ശരീരമാകെ ടാർ ഉരുകി പ്രാണവേദന ! ഗർഭിണിയായ എരുമയോട് സാമൂഹ്യ വിരുദ്ധരുടെ കൊടുംക്രൂരത

റോഡരികിലെ പാടശേഖരത്തിൽക്കെട്ടിയിരുന്ന ഗർഭിണിയായ എരുമയോട് സാമൂഹ്യ വിരുദ്ധരുടെ കൊടുംക്രൂരത. കുമരകം രണ്ടാം കലുങ്കിനു സമീപത്തെ പാടശേഖരത്തിൽ നിന്ന ഒൻപത് മാസം ഗർഭിണിയായ എരുമയുടെ ശരീരത്തിൽ സാമൂഹ്യ വിരുദ്ധ സംഘം ടാർ ഒഴിക്കുകയായിരുന്നു. എരുമയുടെ ഉടമ ചെമ്പോടിത്തറയിൽ ഷിബു ജോസഫും, മൃഗഡോക്ടറും അടക്കമുള്ളവർ രണ്ടു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് എരുമയുടെ ശരീരത്തിൽ നിന്നും ടാർ നീക്കം ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സാമൂഹ്യ വിരുദ്ധർ എരുമയുടെ ശരീരത്തിൽ ടാർ ഒഴിച്ചതെന്നാണ് സംശയിക്കുന്നത്. രാത്രിയിൽ റോഡരികിലെ പാടശേഖരത്തിലാണ് എരുമയെ കെട്ടുന്നത്. ഇന്നലെ ഉച്ചയോടെ ഉമടയായ ഷിബു ജോസഫ് എരുമയുടെ അടുത്ത് എത്തിയപ്പോഴാണ് വാൽ അനക്കാനാവാതെ ശരീരത്തോട് ചേർന്ന് ഒട്ടിപ്പിടിച്ചിരിക്കുന്നതായി കണ്ടത്. ശരീരമാസകലം ടാറിൽ മുങ്ങിയതോടെ അസ്വസ്ഥയും, ക്ഷീണിതയുമായാണ് എരുമ നിന്നിരുന്നത്.
ടാർ ഉരുകി ശരീരത്തിൽ പിടിച്ചതിനാൽ പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ എരുമയ്ക്കു സാധിച്ചിരുന്നില്ല. എരുമയെ കെട്ടിയിരുന്ന സ്ഥലം മുഴുവനും ടാർ നിറഞ്ഞിരിക്കുകയാണ്.
തുടർന്നു, ഇദ്ദേഹം വിവരം മൃഗഡോക്ടറെ അറിയിച്ചു. ഇദ്ദേഹം സ്ഥലത്ത് എത്തിയ ശേഷം മണ്ണെണ്ണയും, സോപ്പ് വെള്ളവും ഉപയോഗിച്ച് എരുമയുടെ ശരീരത്തിൽ നിന്നും ടാർ നീക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ടാർ നീക്കം ചെയ്യാൻ ആരംഭിച്ചിരുന്നു. എന്നാൽ, വൈകിട്ട് നാലരയോടെയാണ് ടാറിന്റെ ഒരു ഭാഗമെങ്കിലും ശരീരത്തിൽ നിന്നും മാറ്റാനായത്. ശരീരത്തിലെ തൊലിയിളകിപോകാതെ വളരെ സൂക്ഷിച്ചാണ് ഇവർ ടാർ നീക്കം ചെയ്തത്. എരുമയെ ഉപദ്രവിച്ച് ആളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഷിബു കുമരകം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കുമരകം പൊലീസ് കേസെടുത്തു.
കർഷകനായ ഷിബുവിനു രണ്ടു പശുക്കളും ഒരു എരുമയുമാണ് ഉള്ളത്. വീട്ടിൽ കനത്ത മഴയിൽ വെള്ളം കയറിയതിനാലാണ് റോഡരികിലെ പാടശേഖരത്തിൽ ഇവയെ കെട്ടിയിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് ഷിബുവിന്റെ മറ്റൊരു എരുമ പാമ്പ് കടിയേറ്റു ചത്തിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ കുമരകത്ത് പശുവിനെ ഇടിച്ച് സ്‌കൂട്ടർ മറിഞ്ഞിരുന്നു. ഇതിന്റെ പ്രതികാരമായാവാം എരുമയുടെ ശരീരത്തിൽ ടാറൊഴിച്ചതെന്നാണ് സംശയിക്കുന്നത്. റോഡരികിൽ എരുമയും പശുവും നിൽക്കുന്നത്. ഇത്തരത്തിൽ മൃഗങ്ങൾ റോഡിലേയ്ക്കു കയറുന്നത് അപകടകാരണമായതായും പരാതിയുണ്ട്.
https://www.facebook.com/Malayalivartha