സ്വപ്നത്തിലും വിശ്വസിക്കരുത്... സ്വര്‍ണക്കടത്ത് കേസ് പുരോഗമിക്കും തോറും സ്വപ്നയെ സഹായിച്ച ഉന്നതര്‍ ഒന്നൊന്നായി കുടുങ്ങിത്തുടങ്ങി; ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കി; ആരോപണ വിധേയനായ അസി. കമ്മിഷണറെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

ദിവസങ്ങള്‍ കഴിയും തോറും നയതന്ത്ര പാഴ്‌സലില്‍നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസ് മാറി മറിയുകയാണ്. സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷിനേയും കൂട്ടരേയും പല ഘട്ടത്തില്‍ സഹായിച്ചവര്‍ ഒന്നൊന്നായി പുറത്ത് വരികയാണ്. അതില്‍ പല മേഖലയിലുള്ള ഉന്നതരുണ്ട്. ആദ്യമൊക്കെ സ്വപ്ന മൂടിവച്ച കാര്യങ്ങള്‍ പിന്നീട് മണിമണി പോലെ അന്വേഷണ സംഘത്തിന് മുമ്പാകെ തുറന്ന് പറഞ്ഞു. ഇതില്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുന്നത് ഈ കേസില്‍ വഴിത്തിരിവുണ്ടാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥരാണ്. അതേസമയം അവരെ ഞെട്ടിപ്പിച്ച് കൊണ്ട് കള്ളക്കടത്തു സംഘത്തിനനുകൂലമായി കസ്റ്റംസിലെ ഒരുദ്യോഗസ്ഥന്‍ ഇടപെട്ടതായാണ് സ്വപ്ന അവസാനമായി മൊഴി നല്‍കിയിരിക്കുന്നത്.
നയതന്ത്ര പാഴ്‌സല്‍ തടഞ്ഞുവച്ച കാര്‍ഗോ കോംപ്ലക്‌സ് അസിസ്റ്റന്റ് കമ്മിഷണറായ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കാന്‍ കസ്റ്റംസ് ആന്‍ഡ് ജിഎസ്ടി ചീഫ് കമ്മിഷണറേറ്റിലെ മറ്റൊരു അസിസ്റ്റന്റ് കമ്മിഷണര്‍ നിര്‍ദേശിച്ചതായാണു കസ്റ്റംസിന് നല്‍കിയ മൊഴിയിലുള്ളത്. ആരോപണവിധേയനായ അസി. കമ്മിഷണറെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതോടെ പെട്ടിരിക്കുകയാണ് ഈ ഉദ്യോഗസ്ഥന്‍. ജൂലൈ രണ്ടിന് സരിത്ത് തന്റെ വീട്ടിലുള്ളപ്പോഴാണ് സരിത്തിനെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വിളിച്ചതെന്നു സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. ജൂണ്‍ 30ന് കാര്‍ഗോ കോംപ്ലക്‌സിലെത്തിയ ബാഗേജ്, വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം ജൂലൈ അഞ്ചിനാണു കസ്റ്റംസ് തുറന്നു നോക്കുന്നതും കേസ് റജിസ്റ്റര്‍ ചെയ്യുന്നതും.
അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കാനാണു നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചതെന്നാണു ജൂലൈ 2 ന് സരിത്തിനെ വിളിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അദ്ദേഹം വീണ്ടും സരിത്തിനെ വിളിച്ച് വകുപ്പിലെ മേലധികാരിക്കു പരാതി നല്‍കണമെന്നു പറഞ്ഞത്. അതിനായി ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും നല്‍കുകയും ചെയ്തു. സരിത്താണ് ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞതെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. കഴിഞ്ഞദിവസം സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ സമര്‍പ്പിച്ച സ്വപ്നയുടെ മൊഴിയിലും ഇക്കാര്യമുണ്ട്.
അതേസമയം ഈ ഉദ്യോഗസ്ഥന്റെ ഇടപെടലിനെ പറ്റി സരിത്തിന്റെ മൊഴിയില്‍ പരാമര്‍ശങ്ങളില്ലെന്നാണു വിവരം. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സരിത്തിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അവസരം ലഭിച്ചിട്ടുമില്ല.
നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തെന്ന ആശയത്തിനു പിറകില്‍ ആരാണെന്ന സംശയത്തിന്റെ ഭാഗമായാണ് അന്വേഷണ സംഘം പ്രതികള്‍ക്ക് ഉദ്യോഗസ്ഥരുമായുള്ള ബന്ധം അന്വേഷിച്ചത്. സരിത്തും കസ്റ്റംസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധമുണ്ടായതെങ്ങയെന്നു സ്വപ്നയുടെ മൊഴിയിലില്ല. പാഴ്‌സല്‍ തടഞ്ഞുവച്ച കാര്യം, ആരോപണവിധേയനായ അസി. കമ്മിഷണര്‍ അറിഞ്ഞതെങ്ങനെയെന്നും വ്യക്തമല്ല.
സ്വര്‍ണക്കടത്തു കേസില്‍ കെ.ടി. റമീസ്, മുഹമ്മദ് ഷാഫി എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ അനുവദിക്കണമെന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ അപേക്ഷ സാമ്പത്തിക വിചാരണക്കോടതി തള്ളി. 14 ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞുവെന്ന കാരണം പറഞ്ഞാണ് അപേക്ഷ തള്ളിയത്.
അതേസമയം ഭീകരബന്ധം ആരോപിക്കപ്പെടുന്ന സ്വര്‍ണക്കടത്തു സംഘത്തിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകളില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായര്‍ എന്നിവരെ വിശദമായ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സമെന്റ് വാങ്ങി. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയ ശേഷം എന്‍ഐഎ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തന്നെ സ്വപ്നയില്‍ തട്ടി വീഴുമ്പോള്‍ മറ്റുള്ളവരുടെ കാര്യം പറയാനില്ല. ഏതായാലും അന്വേഷണം പുരോഗമിക്കുമ്പോഴറിയാം ഈ ഉദ്യോഗസ്ഥന്റെ തല ഉരുളുമോയെന്ന്.
"
https://www.facebook.com/Malayalivartha