സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം: ചുമര്‍ ഫാന്‍ കേടായി ചൂടായതിനെ തുടര്‍ന്നെന്ന് ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ പ്രാഥമിക റിപ്പോര്‍ട്ട്

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ പൊതുമരാമത്തു കെട്ടിട വിഭാഗം ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ പ്രാഥമിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറിയെന്നു മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. അടച്ചിട്ട മുറിയില്‍ പ്രവര്‍ത്തിപ്പിച്ച ചുമര്‍ ഫാന്‍ കേടായി ചൂടാകുകയും പ്ലാസ്റ്റിക് ഉരുകി കര്‍ട്ടനിലേക്കും ഷെല്‍ഫിലേക്കും പേപ്പറിലേക്കും വീണ് കത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പൊതുഭരണ വകുപ്പിലെ നൂറ്റിയന്‍പതിലേറെ ഫയലുകള്‍ നശിച്ചെന്നു പ്രാഥമിക നിഗമനം. ഗസ്റ്റ് ഹൗസുകള്‍ അനുവദിച്ചതു സംബന്ധിച്ച ഫയലുകളും ചില ഗസറ്റ് വിജ്ഞാപനങ്ങളുമാണു കത്തിയതെന്നും ഇതിന്റെയെല്ലാം പകര്‍പ്പുണ്ടെന്നും അധികൃതര്‍ പറയുന്നു. എഫ്‌ഐആറില്‍ ഇതുതന്നെയാണു പറയുന്നത്. അന്തിമ കണക്ക് ഇന്നറിയാം. പ്രധാന ഫയലുകള്‍ സുരക്ഷിതമാണെന്നു ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തില്‍ അറിയിച്ചെങ്കിലും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
പൊതുമരാമത്തു വകുപ്പിന്റെ കണ്ടെത്തലിനു വിരുദ്ധമായി റിപ്പോര്‍ട്ട് നല്‍കേണ്ടെന്ന് മനോജ് ഏബ്രഹാമിന്റെ സംഘത്തിനു ഡിജിപിയും കൗശികന്റെ സംഘത്തിന് ആഭ്യന്തര സെക്രട്ടറിയും നിര്‍ദേശം നല്‍കിയതായാണ് സൂചന. സംഭവം അന്വേഷിക്കുന്ന എഡിജിപി മനോജ് ഏബ്രഹാമിന്റെ സംഘവും ദുരന്തനിവാരണ കമ്മിഷണര്‍ കെ. കൗശികന്റെ നേതൃത്വത്തിലുള്ള സംഘവും ഇതോടെ വെട്ടിലായി.
ഫൊറന്‍സിക് ഫലം വരുംമുന്‍പ് പൊതുമരാമത്തു വകുപ്പ് എങ്ങനെ ഇക്കാര്യങ്ങള്‍ കണ്ടെത്തിയെന്നതും ആശ്ചര്യകരമാണ്. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെയും ഫൊറന്‍സിക് വിഭാഗത്തിന്റെയും പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലേ ഷോര്‍ട് സര്‍ക്യൂട്ട് സ്ഥിരീകരിക്കാനാകൂ. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയാണ് എല്ലാ അന്വേഷണ ഏജന്‍സികളെയും നിയന്ത്രിക്കുന്നത്.
പൊതുമരാമത്തു വകുപ്പിന്റെ റിപ്പോര്‍ട്ട് യുഡിഎഫും ബിജെപിയും മുഖവിലയ്‌ക്കെടുത്തിട്ടില്ല. എന്‍ഐഎ അന്വേഷണം വേണമെന്നാണ് ഇരുപക്ഷത്തിന്റെയും ആവശ്യം. ഇതേസമയം, ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമഗ്ര അന്വേഷണത്തിനു മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തീപിടിത്തത്തിനു പിന്നാലെ സെക്രട്ടേറിയറ്റ് വളപ്പിലെത്തിയ വി.എസ്. ശിവകുമാര്‍ എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ അതിക്രമിച്ചു കയറിയതിന് കേസെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
https://www.facebook.com/Malayalivartha


























