പിടിച്ചെടുത്ത കായല്‍ മീന്‍ രഹസ്യമായി വില്‍ക്കുകയും ബാക്കി വീട്ടിലേക്കു കൊണ്ടുപോയെന്നുള്ള ആരോപണത്തില്‍ 3 എ എസ്‌ഐമാര്‍ക്കെതിരെ നടപടി

കഠിനംകുളം കായലില്‍ നിന്നും തീരദേശത്തുള്ള ചിലര്‍ വലവീശി പിടിക്കുന്ന കരിമീന്‍ , തിലോപ്പിയ, വരാല്‍ തുടങ്ങിയവ മുരുക്കുംപുഴ കടവില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിച്ചെടുത്ത് രഹസ്യമായി വില്‍ക്കുകയും ബാക്കി വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്‌തെന്നുള്ള ആരോപണത്തില്‍ മംഗലപുരം സ്റ്റേഷനിലെ മൂന്ന് എഎസ്‌ഐമാര്‍ക്കെതിരെ നടപടി. മൂന്നു പേരെ നെയ്യാറ്റിന്‍കര പുളിങ്കുടിയിലെ എആര്‍ ക്യാംപിലേക്ക് മാറ്റി റൂറല്‍ എസ്പി ഉത്തരവിറക്കി. സംഭവത്തില്‍ പ്രധാനിയെന്നു പൊലീസ് രഹസ്യ വിഭാഗങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടു ചെയ്തിരുന്ന എസ്‌ഐയെ രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ ഒഴിവാക്കിയെന്നാണ് പുതിയ ആരോപണം.
എസ്പിയുടെ നിര്‍ദ്ദേശപ്രകാരം പകരക്കാരനായി എത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി വി. എസ് ദിനരാജിനായിരുന്നു അന്വേഷണച്ചുമതല. ഇതിന്റെ ഭാഗമായി ഡിവൈഎസ്പി മംഗലപുരം സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. കായല്‍ മീന്‍ പിടിച്ചെടുക്കുന്നതും വില്‍പ്പന നടത്തുന്നതും മലയാള മനോരമ ചിത്രം സഹിതം വാര്‍ത്ത നല്‍കിയിരുന്നു.
സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡിജിപി ഉള്‍പ്പെടെ വിശദീകരണം തേടിയിരുന്നു. തുടര്‍ന്നായിരുന്നു റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലാണ് നടപടി. എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട എസ്‌ഐ സിപിഎമ്മിന്റെ മുന്‍ എംഎല്‍എയുടെ വീട്ടില്‍ കയറിയിറങ്ങി നടപടികളില്‍ നിന്നും രക്ഷനേടാന്‍ ശ്രമം നടത്തുന്നതായാണ് വിവരം.
ജീപ്പില്‍ കൊണ്ടുപോയ മീന്‍ ഇടനിലക്കാരിലൂടെ വില്‍പന നടത്തിയെന്നും വീട്ടിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം ഉയര്‍ന്നത്. കൂടാതെ സ്റ്റേഷനുള്ളിലും മീന്‍ പാചകം ഉണ്ടായിരുന്നെന്നും പറയുന്നു. ഒരു എസ്‌ഐ, എഎസ്‌ഐമാര്‍ ചില സിവില്‍പൊലീസ് ഓഫിസര്‍മാരും ഉള്‍പ്പെടെ ആരോപണങ്ങളില്‍പ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























