വിഷയം. എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശി ബിനുപോളിന്റെയും മേരി പോളിന്റെയും ഇരട്ടക്കുട്ടികളിലൊരാളായ സമീക്ഷാ പോളെന്ന പത്താം ക്ലാസുകാരിയുടെ മരണം മലയാളി സമൂഹത്തിനു മേല്‍ ഏല്‍പ്പിച്ച ആഘാതം അത്രമാത്രം വലുതാണ്
ഞായറാഴ്ച അര്‍ധരാത്രിയായിരുന്നു അജ്മാന്‍ ഭവന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിയായ സമീക്ഷയെ കുടുംബം താമസിക്കുന്ന ഷാര്‍ജ അല്‍താവൂനിലെ ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അപാര്‍ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് കുട്ടി ചാടിയതാണെന്നാണ് കരുതുന്നത്. ഉയരം കുറവായ കുട്ടി ബാല്‍ക്കണിയില്‍ നിന്ന് ചാടാന്‍ വേണ്ടി ഉപയോഗിച്ച ബക്കറ്റ് സംഭവ സ്ഥലത്തുണ്ടായിരുന്നു.
കുട്ടി വീണ് കിടക്കുന്നത് കണ്ട് കെട്ടിട കാവല്‍ക്കാരന്‍ വിവരമറിയിച്ചതനുസരിച്ചാണ് ബുഹൈറ പൊലീസ് സ്ഥലത്തെത്തിയത്. ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ കുടുംബം ഗാഢ നിദ്രയിലായിരുന്നപ്പോഴായിരുന്നു സംഭവം നടന്നത്. പൊലീസ് വിളിച്ചറിയിച്ചപ്പോഴായിരുന്നു ഇവര്‍ തങ്ങളുടെ മകള്‍ വീണുകിടക്കുന്ന കാര്യം അറിയുന്നത് തന്നെ. പതിവുപോലെ ഉറങ്ങാന്‍ കിടന്ന മകള്‍ മരണത്തിലേയ്ക്ക് സ്വയം ചാടാന്‍ എണീറ്റ് പോയത് മാതാപിതാക്കളും ഇരട്ടസഹോദരിയും അറിഞ്ഞതേയില്ലായിരുന്നു.പുലര്‍ച്ച 2.35 ന് സമീക്ഷ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി.
സമീക്ഷയുടെ മരണം കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും ഉത്തരം കിട്ടാത്ത സമസ്യയായി തുടരുകയാണ് . കുടുംബത്തില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നുവെന്ന് ഇവരെ അടുത്തറിയുന്നവരും ബന്ധുക്കളും പറയുന്നു. മിതഭാഷിയാണെങ്കിലും പഠിക്കാന്‍ മിടുക്കിയായിരുന്നു. ഇപ്രാവശ്യം പത്താം തരത്തിലേയ്ക്ക് പാസായ കുട്ടി ഓണ്‍ലൈന്‍ ക്ലാസുകളില്‍ സജീവമായിരുന്നു. ഷാര്‍ജ മാര്‍തോമാ പള്ളിയിലെ സംഗീത ട്രൂപ്പില്‍ അംഗമായിരുന്നു. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന വ്യക്തിയെന്നാണ് സമീക്ഷയെ അറിയാവുന്നവര്‍ക്കു പറയാനുള്ളത്. എന്നിട്ടും സമീക്ഷയ്ക്ക് എന്താണ് സംഭവിച്ചതെന്ന ചോദ്യം പരസ്പരം ചോദിക്കുകയാണ് എല്ലാവരും. സമീക്ഷ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
കെട്ടിടത്തിന് താഴെ ഇഷ്ടിക പാകിയ വഴിയിലാണ് കുട്ടി പതിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി മാതാപിതാക്കളെ ചോദ്യം ചെയ്തു.
കാവല്‍ക്കാരന്‍ പതിവുപോലെ കെട്ടിടത്തിന് ചുറ്റും നടക്കുമ്പോഴായിരുന്നു സമീക്ഷ വീണ് കിടക്കുന്നത് കണ്ടത്. ആദ്യത്തെ ഞെട്ടല്‍ വിട്ടുമാറാന്‍ ഇയാള്‍ക്ക് ഏറെ സമയമെടുത്തു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിയിരുന്നു. ഉടന്‍ തന്നെ പൊലീസ് എത്തുകയും ചെയ്തു. 5 പാര്‍ക്കിങ് നിലകളടക്കം 24 നിലകളുള്ള കെട്ടിടമാണിത്. മലയാളി കുടുംബങ്ങളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ഇവിടെ താമസിക്കുന്നു.
ദുബായിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ ബിനുപോളും കുടുംബവും ഒരു വര്‍ഷം മുന്‍പാണ് ഷാര്‍ജയിലെത്തിയത്. മെറിഷ് പോളാണ് സമീക്ഷയുടെ ഏക സഹോദരി. ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റിയ മൃതദേഹം അന്വേഷണത്തിന് ശേഷം പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.അതിനുശേഷം , നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരൂമാനം. സംഭവത്തെക്കുറിച്ച് ബുഹൈറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha