ലഹരിക്ക് തീപിടിച്ചപ്പോള്‍... ബംഗളൂരു ലഹരി മരുന്ന് കേസില്‍ അന്വേഷണം പുരോഗമിച്ചപ്പോള്‍ നീളുന്നത് സിനിമാരംഗത്തെ പ്രമുഖരിലേക്ക്; നടി സഞ്ജന ഗല്‍റാണിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ താരങ്ങള്‍ മറനീക്കി പുറത്ത് വരും; സീരിയല്‍ നടി അനിഘയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

ബംഗളുരൂവില്‍ മയക്ക് മരുന്ന് കേസില്‍ മലയാളികളുള്‍പ്പെടെ പിടിയിലായപ്പോള്‍ പുറത്തായത് വന്‍ അധോലോകമാണ്. മയക്കുമരുന്നും സിനിമാ ലോകവുമായുള്ള ബന്ധം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അന്വേഷണം കടുപ്പിച്ചത്. ഇതോടെ സിനിമാ മേഖലയിലെ വമ്പന്‍മാരിലേക്കാണ് അന്വേഷണം നീളുന്നത്. ബംഗളൂരുവിലെ മയക്കുമരുന്നു കേസില്‍ അന്വേഷണം കന്നഡ സിനിമാമേഖലയിലെ പ്രമുഖരിലേക്കും കക്കുകയാണ്. കേസെടുത്ത 12 പേരെക്കൂടാതെ ആരോപണവിധേയരായവരെയും ചോദ്യംചെയ്യാനാണ് തീരുമാനം. നടി സഞ്ജന ഗല്‍റാണിയെ തിങ്കളാഴ്ച ചോദ്യംചെയ്യും. മറ്റൊരു നടി നിവേദിതയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിലെ രണ്ടാം പ്രതിയായ നടി രാഗിണി ദ്വിവേദി ബി.ജെ.പി.യില്‍ ചേരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റിലായത്.
അതിനിടെ മലയാളികള്‍ ഉള്‍പ്പെട്ട ലഹരിമരുന്നുകേസില്‍ ആഫ്രിക്കന്‍ സ്വദേശി ലോം പെപ്പര്‍ സാംബയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ എന്‍.സി.ബി. ചോദ്യംചെയ്യും. സീരിയല്‍ നടി അനിഘയ്ക്കും എറണാകുളം സ്വദേശി മുഹമ്മദ് അനൂപിനും ലോം പെപ്പര്‍ സാംബ ലഹരിമരുന്ന് എത്തിച്ചിരുന്നു. ഇവരുടെ ഫോണില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്. അനിഘയ്ക്ക് മുഹമ്മദ് അനൂപിനെ പരിചയപ്പെടുത്തിയ കണ്ണൂര്‍ സ്വദേശി ജിംറിന്‍ അഷിക്ക് ലഹരിയിടപാടില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി. മുഹമ്മദ് അനൂപിന്റെ മൊബൈല്‍ഫോണില്‍നിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇയാളെ എന്‍.സി.ബി. കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്.
അനിഘയുടെ ഡയറിയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ പലയിടങ്ങളിലും എന്‍.സി.ബി. പരിശോധന നടത്തി. എറണാകുളത്തു നടന്ന ലഹരിപ്പാര്‍ട്ടികളിലേക്കും മയക്കു മരുന്നെത്തിച്ചത് ബെംഗളൂരുവില്‍ നിന്നാണ്. മുഹമ്മദ് അനൂപാണ് ഇതിനു നേതൃത്വംനല്‍കിയത്. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബെംഗളൂരു കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകന്‍ യാഷിന് മുംബൈ എന്‍.സി.ബി. നോട്ടീസ് നല്‍കിയിട്ടുണ്ട്.
ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കേസെടുത്തവരില്‍ ഭൂരിപക്ഷംപേരും രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളവരാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമേല്‍ രാഷ്ട്രീയസമ്മര്‍ദമുണ്ടെന്നും ആരോപണമുണ്ട്. കോണ്‍ഗ്രസ്, ജെ.ഡി.എസ്. സര്‍ക്കാര്‍ വീണതിനുശേഷം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ താരപ്രചാരകയായിരുന്നു രണ്ടാംപ്രതിയായ നടി രാഗിണി ദ്വിവേദി. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ ബിവൈ. വിജയേന്ദ്രയോടൊപ്പം പ്രചാരണരംഗത്ത് രാഗിണി മുഴുവന്‍സമയവുമുണ്ടായിരുന്നു.
രാഗിണി ദ്വിവേദിക്ക് ബി.ജെ.പി.യുമായി ഒരു ബന്ധമില്ലെന്ന് മന്ത്രി സി.ടി. രവി പറഞ്ഞു. പ്രതികള്‍ക്ക് എന്ത് ഉന്നതബന്ധമുണ്ടെങ്കിലും അന്വേഷണത്തെ ബാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് പറഞ്ഞു.
ലഹരിക്കേസില്‍ ഉള്‍പ്പെട്ട ഭൂരിപക്ഷംപേരും ഉന്നതരുമായി അടുത്ത ബന്ധമുള്ളവരാണ്. കേസില്‍ ഉള്‍പ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ആദിത്യ ആല്‍വ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ബന്ധുവാണ്. അന്തരിച്ച മുന്‍മന്ത്രിയും ജെ.ഡി.എസ്. നേതാവുമായിരുന്ന ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ. ജീവരാജിന്റെ മകളെയാണ് വിവേക് ഒബ്‌റോയ് വിവാഹംചെയ്തത്. ആദിത്യയുടെ അമ്മ നന്ദിനി ആല്‍വ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പ്രചാരണത്തിനായി വിവേക് ഒബ്‌റോയ് എത്തിയിരുന്നു. ഇങ്ങനെ ആകെ കെട്ടിപ്പിണഞ്ഞതാണ് സിനിമാലോകം. എന്തായാലും അന്വേഷണത്തിന്റെ പുരോഗതി ഉടന്‍ അറിയാനാകും.
"
https://www.facebook.com/Malayalivartha