ആരോഗ്യ പ്രവര്‍ത്തകരൊന്നും കൂടെയില്ലാതെ കോവിഡ് സ്ഥിരീകരിച്ച അമ്മയും മകളും രാത്രി ആംബുലന്‍സില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തേടി അലഞ്ഞു!

നാദാപുരത്ത് നിന്നും മണിയൂരിലേക്ക്... മണിയൂരില്‍ നിന്ന് കൊയിലാണ്ടിയിലേക്ക്...കോവിഡ് സ്ഥിരീകരിച്ച ഒരു അമ്മയ്ക്കും മകള്‍ക്കും ആരോഗ്യ പ്രവര്‍ത്തകരൊന്നും കൂടെയില്ലാതെ രാത്രിയില്‍ ചുറ്റിനടക്കേണ്ടി വന്നു.
നാദാപുരത്ത് നിന്നും അവരെ മണിയൂരിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് അയച്ചെങ്കിലും രാത്രി അവിടെ പ്രവേശനം ലഭിച്ചില്ല. 108 ആംബുലന്‍സിലാണ് നാദാപുരത്തുനിന്ന് ഇവരെ മണിയൂരില്‍ എത്തിച്ചത്. വീട്ടില്‍നിന്ന് ഇറങ്ങിയ ശേഷം രാത്രി 8 വരെ മണിയൂരില്‍ പ്രവേശനം ലഭിക്കുമോ എന്ന അനിശ്ചിതത്വത്തിലായിരുന്നുവെന്ന് സന്നദ്ധ പ്രവര്‍ത്തകയായ യുവതി പറഞ്ഞു.
അവിടെ നിന്നും അവരെ കൊയിലാണ്ടിയിലേക്ക് അയച്ചു. മണിയൂരില്‍ നിന്ന് മറ്റൊരു സ്വകാര്യ ആംബുലന്‍സിലാണ് ആരോഗ്യ പ്രവര്‍ത്തകരൊന്നും കൂടെയില്ലാതെ കൊയിലാണ്ടിയില്‍ എത്തിച്ചത്. രാത്രി ഒന്‍പതരയോടെയാണ് കൊയിലാണ്ടിയില്‍ ഇടം ലഭിച്ചത്.
മണിയൂരില്‍ ഒരു കിടക്ക കാലിയുണ്ടെന്നും ഒരാളെ പ്രവേശിപ്പിക്കാമെന്നും അധികൃതര്‍ പറഞ്ഞെങ്കിലും അമ്മയും മകളും രണ്ടിടങ്ങളിലായി കഴിയുന്നതിനേക്കാള്‍ നല്ലത് ഒരു കേന്ദ്രത്തില്‍ കഴിയുന്നതാണ് എന്നറിയിച്ചതോടെയാണ് കൊയിലാണ്ടിയിലേക്ക് അയച്ചത്.
ആഴ്ചകള്‍ക്ക് മുന്‍പ് 3 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പഞ്ചായത്ത് ചെലവില്‍ നാദാപുരത്ത് ഒരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പാണ് ഇവിടെ ആരോഗ്യ പ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും നിയോഗിക്കേണ്ടത്. മൂന്നിടങ്ങളിലും രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ഇതിനിടയിലാണ് രാത്രിയില്‍ സ്ത്രീകളെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് അയയ്‌ക്കേണ്ടി വന്നത്.
https://www.facebook.com/Malayalivartha