ചെറുതീ കാട്ടുതീയായി... സെക്രട്ടറിയേറ്റില്‍ തീപിടിച്ചപ്പോള്‍ നിറഞ്ഞ് നിന്നത് സ്വപ്ന സുരേഷ്; പഴയ സരിതാ കാലമെന്ന പോലെ സെക്രട്ടറിയേറ്റിന് അകത്തും പുറത്തും തീപിടിച്ചത് സ്വപ്നയുടെ പേരില്‍; എല്ലാവരും പതുക്കെ പറഞ്ഞപ്പോള്‍ വെടി പൊട്ടിച്ച് പ്രതിപക്ഷ നേതാവ്

കാലം കാത്തുവച്ച കാവ്യ നീതി എന്നൊക്കെ പറയാറില്ലേ അതാണ് സെക്രട്ടറിയേറ്റില്‍ ഇന്നലെ കണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പില്‍ സരിതാ നായരുടെ പേരില്‍ സെക്രട്ടറിയേറ്റിന് പുറത്ത് ലക്ഷങ്ങളെ അണിനിരത്തി സമരം നടത്തിയവര്‍ ഇന്ന് സെക്രട്ടറിയേറ്റിന് അകത്താണ്. അകത്തിരുന്ന പ്രതിപക്ഷമാകട്ടെ ആ വിഷയത്തിന്റെ തനിയാവര്‍ത്തനം പോലെ സെക്രട്ടറിയേറ്റിന് പുറത്ത് സമരം നടത്തുകയാണ്. അന്ന് സരിത നായരാണെങ്കില്‍ ഇപ്പോള്‍ സ്വപ്ന സുരേഷാണ്. ഒരു പേരില്‍ എന്തിരിക്കുന്നു. രണ്ടുപേരും വീഴ്ത്തിയത് കൊലകൊമ്പന്‍മാരെയല്ലേ. ഇന്നലെ സെക്രട്ടറിയേറ്റില്‍ ഉണ്ടായ ചെറിയൊരു തീപിടുത്തം കത്തിച്ചത് സ്വപ്ന സുരേഷിന്റെ പേരിലാണ്.
ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആണ് ആദ്യം സ്വപ്നയെ എടുത്തിട്ടത്. തുടര്‍ന്ന് സുരേന്ദ്രനെ അറസ്റ്റ് ചെയ്തതോടെ സരിതയുടെ പ്രിയപ്പെട്ട കണ്ടോള്‍മെന്റ് ഗേറ്റ് സമരക്കാരെക്കൊണ്ട് നിറഞ്ഞു. പഴയ സരിതക്കാരും സരിതയ്‌ക്കെതിര്‍ക്കാരും ഒത്തുകൂടി സ്വപ്നയ്‌ക്കെതിരെയും സര്‍ക്കാരിനെതിരേയും മുദ്രാവാക്യം വിളിച്ചു. എംഎല്‍എമാരായ വിഎസ് ശിവകുമാര്‍, വിടി ബല്‍റാം എന്നിവര്‍ സരിത ഗേറ്റില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സരിത ഗേറ്റ് വഴി ആരേയും കടത്തില്ലന്നായപ്പോള്‍ ചെന്നിത്തല പാഞ്ഞെത്തി വെടി പൊട്ടിച്ചു.
സെക്രട്ടറിയേറ്റ് ഇപ്പോള്‍ സ്വപ്നയ്ക്കും ശിവശങ്കറിനും മാത്രമുള്ളതാണെന്നാണ് ചെന്നിത്തല വെടി പൊട്ടിച്ചത്. ഞങ്ങള്‍ പ്രതിപക്ഷ നേതാവിനേയും എംഎല്‍എമാരേയും പത്രക്കാരേയും കയറ്റുന്നില്ല. ചെന്നിത്തലയുടെ ഈ വെളിപ്പെടുത്തല്‍ ലൈവായ ലൈവിലൂടെ ലോകം മുഴുവന്‍ കേട്ടു. വീണ്ടും നാറേണ്ടന്നു കരുതി സരിതാ ഗേറ്റിലൂടെ സ്വപ്നയ്‌ക്കെതിരെ നാല് പറഞ്ഞ് ചെന്നിത്തലയും കൂട്ടരും അകത്ത് കയറി. തിരിച്ചിറങ്ങിയപ്പോഴും സ്വപ്നയ്ക്ക് രണ്ട് കൊടുത്തിട്ടാണ് ചെന്നിത്തല പുറത്തിറങ്ങിയത്.
സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ ഫ്‌ളാറ്റ് ഇടപാട് എന്നിവയുടേതുള്‍പ്പെടെ നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിട്ടുള്ള സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ദുരൂഹസാഹചര്യത്തിലാണ് തീപിടിച്ചത്. മൂന്നു സെഷനുകളിലെ സുപ്രധാന രേഖകള്‍ നഷ്ടമായെന്നാണ് സൂചന. തീപ്പിടിത്തം ആസൂത്രിതമാണെന്നും സ്വര്‍ണക്കടത്തിലെ രേഖകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്നും കോണ്‍ഗ്രസും ബി.ജെ.പി.യും ആരോപിച്ചു.
അതിസുരക്ഷാ മേഖലയായ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലാണ് ചൊവ്വാഴ്ച വൈകുന്നേരം 4.45ന് തീ പടര്‍ന്നത്. ഉദ്യോഗസ്ഥരുടെ വിദേശയാത്ര സംബന്ധിച്ച വിവരങ്ങള്‍, വി.വി.ഐ.പി.കളെ നിര്‍ണയിക്കുന്ന ഫയലുകള്‍, അതിരഹസ്യ സ്വഭാവമുള്ള രേഖകള്‍ എന്നിവ സൂക്ഷിക്കുന്ന ഇടങ്ങളിലായിരുന്നു തീപ്പിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ് ഫയലുകള്‍ മാത്രമാണ് നഷ്ടമായതെന്നും മറ്റുള്ളവ സുരക്ഷിതമാണെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും നടത്തിയ വിദേശയാത്രകളിലേക്ക് എന്‍.ഐ.എ. അന്വേഷണം നീങ്ങവേയാണ് ഈ രേഖകള്‍ സൂക്ഷിച്ചിട്ടുള്ള വിഭാഗത്തില്‍ തീ പടര്‍ന്നത്. ലൈഫ് മിഷന്‍ ഫ്‌ളാറ്റ് ഇടപാടിലെ നിര്‍ണായകരേഖകളും ഇവിടെയാണെന്നു കരുതുന്നു.
യു.എ.ഇ. കോണ്‍സുലേറ്റിലേക്കു വന്ന പാഴ്‌സലുകള്‍ പരിശോധന കൂടാതെ കടത്തിവിടാന്‍ അനുമതി നല്‍കേണ്ടതും പ്രോട്ടോകോള്‍ വിഭാഗമാണ്. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു നീങ്ങവേ ആസൂത്രിതമായി രേഖകള്‍ നശിപ്പിക്കാനുള്ള ശ്രമമാണു നടന്നതെന്ന് സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ആരോപിച്ചു. ഇരുവരും സംഭവത്തില്‍ സ്വപ്നയുടെ പങ്ക് എടുത്തെടുത്ത് പറഞ്ഞു.
അങ്ങനെ പഴയ സരിതയുടെ നല്ലനാളുകള്‍ ഓര്‍ക്കുന്ന ദിവസമായി ഇന്നലെ സരിത ഗേറ്റ് മാറി. പക്ഷെ ഒരാള്‍ പോലും സരിതയെ ഓര്‍ത്തില്ല. എല്ലാവരും സരിതയെ മറന്ന് സ്വപ്നയെയാണ് വിളിച്ചത്. സ്വപ്നയെ കൂട്ടിച്ചേര്‍ത്ത് രസകരമായ മുദ്രാവാക്യം വിളിച്ചിട്ടും പോലീസുകാരും ക്ഷമയോടെ കേട്ട് നിന്നതേയുള്ളൂ. അല്ലെങ്കില്‍ കാണാമായിരുന്നു. അങ്ങനെ പാതിരാത്രിയോളം ആ വിളി നീണ്ടു. ഇതൊക്കെ കണ്ട് ചിരിക്കുന്ന ഒരാളുണ്ടാവും പാവം സരിത.
https://www.facebook.com/Malayalivartha


























