ആധുനിക ഹബ് ആക്കിയ തൃശ്ശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡ് തുറക്കുന്നത് സംഘടനാ നേതാക്കളുമായി കോര്‍പറേഷന്‍-പൊലീസ് അധികാരികളുടെ കൂടിയാലോചനയ്ക്ക് ശേഷം മാത്രം

തൊഴിലാളികളുടെയും ഓട്ടോറിക്ഷാ തൊഴിലാളികളുടെയും സംഘടനാ നേതാക്കളുമായി കോര്‍പറേഷന്‍, പൊലീസ് അധികാരികള്‍ കൂടിയാലോചന നടത്തിയ ശേഷമേ ആധുനിക ഹബ് ആക്കിയ വടക്കേ ബസ് സ്റ്റാന്‍ഡ് തുറക്കൂ. ബസ് സ്റ്റാന്‍ഡ് തുറക്കുന്നതും ആധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതും ചര്‍ച്ച ചെയ്യാന്‍ ഉടന്‍ യോഗം വിളിക്കുമെന്നും മേയര്‍ അജിത ജയരാജന്‍ പറഞ്ഞു.
ബസ് സ്റ്റാന്‍ഡിലെ ഹോട്ടല്‍, ടീ-ഷോപ്, മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയവ നടത്താനുള്ള അവകാശം ഇന്നലെ ലേലത്തില്‍ വിറ്റു. സ്റ്റാന്‍ഡിലെ സൗകര്യങ്ങളും സംവിധാനങ്ങളും സംബന്ധിച്ച അറിയിപ്പുകള്‍ എഴുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. പുതിയ സ്റ്റാന്‍ഡ് തുറക്കുന്നതോടെ വടക്കേ സ്റ്റാന്‍ഡിനും അക്വാറ്റിക് കോംപ്ലക്‌സിനും അടുത്തു പ്രവര്‍ത്തിച്ചിരുന്ന താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് അടച്ചിടും.
കഴിഞ്ഞ ദിവസം മേല്‍പാലം അടച്ചിട്ട് ടാറിങ്ങിന് തീരുമാനിച്ചിരുന്നെങ്കിലും മഴയെ തുടര്‍ന്ന് നടപ്പാക്കാനായില്ല. ടാറിങ് കഴിയാത്തതിനാല്‍ ഇന്നലെ വാഹനങ്ങള്‍ കയറ്റി വിട്ടില്ല. ഉദ്ഘാടനം 9-ന് നടത്തണമെന്ന് നേരത്തെ തീരുമാനിച്ചതിനാല്‍ അതിനു ശേഷം ടാറിങ് നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ഇന്നലെയും മഴ വില്ലനായി. പാലത്തിലെ നനവു മാറിയാല്‍ മാത്രമേ ടാറിങ് ആരംഭിക്കാനാകു.
ടാറിങ് പൂര്‍ത്തിയായാല്‍ പൊലീസ് ആണ് ഗതാഗത ക്രമീകരണം സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത്. പാലത്തിലൂടെ യാത്ര ചെയ്യാന്‍ ഇനിയും ഒരാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ഇന്നലെ അവധി ദിവയമായതിനാല്‍ മേല്‍പാലത്തിനു സമീപം കാര്യമായ ഗതാഗതക്കുരുക്ക് ഉണ്ടായില്ല.
https://www.facebook.com/Malayalivartha