11-ാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് ഡിസംബറില്‍ തന്നെ, കമ്മിഷന്റെ കാലാവധി ഡിസംബര്‍ 31-ന് പൂര്‍ത്തിയാകും

11-ാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് ഡിസംബറിനുള്ളില്‍ തന്നെ സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍ എന്നിവരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കാന്‍ നിയോഗിച്ച കമ്മിഷന്റെ കാലാവധി ഡിസംബര്‍ 31-നാണ് പൂര്‍ത്തിയാകുക. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇനി സര്‍ക്കാരിനെ സമീപിക്കേണ്ടെന്നാണു കമ്മിഷന്റെ തീരുമാനം. പലതവണ കാലാവധി നീട്ടി മുന്‍പ് 2 വര്‍ഷം വരെ ശമ്പള കമ്മിഷനുകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത് അടക്കമുള്ള നടപടി കമ്മിഷന്‍ വെട്ടിച്ചുരുക്കി.
കേന്ദ്ര ഷിപ്പിങ് മന്ത്രാലയ മുന്‍ സെക്രട്ടറി കെ. മോഹന്‍ദാസ് അധ്യക്ഷനും എം.കെ. സുകുമാരന്‍ നായര്‍, അശോക് മാമ്മന്‍ ചെറിയാന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ കഴിഞ്ഞ നവംബറിലാണു നിലവില്‍ വന്നത്. ഡിസംബറില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പരിശോധനയ്ക്കായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കും. മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതിനു മുന്‍പ് ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ച് ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കാനാകും. പതിവു പോലെ ശമ്പളവും പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിന്റെ അധികച്ചെലവ് അടുത്ത സര്‍ക്കാര്‍ വഹിക്കേണ്ടി വരും.
കോവിഡ് കാരണമുള്ള ട്രിപ്പിള്‍ ലോക്ഡൗണ്‍ വന്നതോടെ വകുപ്പു സെക്രട്ടറിമാരുമായുള്ള കൂടിക്കാഴ്ച പകുതിയ്ക്ക് വച്ചുനിന്നു. ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ സര്‍വീസ് സംഘടനകളുമായി ഗൂഗിള്‍ മീറ്റ് വഴി ചര്‍ച്ച തുടങ്ങി. 22-ന് ഇതു പൂര്‍ത്തിയാകും. തുടര്‍ന്ന് വകുപ്പു മേധാവികളുമായുള്ള ചര്‍ച്ച പുനരാരംഭിക്കും. ചര്‍ച്ചയ്ക്കു സമാന്തരമായി റിപ്പോര്‍ട്ട് തയാറാക്കലും പുരോഗമിക്കുന്നു.
ഈ മാസം വിതരണം ചെയ്ത ശമ്പളത്തോടെ ഒരു മാസത്തെ ശമ്പളം ഈടാക്കല്‍ പൂര്‍ത്തിയായി. ഇത്തരത്തില്‍ മാറ്റിവച്ച ശമ്പളം തിരിച്ചു നല്‍കുമെന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഒരുമിച്ചു നല്‍കാന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയല്ല ഇപ്പോള്‍. ലോക്ഡൗണ്‍ പ്രതിസന്ധി കാരണം ജീവനക്കാരില്‍ നിന്ന് ഈടാക്കിയ ഒരു മാസത്തെ ശമ്പളം പിഎഫില്‍ ലയിപ്പിച്ചേക്കും. തുക തവണകളായി തിരിച്ചു കൊടുക്കാനും ആലോചനയുണ്ട്.
മാസാദ്യം ശമ്പളവും പെന്‍ഷനും നല്‍കുന്നതിനായി 4000 കോടി ചെലവിടുന്നതിനു പുറമേ, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പ്രതിമാസം നല്‍കാന്‍ തീരുമാനിച്ചതോടെ മാസാവസാനം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കാന്‍ 650 കോടിയും സര്‍ക്കാര്‍ ഇനി കണ്ടെത്തണം. ഇത് ഓരോ മാസത്തെയും ധനമാനേജ്‌മെന്റ് അതിസങ്കീര്‍ണമാക്കും. പതിവു പോലെ റിസര്‍വ് ബാങ്കു വഴി പൊതുവിപണിയില്‍ നിന്നുള്ള കടമെടുപ്പു തന്നെയാണ് ആശ്രയം.
ജിഎസ്ടി നഷ്ടപരിഹാരവും ഇപ്പോള്‍ ലഭിക്കുന്നില്ല. നഷ്ടപരിഹാരത്തുകയ്ക്കു പകരമായി സംസ്ഥാനം തന്നെ കടമെടുക്കണമെന്ന കേന്ദ്ര നിര്‍ദേശം വൈകാതെ അംഗീകരിക്കേണ്ടിയും വരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3 ഗഡു ക്ഷാമബത്തയും നല്‍കാനുണ്ട്. ലീവ് സറണ്ടര്‍ വിലക്കിന്റെ കാലാവധി ഈ മാസം അവസാനിക്കുകയാണ്. ഇതു നീട്ടുമോ എന്ന ആശങ്കയും ജീവനക്കാര്‍ക്കുണ്ട്.
https://www.facebook.com/Malayalivartha