ചാണകം മെഴുകിയ തറ; ചിമ്മിനി വിളക്കിനു ചുവട്ടില്‍ തെളിഞ്ഞ അക്ഷരങ്ങൾ; ജീവിതത്തിന്റെ കയ്പ്പേറിയ നിമിഷങ്ങളിലൂടെ കടന്നു പോയി; പല സാഹചര്യങ്ങളോടും പൊരുതി; പോരാത്തതിന് അമ്മയുടെ ആ വാക്കുകൾ പ്രചോദനമായി; സിവില്‍ സര്‍വീസ് പരീക്ഷയില്‍ 301-ാം റാങ്ക് നേടിയ വിവേക് കെ വിയുടെ ജീവിതം ഒരു പാഠപുസ്തകം തന്നെയാണ്

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 301-ാം റാങ്ക് നേടിയ വിവേക് കെ വി ജീവിതം ഏവർക്കും പ്രചോദനമാണ്. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പശ്ചാത്തലത്തില്‍ നിന്ന് കഠിന പരിശ്രമത്തിലൂടെ നേട്ടം പിടിച്ചുവാങ്ങിയ കഥയാണ് ഇദ്ദേഹത്തിന് പറയാനുള്ളത് . കുട്ടിക്കോല്‍ എന്ന ചെറിയ ഗ്രാമത്തില്‍ നിന്നുമാണ് വിവേക് വരുന്നത് .ചാണകം മെഴുകിയ തറയില്‍, ചിമ്മിനി വിളക്കിനു ചുവട്ടില്‍ തെളിഞ്ഞ അക്ഷരങ്ങളാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്കിന്റെ തിളക്കത്തിലേക്കു നയിച്ചത് . ഓലമേഞ്ഞ് ചാണകംമെഴുകിയ വീടാണ് വിവേകിന്റേത്. ഒരു ശുചിമുറിപോലും വീട്ടില്‍ ഇല്ലായിരുന്നു. അമ്മയ്ക്ക് ജോലിയുണ്ടായിരു ന്നു. എല്ലാ കഷ്ടപ്പാടില്‍നിന്നുമുള്ള മോചനം വിദ്യാഭ്യാസമാണെന്നു പറഞ്ഞുതന്ന അമ്മ കെ കെ പ്രഭാവതിക്കാണ് ഈ നേട്ടം വിവേക് സമര്‍പ്പിക്കുന്നത്. തെയ്യം കലാകാരനായ അച്ഛന്‍ മദ്യപാനിയായിരുന്നു.
വിവേകിനെയും സഹോദരിയെയും 25 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ വിട്ടാണ് പഠിപ്പിച്ചത്. രണ്ട് ബസും ഒരു ട്രെയിനും കയറി വേണം സ്‌കൂളിലെത്താന്‍. തിരിച്ച് വീട്ടിലെത്തിക്കഴിഞ്ഞാലും അമ്മയെ സഹായിക്കാനും വെള്ളം കോരിവെയ്ക്കാനുമായി വിവേകിന് സമയം ചെലവഴിച്ചു. ഈ അവസരത്തിലാണ് ഏത് സാഹചര്യത്തില്‍ നിന്നും പഠിക്കാനുള്ള കഴിവ് വിവേക് നേടിയെടുത്തത്. ബസില്‍ യാത്രചെയ്യുമ്ബോഴും ബസ് കാത്തുനില്‍ക്കുമ്ബോഴും വിവേക് പാഠപുസ്തകം കൈവിട്ടില്ല. എന്തിനേറെ മഴപെയ്യുമ്ബോള്‍ കുട പിടിച്ചുകൊണ്ട് നില്‍ക്കുമ്ബോള്‍ പോലും വിവേക് പഠനം കൈവിട്ടില്ല .
എന്‍ഐടി ട്രിച്ചിയിലായിരുന്നു ഉപരിപഠനം നടത്തിയത് . അവിടത്തെ പഠനകാലത്താണ് ഇംഗ്ലീഷ് അറിയാത്തത് ഒരു കുറവാണെന്ന് തിരിച്ചറിയുന്നത്. എന്‍ഐടിയിലെ മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം മുന്നേറാന്‍ ഹിന്ദുപത്രം വായിച്ച് അതിലെ വാക്കുകള്‍ കുറിച്ചു വെയ്ക്കാന്‍ തുടങ്ങി. മൂന്നുവര്‍ഷം കൊണ്ട് ഇംഗ്ലീഷ് പഠിച്ചു .
പഠനം കഴിഞ്ഞ ഉടന്‍ തന്നെ ജോലി കിട്ടി . എന്നാല്‍ ചെന്നൈ പോലെയൊരു നഗരത്തില്‍ ജീവിക്കാനും വീട്ടിലേക്ക് അയക്കാനുമുള്ള പണമില്ലായിരുന്നു. ക്യാറ്റ് പരീക്ഷ എഴുതിയാല്‍ നല്ലൊരു ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ അതും എഴുതി. ജോലിയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയി. ക്യാറ്റ് പരീക്ഷയില്‍ വിജയിച്ച വിവേകിന് കൊല്‍ക്കട്ട ഐഐഎമ്മില്‍ പ്രവേശനം ലഭിച്ചു.അവിടെ മാനവികവിഷയങ്ങളും പഠിക്കാനുണ്ടായിരുന്നു. അപ്പോഴാണ് ജാതി, മതം സാമൂഹികമായ പിന്നാക്കഅവസ്ഥ എന്നിവയെല്ലാം രാജ്യം നേരിടുന്ന വലിയ പ്രശ്‌നങ്ങളാണെന്ന് മനസിലായത്. സ്വന്തം ജീവിതത്തിലും ജാതി പലപ്പോഴും വില്ലനായിട്ടുണ്ടെന്ന തിരിച്ചറിവ് വിവേകിനുണ്ടായി. ഇനിയൊരു ജോലി ചെയ്യുകയാണെങ്കില്‍ സാമൂഹികപ്രതിബദ്ധതയുള്ള ജോലിയ്ക്ക് മാത്രമേ ശ്രമിക്കു എന്ന തീരുമാനത്തിലേക്ക് നയിച്ചത് ഈ അനുഭവങ്ങളാണ്. ഐഎമ്മിലെ പഠനശേഷം നല്ലൊരു കമ്ബനിയില്‍ ജോലി ലഭിച്ചു. കുടുംബത്തിന്റെ സാമ്ബത്തിക പ്രതിസന്ധികള്‍ കുറേയൊക്കെ പരിഹരിച്ചു . എന്നിരുന്നാലും യുപിഎസി എന്ന മോഹം മനസില്‍ ശക്തമായി രണ്ടുവര്‍ഷത്തോളം ഗുഡ്ഗാവിലെ ജോലിയ്‌ക്കൊപ്പം പരിശീലനം നടത്തി പരീക്ഷയെഴുതിയെങ്കിലും പരാജയപ്പെട്ടു.
ജോലി ഉപേക്ഷിച്ച് പഠിച്ചാല്‍ മാത്രമേ പ്രയോജനമൊള്ളൂ എന്ന് തിരിച്ചറിഞ്ഞ് ജോലി ഉപേക്ഷിച്ചു. ഒരു വര്‍ഷം മുഴുവന്‍ പരിശീലനത്തില്‍ മുഴുകുകയും ചെയ്തു . പ്രിലിംസ് പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് വിവേകിന് വീട്ടില്‍ നിന്നും ഫോണ്‍കോള്‍ വന്നു. അച്ഛന്‍ മരിച്ചു. ഈ പതിനഞ്ചു ദിവസം ജീവിതത്തിലെ ഏറ്റവും നിര്‍ണായക നിമിഷങ്ങളായിരുന്നു. മുറിയില്‍ ഇരുന്നാല്‍ പഠിക്കാന്‍ പറ്റുന്നില്ല, യാതൊന്നും ചെയ്യാന്‍ പറ്റുന്നില്ല. ജോലി വിടാതെ അച്ഛന്റെ കാര്യങ്ങള്‍ നോക്കിയിരുന്നെങ്കില്‍ അദ്ദേഹം മരിക്കില്ലായിരുന്നു തുടങ്ങിയ കുറ്റബോധങ്ങള്‍ വേട്ടയാടാന്‍ തുടങ്ങി.വിദ്യാഭ്യാസത്തിലുള്ള നിക്ഷേപങ്ങളാണ് ജീവിതത്തില്‍ മുന്നേറാന്‍ സഹായിച്ചത്. അതുകൊണ്ട് ഈ തീരുമാനവും തെറ്റില്ലെന്ന് വിശ്വസിച്ച് പരീക്ഷ എഴുതാന്‍ തീരുമാനിച്ചു. ആ ഭാഗ്യപരീക്ഷണത്തില്‍ വിവേക് വിജയിച്ചു.2018ല്‍ 667-ാം റാങ്ക് നേടി ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട് സര്‍വീസില്‍ ജോലിക്കു കയറി. അവധിയെടുത്തു കൊല്ലത്ത് സിവില്‍ സര്‍വീസ് അക്കാദമിയില്‍ മെന്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. രണ്ടാമത്തെ പരിശ്രമത്തിലാണു 301-ാം റാങ്കിലെത്തിയത്.
https://www.facebook.com/Malayalivartha