പട്ടാപ്പകല്‍ കടയുടെ പൂട്ടുപൊളിച്ചു മോഷണം നടത്തി, ചുമട്ടു തൊഴിലാളികളെ വിളിച്ചു കളവുമുതലുകള്‍ കൊണ്ടുപോയ വിരുതന്‍ പിടിയിലായി!

കോഴിക്കോട് മാവൂര്‍ റോഡ് മര്‍ക്കസ് കോംപ്ലക്‌സിലെ കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ചു പട്ടാപ്പകല്‍ മോഷണം നടത്തിയ ശേഷം ചുമട്ടുതൊഴിലാളികളെ വിളിച്ചുകൊണ്ടു വന്ന് കൂലി കൊടുത്തു കളവുമുതലുകള്‍ വണ്ടിയില്‍ കയറ്റി, മറ്റൊരു കടയില്‍ കൊണ്ടു പോയി വിറ്റശേഷം വീട്ടിലേക്കു മടങ്ങുന്ന വഴി കള്ളന്‍ പൊലീസിന്റെ പിടിയിലായി.
രണ്ടു ലക്ഷത്തോളം രൂപയുടെ ബാറ്ററികള്‍ വിദഗ്ധമായി മോഷ്ടിച്ച നെല്ലിക്കോട് പറയരുകണ്ടി അനീഷിനെയാണ് പിടികൂടിയത്. അടച്ചിട്ടിരിക്കുകയായിരുന്ന സ്ഥാപനത്തില്‍ മാസ്‌ക് ധരിച്ചെത്തിയ മോഷ്ടാവ് സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് അകത്തു കയറി. ബാറ്ററിയുടെ കണക്ഷന്‍ അറുത്തുമാറ്റിയ ശേഷം കെട്ടിടത്തിന്റെ മുകള്‍നിലയില്‍ നിന്നു തലയില്‍ ചുമന്ന് താഴെ എത്തിച്ചു. തുടര്‍ന്നു തൊട്ടടുത്ത മാളിനുസമീപം ജോലി ചെയ്തിരുന്ന ചുമട്ടുതൊഴിലാളികളെ വിളിച്ചുകൊണ്ടുവന്നു. ഗുഡ്‌സ് ഓട്ടോയും വിളിച്ചു കൊണ്ടു വന്നിരുന്നു. ചുമട്ടുകൂലി കൊടുത്ത ശേഷം ബാറ്ററികള്‍ ഓട്ടോയില്‍ കയറ്റി ഒരു കടയിലിറക്കി.
കിലോയ്ക്ക് 65 രൂപ നിരക്കില്‍ ബാറ്ററികള്‍ വിറ്റു കാശും വാങ്ങി സ്ഥലംവിട്ടു. പരപ്പനങ്ങാടി ഭാഗത്തു കറങ്ങി നടന്ന പ്രതി വീട്ടിലേക്കു തിരിച്ചുവരുന്ന വഴിയാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























