ബില്ലുകള്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസവും സോഫ്റ്റ്വെയര്‍ തകരാറും സെര്‍വറിന്റെ ശേഷിക്കുറവും മൂലം ഓണക്കാല മുന്‍കൂര്‍ ശമ്പള വിതരണം അവതാളത്തില്‍

ബില്ലുകള്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസവും സോഫ്റ്റ്വെയര്‍ തകരാറും സെര്‍വറിന്റെ ശേഷിക്കുറവും മൂലം, സര്‍ക്കാര്‍ ജീവനക്കാരുടെ ഓണക്കാല മുന്‍കൂര്‍ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ ഉത്തരവിറക്കിയെങ്കിലും നല്‍കാനായത് പകുതിപ്പേരുടെ ശമ്പളം മാത്രം. അതിനാല്‍, അവധിദിനമായ നാളെയും തുറന്നു പ്രവര്‍ത്തിക്കാന്‍ ട്രഷറിയോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രണ്ടര ലക്ഷം ജീവനക്കാരുടെ ശമ്പളം ഇനിയും നല്‍കാന്‍ ബാക്കിയാണ്.
ഓരോ സര്‍ക്കാര്‍ ജീവനക്കാരനും 3 ബില്ലുകള്‍ വീതമാണ് ഇക്കുറി ട്രഷറിയിലെത്തിയത്. ശമ്പളം, ബോണസ്, അഡ്വാന്‍സ് എന്നിങ്ങനെ 3 ബില്ലുകളുടെ ഈ അധികഭാരം കാരണം സെര്‍വര്‍ പലവട്ടം പണിമുടക്കി. വരും ദിവസങ്ങളിലും ഇതു തുടര്‍ന്നാല്‍ ഒട്ടേറെ ജീവനക്കാര്‍ക്ക് ഓണത്തിനു മുന്‍പു ശമ്പളം ലഭിക്കില്ല.
രണ്ടരക്കോടി രൂപ മുടക്കി പുതിയ കംപ്യൂട്ടര്‍ സെര്‍വര്‍ ട്രഷറി ഇടപാടുകള്‍ സുഗമമാക്കാന്‍ കഴിഞ്ഞ മാസം വാങ്ങിയെങ്കിലും ഇതു സ്ഥാപിക്കാന്‍ സ്ഥലമില്ലെന്ന് ഐടി വകുപ്പ് ട്രഷറിയെ അറിയിച്ചു. ഇതോടെ ട്രഷറിയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ഒട്ടേറെ പുതിയ സൗകര്യങ്ങള്‍ അനിശ്ചിതത്വത്തിലായി.
ഈ സര്‍ക്കാര്‍ ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിച്ചത് ഐടി മേഖലയില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനെന്ന പേരിലാണ്. എന്നിട്ടു പോലും ഇത്തരം പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ കമ്പനിയിലാണ് കണ്‍സല്‍റ്റന്‍സി വഴി സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഴിവിട്ടു നിയമനം നല്‍കിയത്.
2 സെര്‍വറുകളാണ് ട്രഷറിക്കുള്ളത്. ഒന്ന് കോ-ബാങ്ക് ടവറിലെ സ്റ്റേറ്റ് ഡേറ്റാ സെന്റര്‍ ഒന്നിലും രണ്ടാമത്തേത് ടെക്‌നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിങ്ങിലെ ഡേറ്റാ സെന്റര്‍ രണ്ടിലും. 8 വര്‍ഷം പഴക്കമുള്ള ഈ സെര്‍വറുകള്‍ക്ക് ഇപ്പോഴത്തെ ട്രഷറി ഇടപാടുകളുടെ ബാഹുല്യം താങ്ങാന്‍ കഴിയുന്നില്ല. മുന്‍പു ദിവസേന 40,000 ഇടപാടുകള്‍ നടന്നെങ്കില്‍ ഇപ്പോള്‍ ഇത് ഇരട്ടിയായി.
പലപ്പോഴും സെര്‍വര്‍ പണിമുടക്കുന്നതു കാരണം മണിക്കൂറുകളാണ് ട്രഷറി ഇടപാടുകള്‍ തടസ്സപ്പെടുന്നത്. ഇതു കണക്കിലെടുത്ത് ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് എച്ച്പി കമ്പനിയില്‍ നിന്നു രണ്ടരക്കോടി രൂപ മുടക്കി പുതിയ സെര്‍വര്‍ ട്രഷറി വകുപ്പ് വാങ്ങിയത്. പൊടിപിടിച്ചിരിക്കാനായി ഈ സെര്‍വറിന്റെ യോഗം.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ നമ്പര്‍ തന്നെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും എസ്ഡിഒ നമ്പറായതു കാരണം ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കിലേക്കു മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മാറാന്‍ താല്‍പര്യമില്ലെന്നും ട്രഷറി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ശമ്പള വിതരണം ഉറപ്പാക്കണമെന്നും ധനവകുപ്പിന്റെ നിര്‍ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ നമ്പര്‍ തന്നെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും എസ്ഡിഒ നമ്പറായതു കാരണം ശമ്പള വിതരണം തടസ്സപ്പെടുമെന്ന് ട്രഷറി ഡയറക്ടര്‍ ധനവകുപ്പിനു കത്ത് നല്‍കിയിരുന്നു.
ഒരു തിരിച്ചറിയല്‍ നമ്പറില്‍ നിന്നുള്ള ശമ്പള ബില്ലുകള്‍ 2 വട്ടം പാസാക്കുന്നത് ഒഴിവാക്കാന്‍ ഈ മാസം മുതല്‍ ട്രഷറി സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഒരേ നമ്പറുള്ള 2 പേരില്‍ ആദ്യം ബില്‍ സമര്‍പ്പിക്കുന്നയാള്‍ക്കു മാത്രമേ ശമ്പളം ലഭിക്കൂ. തല്‍ക്കാലം എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും പുതിയ എസ്ഡിഒ നമ്പര്‍ നല്‍കാനാണ് ട്രഷറി ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha


























