കണ്ണൂരിലെ ഹയര്‍ സെക്കന്‍ഡറി ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസിനെതിരെ പരാതി പ്രളയം

കണ്ണൂരിലെ മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ വിവിധ ആനുകൂല്യങ്ങള്‍ക്കു നല്‍കിയ അപേക്ഷകള്‍ ഒരു വര്‍ഷത്തോളമായി കെട്ടിക്കിടക്കുന്നതായി പരാതി. ഇത് കാരണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നൂറു കണക്കിനു അധ്യാപകരാണ് ദുരിതത്തിലായത്. വിരമിച്ച അധ്യാപകര്‍ , പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെ മുഴുവന്‍ ആനുകൂല്യങ്ങളും കിട്ടാതെ ഒരു വര്‍ഷമായി. പുതിയ തസ്തിക അനുവദിക്കല്‍ നടപടികളും ഇല്ല. പുതുതായി നിയമിതരായ ജീവനക്കാര്‍ക്കും ഉദ്യോഗക്കയറ്റം നേടിയവര്‍ക്കും നിയമന അംഗീകാരം സമയത്ത് നല്‍കുന്നുമില്ല.
വര്‍ഷം തോറും നടക്കേണ്ട അധ്യാപകരുടെ സര്‍വീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാകാതെ 6 വര്‍ഷം പിന്നിട്ടു. ഇത് കാരണം അധ്യാപകര്‍ക്കു ഗ്രേഡ് ആനുകൂല്യങ്ങള്‍ കിട്ടുന്നതിനു തടസ്സം ഉണ്ടാകുന്നു. എയ്ഡഡ് മേഖലയുടെ ഫയലുകള്‍ പരിഹരിക്കുന്നതില്‍ ആണ് കൂടുതല്‍ കാലതാമസം ഉണ്ടാകുന്നത്. താല്‍ക്കാലിക അധ്യാപകരുടെ ദിവസ വേതനത്തില്‍ തീരുമാനം എടുക്കാത്തതും ഹൈസ്‌കൂളില്‍ നിന്ന് പ്രമോഷന്‍ നേടി വന്ന അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാരുടെ ലോവര്‍ സ്‌കെയില്‍ ആനുകൂല്യങ്ങള്‍ നല്‍കാത്തതും കാരണം പല അധ്യാപകര്‍ക്കും ശമ്പളം കിട്ടാത്ത സ്ഥിതിയാണ്.
ഡപ്യൂട്ടി ഡയറക്ടറെ ഫോണില്‍ വിളിച്ചാല്‍ കോവിഡ് പേര് പറഞ്ഞു ഒഴിയുന്നു, മാസങ്ങള്‍ക്കു മുന്‍പ് നല്‍കിയ പിഎഫ് വായ്പ അപേക്ഷകള്‍ സോഫ്റ്റ് വെയര്‍ തകരാര്‍ എന്നു പറഞ്ഞു തീര്‍പ്പാകാതെ നീളുന്നു എന്നാണ് അധ്യാപകര്‍ പറയുന്നത് . ഓഫിസില്‍ ഫോണ്‍ ചെയ്താല്‍ എടുക്കുന്നില്ല . ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നു 150 കിലോമീറ്ററിലേറെ യാത്ര ചെയ്ത് ഓഫിസില്‍ എത്തിയാലും പരിഹാരം ഉണ്ടാകുന്നില്ല. ഓഫിസില്‍ ഒഴിഞ്ഞ കസേരകള്‍ കണ്ടു മടങ്ങണം. സെക്ഷന്‍ ക്ലാര്‍ക്ക് ഇല്ലെന്ന പതിവു മറുപടിയാണ് ലഭിക്കുന്നതത്രേ.
https://www.facebook.com/Malayalivartha

























