ബൈക്കപകടം: അര മണിക്കൂറോളം റോഡില്‍ കിടന്ന രണ്ടു യുവാക്കള്‍ ചോര വാര്‍ന്ന് മരിച്ചു

കോട്ടയം മുളങ്കുഴ - പാക്കില്‍ റോഡില്‍ കാക്കൂര്‍ ജംക്ഷനു സമീപം കെടിഡിസി ഔട്ട്‌ലെറ്റിനു മുന്നില്‍ ഇന്നലെ ഉച്ചയ്ക്ക് 12-ന് ഉണ്ടായ
ബൈക്കപകടത്തില്‍ 2 യുവാക്കള്‍ മരിച്ചു. ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ അര മണിക്കൂറോളം വീണുകിടന്ന യുവാക്കള്‍ രക്തം വാര്‍ന്നാണ് മരിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ രക്ഷാ പ്രവര്‍ത്തനം വൈകിയെന്നു പരാതിയുണ്ട്. സഹായം തേടി വാഹനങ്ങള്‍ക്ക് കൈ കാട്ടിയെങ്കിലും പലരും നിര്‍ത്താതെ പോയി. റോഡില്‍ ആളുകള്‍ കുറവായിരുന്നു. കോവിഡ് ജോലിയിലായിരുന്നതിനാല്‍ 108 ആംബുലന്‍സ് കിട്ടിയില്ല.
ചാന്നാനിക്കാട് കണിയാന്മല തെക്കേപ്പറമ്പില്‍ സുരേഷ്‌കുമാറിന്റെ മകന്‍ വേണു എസ്.കുമാര്‍ (29), വേളൂര്‍ മാണികുന്നം പഴിഞ്ഞാല്‍ വടക്കേതില്‍ രാധാകൃഷ്ണന്റെ മകന്‍ ആര്‍.ആദര്‍ശ് (24) എന്നിവരാണ് മരിച്ചത്. കാരാപ്പുഴ സ്വദേശി വിഘ്‌നേശ് (30) ആണ് ആദര്‍ശ് സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്നത്. വിഘ്‌നേശ് ഗുരുതര പരുക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ്.
ആദര്‍ശിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകവേയാണ് മരിച്ചത്. അല്‍പ സമയം കഴിഞ്ഞ് അഭയയുടെ ആംബുലന്‍സ് എത്തി. വേണുവിനെയും വിഘ്‌നേശിനെയും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വേണുവിനെ രക്ഷിക്കാനായില്ല.
മുളങ്കുഴ ഭാഗത്തു നിന്ന് വിഘ്‌നേശും ആദര്‍ശുമെത്തിയ വാഹനം മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന വേണുവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.ആദര്‍ശിന്റെ സംസ്‌കാരം ഇന്നു 3-ന് വീട്ടുവളപ്പില്‍. വേണുവിന്റെ സംസ്‌കാരം പിന്നീട്. ആദര്‍ശിന്റെ മാതാവ്: ഉഷ, സഹോദരി നയന. വേണുവിന്റെ മാതാവ്: പനച്ചിക്കാട് പഞ്ചായത്ത് മുന്‍ അംഗം സലിജ. ഭാര്യ: ആതിര, മകള്‍: നിവേദ്യ.
https://www.facebook.com/Malayalivartha