കോവിഡ് ബാധിതരെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാതെ 24 മണിക്കൂറില്‍ അധികം വീട്ടില്‍ താമസിപ്പിച്ചതായി പരാതി

പേരാമ്പ്ര പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരെ ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റാതെ 24 മണിക്കൂറില്‍ അധികം വീട്ടില്‍ താമസിപ്പിച്ചതിനെ തുടര്‍ന്ന് കോവിഡ് ബാധിതരുടെ വീട്ടിലുള്ള മുതിര്‍ന്നവരും മറ്റ് അസുഖമുള്ളവരും ആശങ്കയില്‍.
കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ 11 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഒരു വീട്ടില്‍ മൂന്നു പേര്‍ക്ക് വരെ രോഗം സ്ഥിരീകരിച്ചിട്ടും അവരെ മാറ്റാന്‍ തയാറായില്ലെന്നും ആക്ഷേപമുണ്ട്.
രോഗബാധിതരില്‍ പലരുടെയും വീടുകളില്‍ മുതിര്‍ന്നവരും മറ്റ് അസുഖങ്ങള്‍ക്കു ചികിത്സ തേടുന്നവരും ഉണ്ട്. പല രോഗബാധിതരുടെയും വീടുകളില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഇല്ലെന്നു പരാതി ഉയര്‍ന്നു.
രണ്ട് മാസം മുമ്പ് പേരാമ്പ്ര പഞ്ചായത്തില്‍ രണ്ട് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ടൗണിലെ വ്യാപാരികളും സന്നദ്ധ സംഘടനകളും സെന്ററുകളില്‍ ആവശ്യമായ സാധനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. സെന്ററില്‍ ആവശ്യമായ ജീവനക്കാര്‍ ഇല്ല എന്നാണ് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്തതിന് കാരണമായി പറയുന്നത്.
200-ല്‍ അധികം രോഗബാധിതരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പേരാമ്പ്രയിലെ ചികിത്സാ കേന്ദ്രങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തനരഹിതമാണ്. പേരാമ്പ്ര ഭാഗത്തുള്ളവരെ മുക്കം, വടകര എന്നിവിടങ്ങളിലെ സെന്ററുകളിലാണു ചികിത്സയ്ക്ക് എത്തിക്കുന്നത്.
https://www.facebook.com/Malayalivartha