എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദീന്‍ വധം: ഗൂഢാലോചന നടത്തിയത് പുഴക്കരയിലെന്ന് പ്രതികള്‍ സമ്മതിച്ചു

ചുണ്ടയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് സലാഹുദീനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന മുഴുവന്‍ പേരെയും പൊലീസ് തിരിച്ചറിഞ്ഞു. കണ്ണവത്തും പരിസരത്തുമുള്ളവരാണ് എല്ലാവരും. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അറസ്റ്റിലായ അമല്‍രാജ്, എം.ആഷിക് ലാല്‍, പി.കെ.പ്രിബിന്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണു സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു വിവരം ലഭിച്ചത്. പുഴക്കരയില്‍ വച്ച് മദ്യപാനം നടന്നതിനുള്ള തെളിവുകള്‍ ആദ്യദിവസം തന്നെ പൊലീസിനു ലഭിച്ചിരുന്നു. ഇവിടെയിരുന്നു മദ്യപിച്ചതായും കൊലപാതകം ആസൂത്രണം ചെയ്തതായും അറസ്റ്റിലായ പ്രതികള്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി.
എങ്കിലും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തതായി മൂന്നുപേരും സമ്മതിക്കുന്നില്ല. കൃത്യം നടത്താന്‍ പദ്ധതിയിട്ട വഴിയില്‍ മറ്റാരുമില്ലെന്ന് ഉറപ്പാക്കാനുള്ള ദൗത്യമായിരുന്നു തങ്ങളുടേതെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്. അപകടമുണ്ടാക്കിയ ബൈക്കിലാണു കൊലപാതകത്തിനുശേഷം തങ്ങള്‍ മൂവരും സ്ഥലംവിട്ടതെന്നും ഇവര്‍ വെളിപ്പെടുത്തി.
ബൈക്ക് പൊലീസ് കണ്ടെടുത്തിട്ടില്ല. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായി തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ പാനൂര്‍ മേഖലയില്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരച്ചില്‍ നടത്തി.
മട്ടന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ എം.അമല്‍ രാജ്, എം.ആഷിക് ലാല്‍, പി.കെ.പ്രിബിന്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്നു അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിച്ചശേഷം സംഭവസ്ഥലത്തു തെളിവെടുപ്പു നടത്തും. ഇവര്‍ രക്ഷപ്പെടാനുപയോഗിച്ച ബൈക്കും കണ്ടെത്തേണ്ടതുണ്ട്. നിലവില്‍ പ്രതികള്‍ കണ്ണൂരിലെ ക്വാറന്റീന്‍ കേന്ദ്രത്തിലാണ്.
https://www.facebook.com/Malayalivartha