കോവിഡ് പരിശോധനയ്ക്കുള്ള ബയോസേഫ്റ്റി കാബിനറ്റ് ഇറക്കാന്‍ സിഐടിയു ചോദിച്ചത് 16,000 രൂപ, ഡോക്ടറും ജീവനക്കാരും ചേര്‍ന്ന് ലോറിയില്‍ നിന്നിറക്കി മുകള്‍നിലയില്‍ എത്തിച്ചു!

ആലപ്പുഴ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്കുള്ള ബയോസേഫ്റ്റി കാബിനറ്റ് ഇറക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൂലിതര്‍ക്കം ഒത്തുതീര്‍പ്പാകാത്തതിനാല്‍ ഡോക്ടറും ജീവനക്കാരും ചേര്‍ന്ന് ഉപകരണം ലോറിയില്‍നിന്നിറക്കുകയും ചുമന്ന് മുകള്‍നിലയിലെത്തിക്കുകയും ചെയ്തു.
225 കിലോഗ്രാം ഭാരമുള്ള കാബിനറ്റ് ലോറിയില്‍ നിന്ന് ഇറക്കാന്‍ 6,000 രൂപയും മുകള്‍നിലയിലെത്തിക്കാനുള്ള ക്രെയിന്‍ വാടകയായി 10,000 രൂപയുമാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ക്രെയിന്‍ ഉപയോഗിക്കാതെ തന്നെ ആശുപത്രി ജീവനക്കാര്‍ കാബിനറ്റ് മുകളിലെത്തിച്ചു.
സിഐടിയു ഏരിയ നേതൃത്വം സംഭവം അറിഞ്ഞപ്പോള്‍ തന്നെ ഇടപെട്ടെന്നു ജില്ലാ സെക്രട്ടറി എച്ച്. സലാം പറഞ്ഞു. കൂലിത്തര്‍ക്കം വേണ്ടെന്നു നിര്‍ദേശിച്ചിരുന്നു. ജീവനക്കാര്‍ തന്നെ ഇറക്കുന്നെങ്കില്‍ തടസ്സപ്പെടുത്തരുതെന്നും തൊഴിലാളികളോടു നിര്‍ദേശിച്ചിരുന്നതായി പറഞ്ഞു.
മുംബൈയില്‍ നിന്നു കാബിനറ്റ് എത്തിച്ചവര്‍ ആദ്യം 3,000 രൂപയും ഒടുവില്‍ 9000 രൂപ വരെയും വാഗ്ദാനം ചെയ്‌തെങ്കിലും ആ നിരക്ക് തൊഴിലാളികള്‍ അംഗീകരിച്ചില്ല.
അപകടകരമായ വസ്തുക്കളും സൂക്ഷ്മാണുക്കളും കൈകാര്യം ചെയ്യുന്ന മൈക്രോ ബയോളജി ലാബുകളില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതാണ് ബയോസേഫ്റ്റി കാബിനറ്റ്. ഈ കാബിനറ്റിനുള്ളിലാണ് കോവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് യന്ത്രം സ്ഥാപിക്കുന്നത്.
https://www.facebook.com/Malayalivartha

























