സെക്രെട്ടറിയേറ്റിലെ തീപിടിത്തം ഇതാദ്യമായല്ല: ലാവ്‌ലിന്‍ ഫയലുകൾ തേടി സിബിഐ എത്തിയപ്പോഴും തീപിടിത്തമുണ്ടായി; അന്നും ഷോർട്ട് സർക്യൂട്ടായിരുന്നു കാരണം

സ്വര്‍ണക്കടത്ത് കേസും സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയവും തൊട്ടു പിന്നാലെ നടന്ന സെക്രട്ടേറിറ്റിലെ തീപിടിത്ത വാര്‍ത്തയും. അസാധാരണ സംഭവങ്ങൾ കൊണ്ട് നിറഞ്ഞതോടെ സർക്കാർ സമ്മർദ്ദത്തിലാക്കി എന്ന് തന്നെ പറയാൻ കഴിയും. അതേസമയം 151 വർഷം പഴക്കമുള്ള സെക്രട്ടേറിയറ്റ് കെട്ടിടത്തിനു തീപിടിക്കുന്ന സംഭവം ഇതാദ്യമായല്ല.
കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപും തീപിടിത്തമുണ്ടായിട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രാധാന്യമുള്ള ഫയലുകള്‍ തേടി കേന്ദ്ര അന്വേഷണ ഏജൻസികൾ എത്തുമ്പോൾ ഇത്തരത്തിൽ തീപിടിത്തം ഉണ്ടാകുന്നത് ഇത് രണ്ടാം തവണയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.
2006 ൽ ലാവ്‌ലിന്‍ ഫയലുകൾ തേടി സിബിഐ എത്തിയപ്പോഴാണ് ഇതുപോലെ തീപിടിത്തമുണ്ടായത്. പ്രോട്ടോകോൾ വിഭാഗത്തിൽനിന്ന് എൻഐഎയും ഇഡിയും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഫയലുകൾ ആരാഞ്ഞ ഘട്ടത്തിലാണ് ഇപ്പോൾ തീപിടിത്തമുണ്ടായത്. കന്റോൺമെന്റ് ഗേറ്റുവഴി സെക്രട്ടേറിയറ്റിലേക്കു കയറുമ്പോൾ പഴയ നിയമസഭാ മന്ദിരം കഴിഞ്ഞ് നോർത്ത് ബ്ലോക്ക് ആരംഭിക്കുന്നയിടത്ത് ഒന്നാം നിലയിലാണ് 2006 ൽ ചെറിയ തീപിടിത്തം ഉണ്ടായത്.
അന്നും ഷോർട്ട് സർക്യൂട്ടായിരുന്നു കാരണം എന്നാണ് ഔദ്യോഗികമായി പുറത്തു വന്ന വിശദീകരണം. ഇതിനു താഴത്തെ നിലയിലാണ് സെക്രട്ടേറിയറ്റിലെ ഫയലുകൾ സൂക്ഷിക്കുന്ന റെക്കോർഡ് റൂം. അതേസമയം ലാവ്‌ലിന്‍ കേസ് ആദ്യം അന്വേഷിച്ച വിജിലൻസ് സംഘത്തിന് ഊർജവകുപ്പിലെ ചില പ്രധാന ഫയലുകൾ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ സംഘം സെക്രട്ടേറിയറ്റിലെത്തി പരിശോധന നടത്തിയെങ്കിലും ഫയൽ കണാനില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
ഫയൽ സെക്രട്ടേറിയറ്റിൽ വീണ്ടും ‘പ്രത്യക്ഷപ്പെട്ടെന്ന’ വിവരം ലഭിച്ചതിനെത്തുടർന്നു സിബിഐ സംഘം രാവിലെ സെക്രട്ടേറിയറ്റിലെ റെക്കോർഡ് റൂമിലെത്തി ചുമതലയുള്ള അണ്ടർ സെക്രട്ടറിയോട് വിവരങ്ങൾ ആരാഞ്ഞു. 4 മണിക്കുള്ളിൽ ഫയൽ നൽകണമെന്ന് ആവശ്യപ്പെട്ട് സിബിഐ സംഘം മടങ്ങിയതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്. നാശനഷ്ടങ്ങളുണ്ടായില്ല. പിന്നീട് ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ അനുവാദത്തോടെ സിബിഐക്കു കൈമാറി.
രണ്ടു കൊല്ലം മുൻപ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഓഫിസിലും തീപിടിത്തമുണ്ടായി. ഇപ്പോൾ തീപിടിത്തമുണ്ടായതിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് ഈ ഓഫിസ് ഇപ്പോൾ ഉപയോഗിക്കുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം തീപിടിക്കാനുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടി വിവിധ റിപ്പോർട്ടുകൾ സർക്കാരിനു സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ദർബാർ ഹാൾ ഉൾപ്പെടുന്ന പ്രധാന കെട്ടിടം അതേപടി നിലനിർത്തി, ബലപ്പെടുത്തി, നവീകരിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്.
അതേസമയം സെക്രട്ടേറിയറ്റിലെ തീപിടിത്തം അന്വേഷിക്കുന്ന പൊലീസിന്റെ പ്രത്യേക സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 8 മണിയോടെയാണ് സ്പെഷൽ സെൽ എസ്പി:അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കായി എത്തിയത്. എഡിജിപി മനോജ് എബ്രഹാമാണ് പ്രത്യേക പൊലീസ് സംഘത്തിന്റെ തലവൻ. സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിന്റെ സാങ്കേതിക കാരണങ്ങൾ അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിഷണർ ഡോ. കൗശികന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന വിദഗ്ധ സംഘത്തെയും ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത ചുമതലപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























