തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മരാമത്ത് ഓഡിറ്റും നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണവും അട്ടിമറിച്ചു

തിരുവിതാംകൂര്‍ ദേവസ്വത്തില്‍, കഴിഞ്ഞ ബോര്‍ഡിന്റെ കാലത്ത് അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല ഗ്രൂപ്പുകളില്‍ ചെയ്യാത്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു ബില്‍ എഴുതി കോടികള്‍ തട്ടിയതുമായി ബന്ധപ്പെട്ട അന്വേഷണം മരാമത്തിലെ ഉന്നതര്‍ മുക്കി. അഴിമതി അന്വേഷിക്കണമെന്ന് ദേവസ്വം ഓംബുഡ്സ്മാന്‍ ദേവസ്വം വിജിലന്‍സിന് നല്‍കിയ നിര്‍ദേശവും മരവിച്ചു.
ദേവസ്വം മരാമത്തില്‍ പത്തു വര്‍ഷംകൊണ്ട് 1200 കോടിയോളം രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടന്നത്. എന്നിട്ടും ഓഡിറ്റിനു ബോര്‍ഡ് തയാറാകുന്നില്ല. സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടേതിനു സമാനമായ ശമ്പളവും ആനുകൂല്യങ്ങളും ദേവസ്വം മരാമത്തിലും നല്‍കുമ്പോഴാണിത്.
പ്രതിവര്‍ഷം 60 മുതല്‍ 100 കോടിയോളം രൂപയാണ് മരാമത്ത് ജോലികള്‍ക്കായി ബോര്‍ഡ് മാറ്റിവയ്ക്കുന്നത്. ഇതിനു പുറമേ അമ്പലങ്ങളില്‍ പൂജകള്‍ മുടങ്ങാതിരിക്കാന്‍ മാറ്റിവച്ചിരുന്ന കരുതല്‍തുകയില്‍നിന്നു 35 കോടി രൂപ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റി. ഹൈക്കോടതിയുടെ ചട്ടപ്പടിയായുള്ള അനുവാദം വാങ്ങാതെ ഈ തുക കരാറുകാര്‍ക്ക് കുടിശിക കൊടുക്കാനായാണ് ചെലവഴിച്ചത്.
ഇത് വിവാദമായതോടെ കരുതല്‍ഫണ്ടില്‍നിന്നു വായ്പയെടുത്തതാണെന്നു പറഞ്ഞ് ബോര്‍ഡ് തലയൂരിയെങ്കിലും ഈ തുക പലിശ ഉള്‍പ്പെടെ 38 ലക്ഷത്തോളമായി. ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം നിലച്ചതോടെ തുക തിരിച്ചടയ്ക്കുന്നില്ല.
ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടസ് ഓഫീസറുടെ നേതൃത്വത്തില്‍ ബോര്‍ഡില്‍ ഓഡിറ്റ് വിഭാഗമുണ്ടെങ്കിലും ഓഡിറ്റിനായി നിയോഗിക്കുന്നത് പലപ്പോഴും വിരമിച്ച ഉദ്യോഗസ്ഥരെയാണ്. എസ്റ്റിമേറ്റിനേക്കാള്‍ കൂടിയ തുക ഓരോ നിര്‍മാണ ജോലികള്‍ക്കും ചെലവഴിക്കുമ്പോഴും ഓഡിറ്റും അന്വേഷണവുമില്ലാത്തതിനാല്‍ കോടികള്‍ തട്ടിയ ഉദ്യോഗസ്ഥര്‍ക്കും ഒരു രൂപപോലും ബാധ്യതയില്ലാതെ വിരമിക്കാന്‍ സൗകര്യം ലഭിക്കുന്നു.
https://www.facebook.com/Malayalivartha