തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്; ഇ–ഫയലിങ് സംവിധാനമുള്ളതിനാല്‍ ഫയലുകള്‍ സുരക്ഷിതമാണ്; പ്രതിരോധം തീർത്ത് ഇടത് മന്ത്രിമാർ

സ്വർണക്കടത്ത് കേസിൽ എൻഐഎയും മറ്റ് അന്വേഷണ ഏജൻസികളും സുപ്രധാന വിവരങ്ങൾ തേടാറുള്ള സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിച്ചു ഫയലുകൾ കത്തിയ സംഭവത്തിൽ പ്രതിരോധവുമായി ഇടത് മന്ത്രിമാർ രംഗത്തെത്തിയിരിക്കുകയാണ്.
തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് കരണമാണെന്നാണ് മന്ത്രി ഇ.പി.ജയരാജന്‍ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാകുന്നത്. ജിഎഡി പൊളിറ്റിക്കൽ വിഭാഗത്തിൽ ചെറിയ തീപിടിത്തമാണ് ഉണ്ടായത്. മുൻപ് പല തവണയും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. എൻഐഎയ്ക്ക് വേണ്ട ഫയലുകളെല്ലാം കൈമാറിയിട്ടുണ്ടെന്നും കത്തിപോയ എല്ലാ ഫയലുകളുടെയും പകർപ്പ് കംപ്യൂട്ടറിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തീപിടിത്തം ഉണ്ടായ ഉടനെ ബിജെപി കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തിയത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രി ഇ.പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു.....
1. തീപിടുത്തം നടന്ന് മിനിറ്റുകൾക്കകം ബിജെപി‐ യു ഡി എഫ് നേതാക്കൾ സെക്രട്ടറിയേറ്റിലെത്തി.
2. സ്ഥലത്തെത്തിയ ബി ജെപി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത് ഒരേ കാര്യങ്ങൾ.
3. തീപിടുത്തം നടന്ന് മിനിറ്റുകൾക്കകം ബിജെപി അദ്ധ്യക്ഷൻ മാധ്യമങ്ങളോട് സെക്രട്ടറിയേറ്റിനു മുന്നിൽ വച്ച് പ്രതികരിക്കുമെന്ന് മാധ്യമങ്ങൾക്ക് സന്ദേശം പോയി.
4. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ്, മുസ്ലിം ലീഗ് എം എൽ എ മാർ മടങ്ങാതെ തിരുവനന്തപുരത്ത് തങ്ങിയത് ദുരൂഹമാണ്. അവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാൻ യു ഡി എഫുകാർ
ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട്. അതിന് ബി ജെ പിയെയും കൂട്ടുപിടിച്ചു.
5. നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്കിലെ ജി എ ഡി പൊളിറ്റിക്കൽ വിഭാഗത്തിൽ വളരെ ചെറിയ തീപിടുത്തമാണ് ഉണ്ടായത്. ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മുമ്പും പല തവണ ഇത്തരത്തിൽ തീപിടുത്തം ഉണ്ടായിട്ടുണ്ട്.
6. എൻ ഐ എ നടത്തുന്നത് ഉൾപ്പെടെ അടുത്തിടെ നടക്കുന്ന അന്വേഷണങ്ങൾക്കായി ആവശ്യപ്പെട്ട രേഖകളെല്ലാം കൃത്യമായി കൊടുത്തിട്ടുണ്ട്. ഒരു ഫയലും മറച്ചുവെച്ചിട്ടില്ല.
7. ഇ ഫയലിങ്ങ് രീതിയാണ് സെക്രട്ടറിയേറ്റിൽ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ തീപിടിച്ച ഫയലുകളുടെ പകർപ്പ് കമ്പ്യൂട്ടർ വഴി എടുക്കാവുന്നതാണ്.
8. യു ഡി എഫ് ഭരണകാലത്ത് ചീഫ് സെക്രട്ടറി ആർ രാമചന്ദ്രൻ നായർ മുന്നൂറിലധികം ഫയലുകൾ കടത്തിക്കൊണ്ടുപോയി പൂജപ്പുര ജയിൽ വളപ്പിലിട്ട് കത്തിച്ചത് വലിയ വിവാദമായിരുന്നു.
അതേസമയം ഇ–ഫയലിങ് സംവിധാനമുള്ളതിനാല്‍ ഫയലുകള്‍ സുരക്ഷിതമാണെന്ന് കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു. തീപിടിച്ചാല്‍ കത്തിപ്പോകുന്നതല്ല ഇ–ഫയലുകള്‍ എന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. അവിശ്വാസത്തില്‍ പരാജയപ്പെട്ടപോലെ പ്രതിപക്ഷം ഈ ആരോപണത്തിലും പരാജയപ്പെടുമെന്ന് കടകംപള്ളി സമൂഹമാധ്യമത്തിൽ കുറിച്ചു.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
" 'ഇ ഫയൽ' സംവിധാനത്തിലുള്ളതാണ് നമ്മുടെ സെക്രട്ടറിയേറ്റ്. തീ പിടിച്ചാൽ ഇല്ലാതാകുന്നതല്ല ഒരു ഇ ഫയലും. ഇന്നലെ നിയമസഭയിൽ തകർന്നു വീണ ആരോപണ ചീട്ടു കൊട്ടാരം വീണ്ടും ഉയർത്താനുളള ശ്രമവും പാളിപ്പോവുക തന്നെ ചെയ്യും. സത്യമേവ ജയതേ."
സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന്റെയടക്കം ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനിയറോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് പ്രോട്ടോകോള്‍ ഓഫീസില്‍ തിപിടിച്ചത്. വിമാനത്താവളത്തില്‍ വരുന്ന നയതന്ത്രബാഗേജുകള്‍ക്ക് അനുമതി നല്‍കിയതും മന്ത്രിമാരുടെ യാത്രാരേഖകളും അടക്കമുള്ള സുപ്രധാന രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ഓഫിസാണിത്. സംഭവ സ്ഥലത്ത് ഫയര്‍ ഫോഴ്സെത്തിയാണ് തീയണച്ചത്.
https://www.facebook.com/Malayalivartha


























