തുളു അക്കാമദിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 3-ന് രാവിലെ, ഭാഷാ ന്യൂനപക്ഷമായ തുളുജനവിഭാഗത്തിന്റെ പൈതൃക സംരക്ഷണത്തിനായി തുളു സാംസ്‌കാരിക കേന്ദ്രമൊരുങ്ങി

ഈ വരുന്ന സെപ്റ്റംബര്‍ 3-ാം തീയതി രാവിലെ 11.30-ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ തുളു അക്കാമദിയുടെ ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുമ്പോള്‍, കാസര്‍കോഡ് ജില്ലയിലെ ഭാഷാ ന്യൂനപക്ഷമായ തുളുജനവിഭാഗത്തിന്റെ കലാ-സാംസ്‌കാരിക സ്വപ്നങ്ങള്‍ക്ക് നിറമേകുന്ന സാംസ്‌കാരിക കേന്ദ്രം യാഥാര്‍ത്ഥ്യമാകും. ഹൊസങ്കടി കടമ്പാര്‍ ദുര്‍ഗിപ്പള്ളത്ത് റവന്യു വകുപ്പ് വിട്ടുനല്‍കിയ ഒരേക്കര്‍ ഭൂമിയിലാണ് തുളുഭവന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള സാംസ്‌കാരിക കേന്ദ്രം നിര്‍മാണം പൂര്‍ത്തിയായത്.
2019 ഫെബ്രുവരി 27-ന് സഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ശിലാസ്ഥാപനം നടത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യാന്‍ തിരുമാനിച്ചുവെങ്കിലും കോവിഡ് നിയന്ത്രണങ്ങള തുടര്‍ന്നു മാറ്റുകയായിരുന്നുവെന്നു തുളുഅക്കാദമി ചെയര്‍മാന്‍ ഉമേശ് സാലിയന്‍ പറഞ്ഞു. വൈവിധ്യപൂര്‍വമായ സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിച്ചു പരിപോഷിപ്പിക്കുകയെന്ന ഒരു വിഭാഗത്തിന്റെ കാലങ്ങളായുള്ള അഭിലാഷമാണ് സംസ്ഥാനസര്‍ക്കാരിന്റെ പിന്തുണയോടെ യാഥാര്‍ഥ്യമാകുന്നത്.
തുളുഭവന്റെ ആദ്യഘട്ടം പൂര്‍ത്തിയായത് നിര്‍മാണം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ്. 25 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. തുളു പണ്ഡിതനും അക്കാദമി ആദ്യ ചെയര്‍മാനുമായ ഡോ. വെങ്കടരാജ പുണിഞ്ചിത്തായയുടെ പേരില്‍ ലൈബ്രറിയും ചര്‍ച്ചകള്‍ക്കും മറ്റുമായി ഒരു എക്സിക്യുട്ടീവ് മുറി, ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ക്കും ജീവനക്കാര്‍ക്കുള്ള മുറികളും ഇതിലുണ്ട്. ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.
ഒരു ഗവേഷണ കേന്ദ്രമാണ് രണ്ടാം ഘട്ടത്തില്‍ ഇതിനോട് അനുബന്ധിച്ച് നിര്‍മിക്കുന്നത്. ഇതില്‍ തുളുസംസ്‌കാരവുമായി ബന്ധപ്പെട്ട മ്യൂസിയവും ഉണ്ടാവും. ഈ പദ്ധതിക്കായി, അന്തരിച്ച പി.ബി അബ്ദുല്‍ റസാഖ് എംഎല്‍എ ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. മൂന്നാം ഘട്ടത്തില്‍ കലാ-സാംസ്‌കാരിക പരിപാടികള്‍ക്കായി തുളു കള്‍ച്ചറല്‍ തിയറ്റര്‍ സ്ഥാപിക്കും. ഇതിനായി കാസര്‍കോട് വികസനപാക്കേജില്‍ ഒരു കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചു.
തുളു ലിപി പഠനത്തിന് ഓണ്‍ലൈന്‍ സംവിധാനം തുളുഭവന്റെ നേതൃത്വത്തില്‍ തയാറാക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സാധാരണക്കാര്‍ക്കു ഒരു പോലെ പ്രാപ്യമാവുന്ന രീതിയില്‍ ലളിതമായാണ് പാഠ്യപദ്ധതി ആവിഷ്‌കരിക്കുന്നത്. തുളുഭവന്‍ വെബ്സൈറ്റ്, യുട്യൂബ് ചാനല്‍ എന്നിവയിലൂടെ ലോകത്തിന്റെ ഏത് കോണിലിരുന്നും തുളു ലിപി പഠിക്കാന്‍ സാധിക്കും. 2007 സെപ്റ്റംബര്‍ 3-ാം തീയതി മുഖ്യമന്ത്രി വി.എസ് അച്യുതാനനന്ദനാണ് തുളു അക്കാദമി ഉദ്ഘാടനം ചെയ്തത്.
https://www.facebook.com/Malayalivartha






















