വീണ്ടും ചര്‍ച്ചയില്‍... കമ്യൂണിസത്തിന് വേണ്ടി എഴുതിയും പറഞ്ഞും ജീവിക്കുന്നവര്‍ അകത്തായപ്പോള്‍ ഉണ്ടായ അമര്‍ഷത്തിന് അയവ് വരുന്നു; ഭരണകൂടം അലനേയും താഹയേയും മാവോയിസ്റ്റുകളാണെന്ന് മുദ്രകുത്തി തടവിലാക്കിയപ്പോഴുയരുന്ന ചോദ്യങ്ങള്‍ ഇനിയും ബാക്കി

അലനും താഹയും. കോഴിക്കോട്ടെ രണ്ട് കറകളഞ്ഞ മാര്‍ക്‌സിസ്റ്റുകാര്‍. കുടുംബത്തിലെല്ലാവരും കമ്യൂണിസ്റ്റുകാര്‍. കമ്യൂണിസത്തിന് വേണ്ടി എഴുതിയും പറഞ്ഞും ജീവിക്കുന്നവര്‍.
ഒരിക്കലും അവര്‍ പിണറായി വിജയനോട് പൊറുക്കില്ല.
കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിന് വേണ്ടി പിണറായി തകര്‍ത്തത് രണ്ടു കുട്ടികളുടെ ജീവിതമാണെന്നാണ് ആ അമ്മമാര്‍ പറഞ്ഞത്.
കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരിക്കെ ഇരുവരും അകത്തായി.
എങ്ങനെ അകത്തായി എന്നു ചോദിച്ചാല്‍ ചോദ്യം പിണറായിയിലേക്ക് നീളും.
ചെറുപ്പക്കാര്‍ കഷ്ടകാലത്തിന് പിണറായിക്ക് എതിരായിപ്പോയി. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇങ്ങനെയെന്നുമല്ല ഭരിക്കേണ്ടതെന്ന് അബദ്ധത്തില്‍ പറഞ്ഞു പോയി. സ്വാഭാവികമായും അവര്‍ നക്‌സലിസത്തെയും മാവോയിസത്തെയും കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചു തുടങ്ങി. ഇക്കാര്യം മാര്‍ക്‌സിസ്റ്റുകാര്‍ വഴി തന്നെ ഭരണകൂടം അറിഞ്ഞു.
ഭരണകൂടം അവരെ മാവോയിസ്റ്റുകളാണെന്ന് മുദ്രകുത്തി.
മുണ്ടുടുത്ത മോദിയും മുണ്ടുടുക്കാത്ത മോദിയും കരം കവര്‍ന്നു.
അലന്റെയും താഹയുടെയും വീട്ടില്‍ റെയ്ഡ് നടന്നു
ചില പുസ്തകങ്ങള്‍ കിട്ടി. സന്തോഷലബ്ധിക്ക് ഇനിയെന്തു വേണം. സി പി എം പോലീസുകള്‍ അലനെയും താഹയെയും കൊണ്ട് മാവോയിസം സിന്ദാബാദ് എന്നു വിളിപ്പിച്ചു.അത് ക്യാമറകള്‍ ചിത്രീകരിച്ചു.
സ്വപ്ന സുരേഷിനെ പിടിച്ച എന്‍ ഐ എ വന്നു. അലനെയും താഹയെയും അത്ര ആലോചിച്ചിട്ടും അവര്‍ക്ക് കേസില്‍പെടുത്താനായില്ല. അവര്‍ മാസങ്ങള്‍ക്ക് ശേഷം എഫ് ഐ ആര്‍ സമര്‍പ്പിച്ചു.അതില്‍ അലനും താഹയും മാവോയിസ്റ്റുകളാണെന്ന് തന്നെ മുദ്രയടിച്ചു.
എന്‍ ഐ എക്ക് അതേ ചെയ്യാന്‍ കഴിയൂ. കാരണം അവര്‍ കേസെടുത്തു പോയി.
പത്ത് മാസം ഇരുവരും ജയിലില്‍ കിടന്നു.
പത്ത് മാസത്തിന് ശേഷം പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലനും താഹയ്ക്കും ജാമ്യം ലഭിക്കുമ്പോള്‍ എങ്ങനെയാണ് ഒരു വ്യക്തിയെ ഭരണകൂടം മാവോയിസ്റ്റുകളാക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ലഭിക്കുന്നത്. അതും ഒരു മാര്‍ക്‌സിസ്റ്റ് ഭരണകൂടത്തിന്റെ പ്രവൃത്തി.
ജാമ്യം അനുവദിച്ചുകൊണ്ടുള്ള എന്‍.ഐ.എ കോടതിയുടെ 64 പേജുള്ള ഉത്തരവില്‍ പോലീസിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും ശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. പുസ്തകം വായിച്ചതുകൊണ്ട് മാത്രം ഒരാളെ മാവോയിസ്റ്റ് ആക്കാന്‍ ആവില്ലെന്ന് ഒരിക്കല്‍കൂടി കോടതി ചൂണ്ടിക്കാണിക്കുകയാണ്. 2015ലെ വയനാട് സ്വദേശിയായ ശ്യാം ബാലകൃഷ്ണന്റെ കേസ് ചൂണ്ടിക്കാട്ടിയായിരുന്നു അലന്‍ താഹ കേസിലും കോടതി ഇക്കാര്യം തന്നെയാണ് പറഞ്ഞത്.
കമ്യൂണിസ്റ്റ്, മാവോയിസ്റ്റ് ആശയങ്ങള്‍ വായിക്കുന്നതുകൊണ്ട് മാത്രം ഒരാള്‍ക്കെതിരേ കുറ്റം ചുമത്താനാവില്ല. മാവോയിസ്റ്റ് ആവുകയെന്നതും കുറ്റകരമല്ല. ഇതൊക്കെ നമ്മുടെ ഭരണഘടനയ്ക്ക് എതിരാവുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. ഏതെങ്കിലും അക്രമത്തില്‍ ഇവര്‍ പങ്കെടുത്തതായി തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ഇതോടെ രണ്ട് പേരും മാവോയിസ്റ്റുകളാണെന്നതിന് തെളിവ് ലഭിച്ചുവെന്ന മുഖ്യമന്ത്രിയുടെയും പോലീസിന്റെയും വാദം അസ്ഥാനത്തായി.എന്തിനും ഏതിനും പിണറായിയെ വിര്‍ശിക്കുന്ന രമേശ് ചെന്നിത്തലയും സുരേന്ദ്രനും ഇക്കാര്യം അറിഞ്ഞതേയില്ല.
പ്രോസിക്യൂഷന്‍ ഇവര്‍ക്കെതിരേ ആരോപിച്ച ഓരോ കാര്യങ്ങളേയും തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ട ആവശ്യവും കോടതി മുന്നോട്ടുവെക്കുന്നുണ്ട്. നിരവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍ വീട്ടില്‍ നിന്ന് പിടിച്ചെടുത്തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതെങ്കിലും വിദ്യാര്‍ഥികളായ ഇവര്‍ പഠനത്തിനായി ഉപയോഗിക്കുന്ന ഉപകരണമല്ലാതെ മറ്റൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് പേരും പൂര്‍ണമായും പഠനത്തില്‍ മുഴുകിയിരിക്കുന്ന വിദ്യാര്‍ഥികളാണെന്നും നിരോധിത സംഘടനകളല്ല ഇവരെ നിയന്ത്രിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
അലനും താഹയും നിരവധി ഗൂഡാലോചനാ മീറ്റിങ്ങുകളില്‍ പങ്കെടുത്തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞ മറ്റൊരു കാര്യം. ഇത് ചൂണ്ടിക്കാട്ടുന്ന കൃത്യമായ ഫോണ്‍ രേഖയോ മറ്റ് രേഖകളോ പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി വിലയിരുത്തി.
സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെതന്നെ പോലീസ് ഭാഷ്യം മാത്രം അടിസ്ഥാനമാക്കി, മാവോയിസ്റ്റ് മുദ്രകുത്തി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് സി.പി.എമ്മിന് നേരിടേണ്ടി വന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഇവരെ പിന്തുണച്ചിരുന്നെങ്കിലും അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ഉറപ്പിച്ചുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നതോടെ നിലപാട് മാറ്റാന്‍ ജില്ലാ കമ്മിറ്റി നിര്‍ബന്ധിതമായതും ചര്‍ച്ചയായിരുന്നു. എന്നാല്‍ മന്ത്രി തോമസ് ഐസക്കും എം എ ബേബിയും ഇവരുടെ വീട് സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പിണറായി തന്റെ നിലപാട് തെറ്റിപ്പോയെന്ന് ഒരിക്കലും പറയില്ല. അദ്ദേഹത്തിന് അങ്ങനെയൊരു രീതിയില്ല.
പക്ഷേ 2021 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ അലനും താഹയും നമ്മുടെ സഖാവിനെ പിന്തുടരും.അപ്പോഴാണ് മലബാറിലെ കളി കാണാന്‍ പോകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് മുഖ്യമന്ത്രി ഇവരെ അകത്തായതെന്നാണ് ആ കുടുംബം വിശ്വസിക്കുന്നത്. അതിലവരെ തെറ്റുപറയാനാവുമോ? നെഞ്ചില്‍ കൈവച്ച്.
"
https://www.facebook.com/Malayalivartha