സ്റ്റൈലും ഗ്ലാമറും... മലയാളത്തിലെ മഹാനടന്‍ മമ്മൂട്ടിയുടെ അറുപത്തി ഒമ്പതാം പിറന്നാളാണിന്ന്; സാധാരണ 60 വയസ് കഴിഞ്ഞവര്‍ കണ്ടു പഠിക്കണം മമ്മൂട്ടിയെ; മലയാളത്തിന്റെ നിത്യ ഗ്ലാമര്‍ താരമായി വിലസുന്ന മമ്മൂട്ടി സാധാരണക്കാര്‍ക്കും സിനിമാക്കാര്‍ക്കും ഒരു പാഠം

നമ്മൂടെ നാട്ടിലൊക്കെ ഒരു ചൊല്ലുണ്ട്. 60 കഴിഞ്ഞാല്‍ പിന്നെ ഒന്നിനും കൊള്ളൂല്ല, അപ്പൂപ്പനായി. സ്വയം സൃഷ്ടിച്ച മാനസിക വലയത്തിനുള്ളില്‍ പെട്ട് ജരാനരയുമായി എല്ലും തോലുമായി ഒരു മൂലയ്ക്ക് കഴയും. വീട്ടിലും നാട്ടിലും ഒറ്റപ്പെടുന്ന ഒരു അവസ്ഥയില്‍ അവരുടെ വാക്കുകള്‍ മക്കള്‍ പോലും കേള്‍ക്കാത്ത അവസ്ഥ. വ്യായാമമോ സ്വന്തം കാര്യമോ പോലും നോക്കാതെ നിത്യരോഗിയായി കഴിയുന്ന പതിനായിരങ്ങള്‍. ഇവിടെയാണ് എല്ലാവര്‍ക്കും മാതൃകയായി മലയാളികളുടെ പ്രിയ താരം മമ്മൂട്ടി മാറുന്നത്. നമ്മുടെ മമ്മൂക്കയ്ക്ക് ഇന്ന് 69ാം പിറന്നാളാണ്. ഓരോ പിറന്നാള്‍ ദിനത്തിലും മമ്മൂട്ടിക്ക് പ്രായം കുറയുകയാണെന്നാണ് ആരാധകരും സുഹൃത്തുക്കളും പറയുന്നത്. കൊച്ചിയിലെ വീട്ടില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചെറുമക്കള്‍ക്കുമൊപ്പമാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ ആഘോഷം പാടില്ലെന്നാണ് സുഹൃത്തുക്കളോടും ആരാധകരോടും അദ്ദേഹം പറഞ്ഞിട്ടുള്ളത്. എങ്കിലും വാപ്പച്ചിക്ക് സര്‍പ്രൈസ് ഒരുക്കാനുള്ള ശ്രമത്തിലാണ് മകനും നടനുമായ ദുല്‍ക്കര്‍ സല്‍മാന്‍. പിറന്നാളിനോട് അനുബന്ധിച്ച് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും.
സ്‌റ്റൈലിനും ഗ്‌ളാമറിനും ഒരു ഐക്കണ്‍ ഉണ്ടെങ്കില്‍ യൂത്തിന് മാത്രമല്ല സകല മലയാളിക്കും അത് സാക്ഷാല്‍ മമ്മൂട്ടിയായിരിക്കും. സിനിമയില്‍ മാത്രമല്ല പൊതുചടങ്ങുകളിലും മറ്റും മമ്മൂട്ടി ധരിക്കുന്ന വസ്ത്രങ്ങള്‍ പലതും ട്രെന്‍ഡായി മാറാറുണ്ട്. ട്രെന്‍ഡ് നോക്കി ഫാഷന്‍ തിരഞ്ഞെടുക്കുന്ന ആളല്ല മമ്മൂട്ടി. അദ്ദേഹം തിരഞ്ഞെടുക്കുന്നവ ഫാഷന്‍ ട്രെന്‍ഡായി മാറുന്നതാണ് പതിവ്.
മുമ്പ ഒരു ചടങ്ങിന് മമ്മൂട്ടി ധരിച്ച കടുംമഞ്ഞ നിറത്തിലുള്ള ഷര്‍ട്ട് സോഷ്യല്‍ മീഡിയയിലും മറ്റുമുണ്ടാക്കിയ തരംഗം അടുത്തകാലത്തൊന്നും ഒരു ന്യൂജനറേഷന്‍ താരത്തിനും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല. മഞ്ഞ ഷര്‍ട്ടിട്ട ഫോട്ടോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തയുടന്‍ ലൈക്കുകളുടെയും കമന്റുകളുടെയും പ്രവാഹമായി.
ലക്ഷം ലൈക്ക്‌സ് പിന്നിട്ട് കഴിഞ്ഞ ആ ഫോട്ടോയ്ക്ക് ലഭിച്ച കമന്റ്‌സിലൊന്ന് നടി ശരണ്യാ മോഹന്റേതായിരുന്നു. വൈറലായ ആ കമന്റ് ഇങ്ങനെ:
'എന്റെ പടച്ചോനെ... മമ്മുക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ...'
ഷര്‍ട്ടുകളുടെ കാര്യത്തില്‍ മമ്മൂട്ടി അങ്ങനെ ഒരു പ്രത്യേക ബ്രാന്‍ഡ് തന്നെ വേണമെന്നൊന്നും നിര്‍ബന്ധം പിടിക്കാറില്ല. സിനിമകള്‍ക്കായുള്ള കോസ്റ്റ്യൂമുകള്‍ മമ്മൂട്ടിയുടെ പേഴ്‌സണല്‍ കോസ്റ്റ്യൂമറാണ് സെലക്ട് ചെയ്യുന്നത്. റെഡിമെയ്ഡ് ഷര്‍ട്ടുകളും ജീന്‍സും പാന്റ്‌സുമൊക്കെ കോസ്റ്റ്യൂമറുടെ സെലക്ഷനില്‍ നിന്ന് സെലക്ട് ചെയ്‌തെടുക്കുന്നത് മമ്മൂട്ടി തന്നെ.
മലയാളത്തിലെ അധോലോക സങ്കല്പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ സാമ്രാജ്യത്തിലെ നായക കഥാപാത്രം അലക്‌സാണ്ടറിനെ പോലെ മമ്മൂട്ടിയുടെ ഗെറ്റപ്പുകൊണ്ട് ശ്രദ്ധേയമായ എത്രയോ കഥാപാത്രങ്ങള്‍ മലയാളത്തിലുണ്ട്. ദുബായ്, ബിഗ്ബി, ഗ്യാംഗ്സ്റ്റര്‍, വൈറ്റ് തുടങ്ങി ഗ്രേറ്ര്ഫാദറും പുത്തന്‍പണവും അങ്കിളും വരെ നീളുന്നു മമ്മൂട്ടി ഗ്ലാമര്‍ കിംഗായി തിളങ്ങിയ ചിത്രങ്ങളുടെ പട്ടിക.
ലുക്കിന്റെ കാര്യത്തില്‍ അദ്ദേഹം വീണ്ടും ഞെട്ടിച്ച ചിത്രമാണ് സുജിത് വാസുദേവിന്റെ മാസ്റ്റര്‍ പീസ്. മ്മൂട്ടിയുടെ കഥാപാത്രം എത്തിയത് കനം കുറഞ്ഞ മീശയും കട്ടി കുറച്ച് ട്രിം ചെയ്ത താടിയുമായിട്ടായിരുന്നു. ഇന്‍സേര്‍ട്ട് ചെയ്ത ഷര്‍ട്ടും കിടുക്കന്‍ ജീന്‍സും കൂടിയാകുമ്പോള്‍ സ്റ്റൈലിന്റെ തമ്പുരാനായി അദ്ദേഹം മാറുന്നു.
ഗാഡ്ജറ്റുകളും കാറുകളും പുതുതലമുറയുടെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റായി മാറുന്നതിന് വളരെ മുമ്പ് തന്നെ മമ്മൂട്ടി ആ വഴിയില്‍ ബഹുദൂരം മുന്നിലെത്തിയിരുന്നു. പുതുപുത്തന്‍ ഗാഡ്ജറ്റുകള്‍ സ്വന്തമാക്കാന്‍ മാത്രമല്ല ഇലക്‌ട്രോണിക് രംഗത്തെ പുതിയ ചലനങ്ങള്‍ പഠിക്കാനും സമയം കണ്ടെത്താറുണ്ട് അദ്ദേഹം. സ്വകാര്യാവശ്യങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ മിക്കവാറും ദുബായില്‍ നിന്നാണ് മമ്മൂട്ടി വാങ്ങാറ്. ഷര്‍ട്ടുകളുടെ കാര്യത്തില്‍ അദ്ദേഹം ബ്രാന്‍ഡ് കോണ്‍ഷ്യസ് അല്ലെങ്കിലും ജീന്‍സിന്റെ കാര്യത്തില്‍ അങ്ങനെയല്ല. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡായ സെവന്‍ ആണ് ജീന്‍സില്‍ മമ്മൂട്ടിയുടെ ഫേവറിറ്റുകളിലൊന്ന്. പതിനായിരത്തിന് മുകളിലാണ് ഇതിന്റെ സ്റ്റാര്‍ട്ടിംഗ് പ്രൈസ്. ഇങ്ങനെയാണ് മമ്മൂക്ക സകലരേയും അമ്പരപ്പിക്കുന്നത്. നമ്മുടെ പ്രിയ മമ്മൂക്കയ്ക്ക് സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍...
"
https://www.facebook.com/Malayalivartha